Connect with us

Covid19

പ്രവാസികള്‍ക്ക് തണലായി ഐ.സി.എഫും മര്‍കസും ഗള്‍ഫ് ലോകത്ത് സജീവം

Published

|

Last Updated

കോഴിക്കോട്/ദുബെെ | കൊവിഡ് പ്രതിസന്ധിയില്‍ ഗള്‍ഫ് പ്രവാസികള്‍ക്ക് ആശ്വാസവുമായി ഐ.സി.എഫും (ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍), ആര്‍.എസ്.സിയും മര്‍കസും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്‍ദേശ പ്രകാരം ഐ.സി.എഫിനും ആര്‍.എസ്.സിക്കും കീഴില്‍ അയ്യായിരം സന്നദ്ധ സേവകരാണ് പ്രവാസികള്‍ക്ക് ഭക്ഷണം എത്തിക്കല്‍, മരുന്ന് എത്തിക്കല്‍, രോഗബാധയുള്ളവരെ ആശുപത്രികളില്‍ എത്തിക്കല്‍, രോഗബാധക്ക് സാധ്യതയുള്ളവരെ ഐസൊലേഷനില്‍ ആക്കല്‍, തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സേവനനിരതരായിരിക്കുന്നത്. ദുബൈയില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ പതിനായിരം ഭക്ഷണകിറ്റുകള്‍ ഐ.സി.എഫ് സന്നദ്ധസേവകര്‍ വിതരണം നല്‍കി.

അബുദാബി റീം ഐലന്‍ഡില്‍ സ്ട്രക്കോണ്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഇന്ത്യക്കാര്‍ ഉള്‍പെടെ വിവിധ രാജ്യക്കാരായ 350 തൊഴിലാളികള്‍ക്ക് മര്‍കസ് ഹെല്‍പ് ഡെസ്‌ക് സഹായം എത്തിച്ചു. ഈ കമ്പനിയിലെ മൂന്നു മലയാളികള്‍ അടക്കം 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ മറ്റു തൊഴിലാളികള്‍ മര്‍കസ് ഹെല്‍പ് ഡെസകുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് മര്‍കസ് ഹെല്‍പ്‌ഡെസ്‌കില്‍ നിന്ന് ഇന്ത്യന്‍ എംബസിയെയും വിദേശകാര്യ മന്ത്രാലയത്തെയും ബന്ധപ്പെടുകയും തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വിദേശകാര്യമന്ത്രാലയം എംബസിയെ ചുമതല പെടുത്തുകയുമായിരുന്നുവെന്ന് ഹെല്‍പ് ഡെസ്‌ക് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ മുനീര്‍ പാണ്ട്യാല പറഞ്ഞു.

ആറ് ജി.സി.സി രാഷ്ട്രങ്ങള്‍ കേന്ദ്രീകരിച്ചും ദേശീയ കമ്മറ്റി, അതിനു കീഴില്‍ റീജ്യണല്‍ കമ്മറ്റികള്‍, അവര്‍ക്ക് കീഴില്‍ യൂണിറ്റ് കമ്മറ്റികള്‍ എന്ന രീതിയിലുമാണ് ഗള്‍ഫിലെ പ്രവര്‍ത്തനം. കേരളത്തില്‍ മുസ്‌ലിം ജമാഅത്തിന്റെയും എസ്.വൈ.എസ് സാന്ത്വനം കമ്മറ്റികളുടെയും കീഴില്‍ പ്രവാസി കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതിയും സജീവമായി നടന്നുവരുന്നു.

ഗള്‍ഫിലെ വിശദമായ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോണ്‍ഫറസ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അസീസ് സഖാഫി ദുബായ്, നിസാര്‍ സഖാഫി ഒമാന്‍, മജീദ് കക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.