Connect with us

Articles

ആഴമേറിയ മാന്ദ്യം വരും

Published

|

Last Updated

ലോകം ഒരു പോരാട്ട ഭൂമികയിലാണ്. പക്ഷേ, ആ പോരാട്ടം വൈറസിനെതിരെ മാത്രമാണെന്ന് കരുതുക വയ്യ. വൈറസിന്റെ വ്യാപനം ചെറുക്കാന്‍ ലോകത്തിന്റെ കൈയില്‍ മരുന്നോ വാക്സിനോ ഇല്ല. അങ്ങനെ ഒരു പ്രതിവിധിക്ക് ഇനിയും മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ എടുത്തേക്കും. ഈ ഒരു സാഹചര്യത്തില്‍ വൈറസിന്റെ വ്യാപനം ചെറുക്കാന്‍ കൈക്കൊള്ളേണ്ടി വന്ന ജാഗ്രതാ മാര്‍ഗങ്ങള്‍ ലോക സമ്പദ്ഘടനയുടെ മേല്‍ ഏല്‍പ്പിക്കുന്ന പ്രഹരം വളരെ ആഴമേറിയതാണ്. വ്യക്തമായ സാമ്പത്തിക നയങ്ങള്‍ ഇനി വളരെ നിര്‍ണായകമാണ്. അല്ലെങ്കില്‍ നാം വൈറസിനോടൊപ്പം പട്ടിണിയോടും ജനങ്ങളുടെ അസഹിഷ്ണുതയോടും പോരാടേണ്ടിവരും. ഒരേ സമയം കൊവിഡ് ബാധിച്ചുള്ള മരണങ്ങളെയും പട്ടിണി മരണങ്ങളെയും നേരിടേണ്ടിവരും. അതുകൊണ്ടാണ് ഒരു വശത്ത് ജനങ്ങള്‍ രോഗം മൂലം മരിച്ചുകൊണ്ടിരിക്കുമ്പോഴും നാം സമ്പദ്ഘടനയെക്കുറിച്ച് ആകുലപ്പെടേണ്ടി വരുന്നത്.
ഇവിടെ തീവ്രമായ വാദങ്ങള്‍ ഉന്നയിക്കുന്ന രണ്ട് തരം ആളുകളെ കാണാന്‍ സാധിക്കും. ആര്‍ക്ക് എന്ത് സംഭവിച്ചാലും വേണ്ടില്ല സമ്പദ്ഘടനക്കു കോട്ടം തട്ടുന്ന ഒന്നും ചെയ്യരുത് എന്ന് വാദിക്കുന്നവരാണ് ഒരു കൂട്ടര്‍. വളരെയധികം അബദ്ധപൂര്‍ണമായ ഒരു കാഴ്ചപ്പാടാണത്. സാധാരണ സാമ്പത്തിക ഇടപാടുകള്‍ മുടങ്ങിയാല്‍ അത് സമ്പദ്ഘടനയുടെ മേല്‍ ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതായിരിക്കും. ഇത് എല്ലാവരുടെയും ക്ഷേമത്തെയും സാരമായി ബാധിക്കും. അതിനാല്‍ രോഗത്തെ ഗൗനിക്കാതെ ഉത്പാദനവും മറ്റു സാമ്പത്തിക ക്രയവിക്രയങ്ങളും സാധാരണ രീതിയില്‍ നടക്കണം എന്നതാണ് ഈ കൂട്ടരുടെ വാദം. എന്നാല്‍ രോഗം കൂടുതല്‍ പടര്‍ന്ന് ഉത്പാദനവും മറ്റും ചെയ്യാന്‍ സാധിക്കാത്ത രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ അത് എങ്ങനെയാണ് സമ്പദ്ഘടനയെ ബാധിക്കുക എന്നതിനെക്കുറിച്ച് ഇവര്‍ മൗനികളാണ്. അതുകൊണ്ട് തന്നെയാണ് ഒരു ലോക്ക്ഡൗണ്‍ താങ്ങാന്‍ തങ്ങളുടെ സമ്പദ്ഘടനക്ക് കഴിയില്ല എന്ന് പറഞ്ഞിരുന്ന പല രാജ്യ തലവന്മാര്‍ക്കും ഒടുവില്‍ ആ മാര്‍ഗം തന്നെ അവലംബിക്കേണ്ടി വന്നത്.

എന്നാല്‍ മറ്റൊരു വിഭാഗം സമ്പദ്ഘടനക്ക് എന്ത് സംഭവിച്ചാലും വേണ്ടില്ല ഈ രോഗം പടരാതിരിക്കാന്‍ എല്ലാം ചെയ്യണം എന്ന അഭിപ്രായക്കാരാണ്. ഈ വാദക്കാര്‍ മനുഷ്യക്ഷേമത്തില്‍ സമ്പദ്ഘടന വഹിക്കുന്ന പങ്കിനെ കണ്ടില്ലെന്നു നടിക്കുന്നു.
ഒറ്റ ജീവനും ഈ രോഗം മൂലം പൊലിയരുത് എന്ന ഉദ്ദേശ്യത്തോടെ നമുക്ക് എത്രനാള്‍ ജനങ്ങളെ അകത്തിരുത്താന്‍ കഴിയും? അവശ്യ വസ്തുക്കള്‍ ഇല്ലാതെ ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമോ? എത്രനാള്‍ സര്‍ക്കാറുകള്‍ക്ക് ഇത് നല്‍കാന്‍ സാധിക്കും? അതും എത്ര പേര്‍ക്ക്? ഉത്പാദനം നടക്കുന്നില്ലെങ്കില്‍ ഇപ്പോഴത്തെ സംഭരണം നിലക്കും. ഒരു പരിധിയില്‍ താഴേക്ക് ജീവിതക്ഷേമം പോയാല്‍ ജനങ്ങള്‍ അസഹിഷ്ണുക്കളാകും. അവര്‍ തെരുവിലിറങ്ങും. കലാപങ്ങളുണ്ടാകും. പട്ടിണി മരണങ്ങളുണ്ടാകും.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നാം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം ചൂണ്ടിക്കാണിക്കുന്നു. അടുത്ത കാലത്തായി ലോകം നേരിട്ട ഏറ്റവും സങ്കീര്‍ണമായ ആരോഗ്യപരവും സാമ്പത്തികപരവുമായ പ്രതിസന്ധിയിലൂടെയാണ് നാം കടന്നു പോകുന്നത്. മരുന്നും വാക്സിനും കണ്ടെത്തുന്നത് വരെ സര്‍ക്കാര്‍ നിയന്ത്രണ നയങ്ങളാണ് ഈ പോരാട്ടത്തില്‍ നമ്മുടെ മുന്നിലുള്ള പ്രധാന ആയുധം. വളരെയധികം സമീകരണം ആവശ്യമുള്ള ഒരു ഉദ്യമമാണിത്. സാമൂഹിക സാമ്പത്തിക അടിസ്ഥാന ഘടകങ്ങള്‍ക്കേല്‍ക്കുന്ന ആഘാതങ്ങള്‍ പരമാവധി ചുരുക്കി അനിവാര്യമായത് നേടിയെടുക്കുക എന്നതായിരിക്കണം ഈ അവസ്ഥയിലുള്ള നമ്മുടെ സാമ്പത്തിക നിലപാട്.
ഇവിടെ അനിവാര്യം എന്താണെന്ന് തീരുമാനിക്കേണ്ടത് ആരോഗ്യവിദഗ്ധരും രോഗപര്യവേക്ഷകരുമാണ്. അവരുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി ഒരു പ്രദേശത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് താങ്ങാവുന്നതിലപ്പുറം രോഗികളുണ്ടാകുന്ന അവസ്ഥ വരാതെ നോക്കലാണ്. ഇതിനോടൊപ്പം നാം മനസ്സിലാക്കേണ്ടത് സാമ്പത്തിക മാന്ദ്യത്തിനും ഇതുപോലെ ഒരു ഗ്രാഫുണ്ടെന്നതാണ്. വൈറസിന്റെ വ്യാപനം തടയാന്‍ എടുക്കുന്ന ഓരോ നയങ്ങളും മാന്ദ്യത്തിന്റെ ആഴമേറ്റും. എന്നാല്‍ ഫലപ്രദമായ സാമ്പത്തിക നയങ്ങള്‍ വഴി നമുക്ക് ഈ ആഘാതങ്ങളുടെ ആഴം കുറക്കാന്‍ സാധിക്കും.

മറ്റു സാമ്പത്തിക മാന്ദ്യങ്ങളെ അപേക്ഷിച്ചു തീര്‍ത്തും വ്യത്യസ്തമാണ് മഹാമാരി മൂലമുണ്ടാകുന്ന മാന്ദ്യം. സാധാരണ മാന്ദ്യങ്ങളില്‍ സമ്പദ്ഘടനയുടെ ഏതെങ്കിലും മേഖലയിലുള്ള ചില പ്രശ്‌നങ്ങള്‍ മൂലം മൊത്തം സാമ്പത്തിക ഇടപാടുകള്‍ മന്ദഗതിയിലാകുകയാണ് ചെയ്യുക. ഇത്തരം മാന്ദ്യങ്ങളില്‍ എവിടെയാണ് പ്രശ്‌നങ്ങള്‍ എന്ന് മനസ്സിലാക്കി അതിനെ പരിഹരിച്ചു ക്രയവിക്രയങ്ങള്‍ ഉത്തേജിപ്പിക്കാന്‍ വേണ്ടത് ചെയ്യുക എന്നതാണ് അവലംബിക്കുന്ന രീതി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക ഉത്തേജനം എന്നുള്ളത് ഒരു സാധ്യതയല്ല. നാം സ്വമേധയാ തീരുമാനിച്ചതാണ് ഈ ഉത്പാദനവും മറ്റു ഇടപാടുകളും നിര്‍ത്തിവെക്കല്‍. ഏതെങ്കിലും തരത്തിലുള്ള ഉത്തേജനം വിപരീത ഫലമാണ് പ്രദാനം ചെയ്യുക.

ഇതോടൊപ്പം ഈ മാന്ദ്യത്തെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം ഇതില്‍ നിറഞ്ഞിരിക്കുന്ന അനിശ്ചിതത്വമാണ്. ഈ സാഹചര്യങ്ങള്‍ എത്ര കാലം നിലനില്‍ക്കുമെന്നോ എന്നാണ് സാധാരണ ഗതിയിലേക്ക് ഒരു തിരിച്ചു പോക്ക് സാധ്യമാകുകയെന്നോ ഒരു വ്യക്തതയും ഇതുവരെ ഇല്ല. രോഗം ഒരിക്കല്‍ വന്നുപോയവര്‍ക്ക് രണ്ടാമത് വരുമോ എന്നുള്ളതടക്കം രോഗത്തിന്റെ സ്വഭാവത്തെ കുറിച്ച് പോലും അധികമറിയില്ല. ഈ സങ്കീര്‍ണതകള്‍ മുന്നിലുള്ള സാമ്പത്തിക പ്രതിസന്ധിയുടെ തീവ്രത മനസ്സിലാക്കുന്നതിനും അതിന്റെ ആഘാതം കുറക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ രൂപവത്കരിക്കുന്നതിനും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ആധുനിക സമ്പദ്്വ്യവസ്ഥ പരസ്പരബന്ധിതമായ വ്യത്യസ്ത കൂട്ടം ആളുകളുടെ സങ്കീര്‍ണമായ ഒരു ശൃംഖലയാണ്. തൊഴിലാളികള്‍, വിതരണക്കാര്‍, ഉപഭോക്താക്കള്‍, ബേങ്കുകള്‍, ധനകാര്യ ഇടനിലക്കാര്‍ തുടങ്ങി ശൃംഖല നീളും. ഇവിടെ അനുചിതമായ പൊതുജനാരോഗ്യ നയം സമ്പദ്്വ്യവസ്ഥയെ പെട്ടെന്ന് പിടിച്ചു നിര്‍ത്തുന്നു. അതിനാല്‍ തന്നെ നാം മുന്നില്‍ കാണേണ്ടത് ഈ അടുത്ത കാലത്ത് കണ്ടതില്‍ വെച്ചേറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ്.

സാമ്പത്തിക ഉത്തേജനം എന്നുള്ളത് വിപരീത ഫലമാണ് ചെയ്യുക എന്ന് നേരത്തേ പറഞ്ഞു. ഈ ഒരു സാഹചര്യത്തില്‍ നമ്മുടെ മുന്നിലുള്ള ഒരേയൊരു മാര്‍ഗം അധികം കേടുപാടുകളില്ലാതെ സമ്പദ്ഘടനയെ സംരക്ഷിച്ചു കൊണ്ടുപോകുക എന്നുള്ളതാണ്. അങ്ങനെയെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ മാറുന്നതിന് അനുസരിച്ച് സാമ്പത്തിക ഇടപാടുകളും ഉത്പാദന പ്രവൃത്തികളും പുനരാരംഭിക്കാന്‍ സാധിക്കും. ഐ എം എഫ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ചൈനയിലെ ചില സ്ഥിതിവിവര കണക്കുകള്‍ ഈ നിലക്കുള്ള പ്രതീക്ഷകള്‍ ശക്തിപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ കാത്തുസൂക്ഷിക്കുക എന്നുള്ളത് നിലവിലെ സാഹചര്യങ്ങളില്‍ അത്യന്തം ദുഷ്‌കരമായ ഒരു ഉദ്യമമാണ്. സാധാരണ നിലയിലേക്കു തിരിച്ചു പോകാന്‍ കഴിയുന്ന ഒരു സമയം വരെ ദിവസക്കൂലി കൊണ്ട് ഉപജീവനം നടത്തുന്ന തൊഴിലാളികളുടെ ജീവന്‍ നിലനിര്‍ത്തണം. വ്യാപാര സ്ഥാപനങ്ങളും ഉത്പാദന ശാലകളും പാപ്പരായി അടച്ചുപൂട്ടാതിരിക്കണം. കിട്ടാക്കടങ്ങള്‍ കുമിഞ്ഞുകൂടുമ്പോള്‍ ബേങ്കുകളെ മുങ്ങിപ്പോകാതെ സംരക്ഷിക്കണം.

നമ്മുടെ രാജ്യം ആരോഗ്യ മേഖലയില്‍ വേണ്ട മുന്‍കരുതലുകളിലെ കാര്‍ക്കശ്യത്തില്‍ മറ്റു രാജ്യങ്ങളേക്കാള്‍ ഒരു പടി മുന്നിലാണ്. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പുറത്തിറക്കിയ കാര്‍ക്കശ്യ സൂചികയില്‍ (Stringency Index) ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഇത്രയും കണിശത വേണ്ടിയിരുന്നോ, ഇതിന്റെ അനന്തരഫലങ്ങള്‍ താങ്ങാന്‍ ഇന്ത്യക്ക് ആകുമോ എന്നീ ചോദ്യങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഏതായാലും ഈ സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം എങ്ങനെയെല്ലാം ന്യൂനീകരിക്കാം എന്ന ചിന്തകളാണ് ഇനി നമുക്ക് ആവശ്യം.

(ലേഖകന്‍ ബെംഗളൂരു അസിം പ്രേംജി ഫൗണ്ടേഷനില്‍ അസോസിയേറ്റാണ്)