Connect with us

Kannur

തമാശക്കാണെങ്കിൽ പോലും അങ്ങിനൊന്നും പറയല്ലെ സാറേ...

Published

|

Last Updated

ഡോ.അഞ്ജു അരൂഷ്

കണ്ണൂർ | തമാശക്കാണെങ്കിൽ പോലും അങ്ങിനൊന്നും പറയല്ലെ സാറെ.. സുരാജ് വെഞ്ഞാറമൂട് ഒരു ചിത്രത്തിൽ ദയനീയമായി പറയുന്ന ഈ വാചകത്തോടെയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഇ എൻ ടി ഡോക്ടർ അഞ്ജു അരൂഷ്, ഈ മാസം മൂന്നിലെ തന്റെ പതിവ് അനുഭവക്കുറിപ്പ് അവസാനിപ്പിക്കുന്നത്. ഡോക്ടറും ഈ ഡയലോഗും തമ്മിൽ എന്താണ് ബന്ധമെന്നല്ലേ? കൊവിഡ് ഡ്യൂട്ടിക്കിടയിൽ തനിക്കുണ്ടായ ഒരു അനുഭവം ഡോക്ടർ തന്റെ നോട്ടിലേക്ക് പകർത്തിയത് ഇങ്ങനെ.. പി പി ഇ കിറ്റും ധരിച്ച് ഡ്യൂട്ടിക്കെത്തിയ ഡോക്ടറോട് തമാശ രൂപത്തിൽ ഒരാൾ ചോദിച്ചു; നിങ്ങൾ ഡോക്ടർമാർക്കും നഴ്‌സുമാർക്കുമൊക്കെ എന്താ… കണ്ണടയും മാസ്‌കും വെള്ളക്കുപ്പായവുമൊക്കെ ധരിച്ച് ഫുൾ സുരക്ഷയിലല്ലേ രോഗികൾക്കടുത്തേക്ക് വരുന്നെ..? ഇതു കേട്ടപ്പോഴാണ് സുരാജിന്റെ ഡയലോഗ് ഡോക്ടറുടെ മനസ്സിലേക്ക് ഓടിയെത്തിയത്.

കാരണം ഈ അഭിപ്രായപ്രകടനം അത്രമേൽ ആഴത്തിൽ ഡോക്ടറെ വേദനിപ്പിച്ചിരുന്നു. പുറമെ നിന്ന് കാണുന്ന വെള്ള സുരക്ഷാ വസ്ത്രത്തിനുള്ളിൽ ഇവർ നേരിടുന്ന ബുദ്ധിമുട്ടുകൾ അത്രമേൽ കഠിനമാണ്. അര മണിക്കൂറോളം സമയമെടുത്താണ് പി പി ഇ (പേഴ്‌സനൽ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റ്) കിറ്റിനുള്ളിലേക്ക് ഒാരോ ആരോഗ്യ പ്രവർത്തകരും ഇറങ്ങുന്നത്. ഈ ഉടുപ്പിന് അകത്ത് ഇറങ്ങി കുറച്ചു കഴിയുമ്പോൾ അടച്ച മുറിക്കുള്ളിൽ കുടുങ്ങിയതു പോലെ തോന്നും. പിന്നെ ചെറുതായി ചൂട് അറിയാൻ തുടങ്ങും. വിയർക്കും. ധരിച്ച ഡ്രസ്സ് ദേഹത്ത് ഒട്ടിപ്പിടിക്കാൻ തുടങ്ങും. വിയർപ്പ് കണങ്ങൾ മുഖത്തും നെറ്റിയിലും ഉരുണ്ടുകൂടി കണ്ണിന് മുകളിലൂടെ ഒഴുകും. മാസ്‌ക് വെച്ചിരിക്കുന്ന മൂക്കിനും വായക്ക് ചുറ്റിലും വിയർക്കും.

ശ്വാസം കിട്ടാത്ത പോലെ തോന്നും. വിയർപ്പ് കാലിലൂടെ ഒലിച്ചിറങ്ങുമ്പോൾ ചൊറിയാൻ തുടങ്ങും. ഇതൊക്കെ പറിച്ചുകളയാൻ തോന്നും. തൊണ്ട വരളും. പക്ഷേ, ഇത് അഴിക്കുന്നതു വരെ ഒരു തുള്ളി വെള്ളം പോലും കുടിക്കാനാകില്ല. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കണമെങ്കിൽ പോലും കിറ്റിൽ നിന്ന് പുറത്തുകടക്കണം. ഇങ്ങനെ നാലോ അഞ്ചോ മണിക്കൂർ നേരം വീർപ്പുമുട്ടിയാണ് ഈ ചൂടൻ സുരക്ഷാ വസ്ത്രത്തിൽ കഴിച്ചുകൂട്ടുന്നതെന്നും ഡോക്ടർ കുറിക്കുന്നു… ഇത് അഞ്ജു ഡോക്ടറുടെ മാത്രം കഥയല്ല. കൊവിഡുമായുള്ള പോരാട്ടത്തിൽ നേർക്കുനേർ ഏർപ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരും അനുഭവിക്കുന്ന കാര്യങ്ങളാണിത്. തങ്ങൾക്ക് മുന്നിലെത്തുന്ന ഒാരോ ജീവനും രക്ഷിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലപ്പുറം ബുദ്ധിമുട്ടുകളെ അവർ തരണം ചെയ്യുന്നത്.

Latest