Connect with us

National

കള്ളപ്പണം വെളുപ്പിക്കല്‍: തബ് ലീഗ് നേതാവിനെതിരെ കേസ്

Published

|

Last Updated

ന്യൂഡല്‍ഹി | കള്ളപ്പണം വെളുപ്പിക്കലിന് തബ്‌ലീഗ് ജമാഅത്ത് നേതാവ് മൗലാന മുഹമ്മദ് സഅദ് കാന്തലവിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ട്രസ്റ്റുകളുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെ പോലീസ് ഇദ്ദേഹത്തിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. നിസമുദിനില്‍ സംഘടിപ്പിച്ച തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് കേസ്.

ഏതാനും ദിവസങ്ങളായി തബ്‌ലീഗ് ജമാഅത്തിന്റേയും ഭാരവാഹികളുടെയും പണ ഇടപാടുകള്‍ ഏജന്‍സി അന്വേഷിച്ചുവരികയായിരുന്നു. ബേങ്കുകളില്‍ നിന്നും സാമ്പത്തിക രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നും വിവിധ രേഖകള്‍ ലഭിച്ചതായും അധികൃതര്‍ അറിയിച്ചു. സംഘടനക്ക് വിദേശത്തുനിന്നും സ്വദേശത്തുനിന്നും ലഭിച്ച ഫണ്ടുകള്‍ ഇഡി പരിശോധിച്ചുവരികയാണ്.

ക്വാറന്റൈനില്‍ പ്രവേശിച്ച സാദിനെ ചോദ്യം ചെയ്യുന്നതിന് ഇഡി ഉടനെ സമന്‍സ് അയക്കുമെന്നാണ് കരുതുന്നത്. അതേ സമയംനിലവിലെ അവസ്ഥയില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കഴിയുമോ എന്നകാര്യം ആരോഗ്യ വിദഗ്ധരുമായി ഇഡി അഭിപ്രായം തേടിയിരിക്കുകയാണ്.

നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഇവര്‍ മറ്റിടങ്ങളിലെത്തി സമ്പര്‍ക്കത്തിലൂടെ മറ്റുള്ളവര്‍ക്ക് രോഗം പകരാനിടയാക്കുകയും ചെയ്തിരുന്നു. ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നടക്കമുള്ള ആയിരക്കണക്കിന് പേരെയാണ് നിസാമുദ്ദീനില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത്.