Connect with us

Covid19

പ്രവാസികൾ ആത്മവിശ്വാസം കൈവിടരുത്: കേരള മുസ്‌ലിം ജമാഅത്ത്

Published

|

Last Updated

കോഴിക്കോട് | കൊവിഡ് 19 വ്യാപനത്തിനിടയിൽ പ്രവാസികളുമായി ബന്ധപ്പെട്ട് പലതരം ആശങ്കകൾ പ്രചരിക്കുന്നുണ്ടെങ്കിലും പ്രവാസികൾ ആത്മ വിശ്വാസം കൈവിടാതെ അതത് നാടുകളിലെ നിയന്ത്രണങ്ങൾ പാലിച്ചും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ചും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്- ഐ സി എഫ് യോഗം ആഹ്വാനം ചെയ്തു. വിവിധ ഗൾഫ് നാടുകളിൽ പ്രസ്ഥാനത്തിന് കീഴിൽ നടക്കുന്ന സേവന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിൽ കേരള മുസ്‌ലിം ജമാഅത്ത് പ്രസി. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.

നാട്ടിലെ കുടുംബങ്ങളെ ഓർത്ത് ആരും ആശങ്കപ്പെടരുത്. ഇവിടെ സർക്കാറുകളും ആരോഗ്യ വകുപ്പും സന്നദ്ധ സംഘങ്ങളും നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. പ്രവാസി കുടുംബങ്ങൾക്കുൾപ്പെടെ മരുന്നുകളും ഭക്ഷ്യവസ്തുക്കളും വൈദ്യസഹായവും മറ്റും ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാൻ പ്രസ്ഥാനത്തിന് കീഴിൽ എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ 20 ദിവസത്തിലേറെയായി പ്രവർത്തിച്ചു വരുന്നുണ്ട്. വിവിധ ഗൾഫ് നാടുകളിലെ ഐ സി എഫ് ഹെൽപ് ലൈനുമായി കേരളത്തിലെയും പരിസര പ്രദേശങ്ങളിലെയും ഏത് പ്രവാസി സഹോദരങ്ങൾക്കും ബന്ധപ്പെടാമെന്നും യോഗം അഭ്യർഥിച്ചു.

ഈ മാസാദ്യം ചേർന്ന പ്രഥമ അവലോകന യോഗത്തിലെ നിർദേശ പ്രകാരം ഗൾഫ് നാടുകളെ ബന്ധപ്പെടുത്തി പ്രത്യേക കൺട്രോൾ ബോർഡും പ്രവർത്തിക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ തുടക്കഘട്ടം മുതൽ പ്രവാസികൾക്കിടയിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ഗവ. വകുപ്പുകളും എംബസികളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ട് രോഗവ്യാപനം തടയാനും രോഗ ലക്ഷണമുള്ളവരെ ഐസൊലേഷൻ, ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കും ലേബർ ക്യാമ്പുകളിലും മാറ്റും. രോഗ ലക്ഷണമുള്ളവർക്കൊപ്പം കഴിയുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും ഐ സി എഫ് നടത്തുന്നുണ്ട്. കൂടാതെ, ആവശ്യക്കാരെ കണ്ടെത്തി ഭക്ഷണം, ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ എന്നിവ എത്തിച്ചു കൊടുക്കാനുള്ള വളണ്ടിയർ വിംഗുകളും എല്ലായിടത്തും പ്രവർത്തിക്കുന്നുണ്ടെന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ റിപ്പോർട്ട് ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, പ്രവാസി സെൽ ചെയർ.

പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, സി പി സൈതലവി, മജീദ് കക്കാട്, മുഹമ്മദ് പറവൂർ, ഡോ. അബ്ദുൽ ഹകീം അസ്ഹരി, സി പി ഉബൈദുല്ല സഖാഫി, ഐ സി എഫ്. ജി സി ഭാരവാഹികളായ സയ്യിദ് അബ്ദുർറഹ്‌മാൻ ആറ്റക്കോയ, അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം(യു എ ഇ), അബ്ദുൽ കരീം ഹാജി മേമുണ്ട(ഖത്വർ), നിസാർ സഖാഫി (ഒമാൻ), അലവി സഖാഫി തെഞ്ചീരി (കുവൈത്ത്), സയ്യിദ് ഹബീബ് കോയ, മുജീബ് എ ആർ നഗർ( സഊദി), എം സി അബ്ദുൽ കരീം(ബഹ്‌റൈൻ), വിവിധ നാഷനൽ കമ്മിറ്റി ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി സ്വാഗതവും എൻ അലി അബ്ദുല്ല നന്ദിയും പറഞ്ഞു.

പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം

കോഴിക്കോട് | വിദേശങ്ങളിലെ തൊഴിലിടങ്ങളിൽ കഴിയുന്നവരുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കേന്ദ്ര- കേരള സർക്കാറുകൾ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്- ഐ സി എഫ് യോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് സർക്കാറുകൾക്ക് പലതവണ മുസ്‌ലിം ജമാഅത്ത് നിവേദനം നൽകുകയും ആശയ വിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്.

മുഴുവൻ പ്രവാസികളും നാട്ടിലേക്ക് മടങ്ങാനൊരുങ്ങി നിൽക്കുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണ്.
അതേസമയം വിസിറ്റ് വിസയിലും മറ്റും വന്ന് കുടുങ്ങിക്കിടക്കുന്നവർ, പ്രായമായവർ, കുട്ടികൾ, കുടുംബങ്ങൾ, സാധാരണ രോഗികൾ തുടങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള വഴികൾ തുറക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ നടപടികൾ സ്വീകരിക്കണം.
ഗൾഫ് രാജ്യങ്ങളിൽ രോഗം കൂടുതൽ പടർന്നു പിടിക്കുന്ന പ്രദേശങ്ങളിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Latest