Connect with us

Editorial

കേന്ദ്ര സമീപനം മാറുന്നത് സ്വാഗതാര്‍ഹം

Published

|

Last Updated

ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് അവരുടെ തിരിച്ചു വരവ് സംബന്ധിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന ആലോചനകൾ. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതു വരെ ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കേണ്ടതില്ലെന്ന തീരുമാനം തിരുത്തുന്നതും ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യമുള്ള പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതും പരിഗണിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തിരിച്ചെത്തുന്നവരെ താമസിപ്പിക്കാനും പരിശോധന, ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇന്നലെ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നു കൊണ്ടിരിക്കുകയും തങ്ങളെ നാട്ടിലെത്തിക്കാന്‍ സംവിധാനമേര്‍പ്പെടുത്തണമെന്ന് ഗള്‍ഫ് പ്രവാസി സംഘടനകളും അവരുടെ ബന്ധുക്കളും വിവിധ ഇന്ത്യന്‍ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.

ഇന്ത്യയൊഴിച്ചുള്ള രാജ്യങ്ങള്‍ ഇതിനകം തന്നെ തങ്ങളുടെ പൗരന്‍മാരെ തിരിച്ചു കൊണ്ടുപോകാനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. ഫ്‌ളൈ ദുബൈ, എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ(ഷാര്‍ജ) തുടങ്ങിയ ഗള്‍ഫ് നാടുകളിലെ വിമാനക്കമ്പനികള്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ സന്നദ്ധമാണെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഫ്‌ളൈ ദുബൈ ഏപ്രില്‍ 15 മുതല്‍ കോഴിക്കോട്, നെടുമ്പാശ്ശേരി ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. കേന്ദ്ര സര്‍ക്കാറിന്റെ വിലക്ക് മാത്രമായിരുന്നു തടസ്സം.
സഊദിയിലും ഗള്‍ഫ് നാടുകളിലും കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. ആറ് ഗള്‍ഫ് നാടുകളിലെ രോഗബാധിതരുടെ എണ്ണം ഇന്നലെയോടെ 18,000 കടക്കുകയും 133 പേര്‍ മരണപ്പെടുകയും ചെയ്തു. സഊദിയില്‍ 5,000ത്തിനു മീതെ എത്തിയിട്ടുണ്ട് രോഗബാധിതര്‍. മരണസംഖ്യ 80ഉം. രോഗവ്യാപനവും ഗള്‍ഫ് നാടുകള്‍ നടപ്പാക്കിയ ലോക്ക്ഡൗണും കാരണം പ്രവാസികള്‍ കടുത്ത പ്രയാസത്തിലും ദുരിതത്തിലുമാണ്. രോഗബാധിതര്‍ മാത്രമല്ല, അല്ലാത്തവരും അനുഭവിക്കേണ്ടി വരുന്നുണ്ട് ഈ മഹാമാരിയുടെ ദുരിതങ്ങള്‍. രോഗമില്ലാത്തവര്‍ ശാരീരിക പ്രശ്‌നങ്ങള്‍ക്കു വിധേയമാകുന്നില്ലെങ്കിലും കടുത്ത മാനസികാഘാതങ്ങള്‍ക്കു വിധേയരാകുന്നു. കൊവിഡ് 19 പകരുമോ എന്ന ഭീതി, നാട്ടിലെ പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും രോഗം ബാധിച്ചതിലുള്ള മാനസികവ്യഥ, മരണങ്ങള്‍ സൃഷ്ടിക്കുന്ന വിരഹചിന്ത, ലോക്ക്ഡൗണ്‍ മൂലമുണ്ടാകുന്ന സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍, പുറത്ത് പോകാന്‍ കഴിയാതെ വീട്ടിനുള്ളിലും റൂമിലും ചടഞ്ഞു കൂടേണ്ടി വരുന്നതിന്റെ പ്രയാസങ്ങള്‍, ഒറ്റപ്പെടല്‍ സൃഷ്ടിക്കുന്ന വിരസത തുടങ്ങി കൊറോണ പ്രവാസി സമൂഹത്തില്‍ സൃഷ്ടിക്കുന്ന മാനസികാഘാതങ്ങള്‍ നിരവധിയാണ്.

നാട്ടിലുള്ളവര്‍ക്ക് ഈ ഘട്ടത്തില്‍ ഭാര്യാ സന്താനങ്ങളും അയല്‍വാസികളും ബന്ധുക്കളും സമീപമുണ്ടല്ലോ എന്ന സമാധാനമുണ്ട്. വീട്ടുകാരുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടു മാനസിക സംഘര്‍ഷം കുറക്കാം. മാത്രമല്ല, ലോക്ക്ഡൗണിനെ തുടര്‍ന്ന് സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലിന്റെ മാനസികാഘാതം അകറ്റാന്‍ മനഃശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ സര്‍ക്കാര്‍ തന്നെ ഓണ്‍ലൈന്‍ കൗൺസലിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കി വരികയും ചെയ്യുന്നു. ഇതിനുള്ള സൗകര്യമൊന്നുമില്ലാതെ സ്വന്തത്തെക്കുറിച്ചുള്ള ആശങ്കയോടൊപ്പം നാട്ടിലുള്ളവരെക്കുറിച്ചുള്ള വേവലാതിയും വേട്ടയാടിക്കൊണ്ടിരിക്കുകയാണ് പ്രവാസികളെ. ലേബര്‍ ക്യാമ്പുകളിലും ബാച്ചിലേഴ്‌സ് മുറികളിലും തിങ്ങിക്കഴിയുന്ന തൊഴിലാളികള്‍ക്കിടയില്‍ ഉള്‍പ്പെടെ കൊവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത് അവരെ കൂടുതല്‍ ഭീതിയിലാക്കുകയും ചെയ്യുന്നു.

ഇത്തരമൊരു സാഹചര്യം അകാരണമായ പേടി, അമിതമായ നിരാശ, അടങ്ങിയിരിക്കാന്‍ കഴിയാതിരിക്കുക, ഉറക്കമില്ലായ്മ തുടങ്ങിയ മാനസിക രോഗത്തിലേക്ക് നയിച്ചേക്കാമെന്നാണ് മനഃശാസ്ത്ര വിദഗ്ധരുടെ മുന്നറിയിപ്പ്. ജോലിയുമായി ബന്ധപ്പെട്ട പ്രയാസങ്ങളും കുടുംബത്തെക്കുറിച്ചുള്ള ആധിയും കാരണം പ്രവാസികളില്‍ നല്ലൊരു വിഭാഗം നേരത്തേ തന്നെ വിഷാദ രോഗത്തിനടിമകളാണ്. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട പ്രവാസികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ഗള്‍ഫ് ഭരണകൂടങ്ങള്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതൊന്നും അവര്‍ അനുഭവിക്കുന്ന മനോവ്യഥകള്‍ കുറക്കാന്‍ പര്യാപ്തമല്ല. എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്നതാണ് മിക്കവരുടെയും ആഗ്രഹം. കേന്ദ്രം നയം തിരുത്തിയ സാഹചര്യത്തില്‍ വിമാന സര്‍വീസ് എത്രയും വേഗം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണവര്‍.

കൊറോണ പ്രതിസന്ധിയില്‍ നിന്ന് ലോകം മുക്തമായാലും ഗള്‍ഫ് നാടുകളിലെ ജോലിയുടെ കാര്യം ആശങ്കയിലാണ്. യു എ ഇയിലും ഒമാനിലും സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെ എണ്ണം കുറക്കാനും നിലനിര്‍ത്തുന്ന കമ്പനികളിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. രോഗബാധ സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തില്‍ കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാനാണ് ഈ അനുമതിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ബുര്‍ജ് ഖലീഫ ഉടമകളും ദുബൈയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഇമ്മാറും ഇതിനകം 20 മുതല്‍ 50 ശതമാനം വരെ ശമ്പളം കുറവ് വരുത്തിക്കഴിഞ്ഞു. മറ്റു ചില കമ്പനികള്‍ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാന്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ബൂഫിയ, ബഖാല, ചെറുകിട സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്നവര്‍ നിത്യ വരുമാനത്തിനു മാര്‍ഗമില്ലാതെ പ്രയാസപ്പെടുകയാണ്. ഹോട്ടലുകളും മിക്കതും അടഞ്ഞു കിടക്കുന്നു. മലയാളികളാണ് ഇവയിലെ ജീവനക്കാരില്‍ ഗണ്യവിഭാഗവും. കൊറോണ ഗള്‍ഫ് മേഖലയില്‍ മാത്രം 17 ലക്ഷത്തോളം പേരുടെ തൊഴില്‍ നഷ്ടമുണ്ടാക്കുമെന്നാണ് യു എന്‍ ഇക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്റ്റേണ്‍ ഏഷ്യയുടെ വിലയിരുത്തല്‍. അറബ് രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനം ഈ വര്‍ഷം 42 ബില്യന്‍ ഡോളര്‍ കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തേ തന്നെ സാമ്പത്തികമായി മുരടിപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് കൊറോണയുടെ വ്യാപനമുണ്ടാകുന്നത്.

Latest