Connect with us

Kozhikode

എന്നു പോകാനാകും, ആ കളിപ്പാട്ടങ്ങളുമായി...

Published

|

Last Updated

കോഴിക്കോട് | വിഷുക്കണി കണ്ട ഫോട്ടോ അച്ഛനും അമ്മക്കും അയച്ചുകൊടുത്ത് വീഡിയോ കോളിലൂടെ വെളുക്കെ ചിരിച്ച അഞ്ച് വയസ്സുകാരൻ റിദ്വിന് തന്റെ മാതാപിതാക്കൾ കോവിഡിനോടുള്ള പോരാട്ടത്തിലാണെന്ന് മനസ്സിലായിട്ടില്ല. വരുമ്പോൾ നിറയെ കളിപ്പാട്ടങ്ങൾ വേണമെന്നാണ് അവന്റെ ആവശ്യം.

കോഴിക്കോട് മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്‌സ് ദമ്പതികളാണ് കണ്ണൂർ പയ്യന്നൂരിലെ പി ടി രാഗേഷും ഭാര്യ എറണാകുളം സ്വദേശി വി എസ് ശ്രുതിയും. കഴിഞ്ഞ 27 മുതൽ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലെ നഴ്‌സുമാരാണ് ഇരുവരും. പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ക്വാറന്റൈനിലാണ്. അടുത്ത 19 മുതൽ വീണ്ടും പോരാട്ടത്തിനിറങ്ങണം. പത്ത് ദിവസം കഴിഞ്ഞ് വീണ്ടും 14 ദിവസത്തെ ക്വാറന്റൈൻ. ഈ പോരാട്ടം എന്നവസാനിക്കുമെന്ന് യാതൊരു നിശ്ചയവുമില്ല.

മെഡിക്കൽകോളജ് ആശുപത്രിയോടനുബന്ധിച്ചുള്ള സ്റ്റാഫ് ക്വാർട്ടേഴ്‌സിലാണ് മൂന്നും അഞ്ചും വയസ്സുള്ള മക്കളോടൊത്ത് ഇരുവരും നേരത്തെ താമസിച്ചിരുന്നത്. കൊവിഡ് ഐസൊലേഷൻ വാർഡിലെ ഡ്യൂട്ടി എടുക്കണമെന്നായതോടെ കുട്ടികളെ ശ്രുതിയുടെ എറണാകുളത്തെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. മക്കളെ എന്നു കാണാനാകുമെന്നോ മകൻ റിദ്വിൻ പറഞ്ഞുറപ്പിച്ച കളിപ്പാട്ടങ്ങളുമായി എന്ന് വീട്ടിലെത്താനാകുമെന്നോയുള്ള കാര്യത്തിൽ ഇരുവർക്കും യാതൊരു നിശ്ചയവുമില്ല.
കേരളത്തിലെ ഐസൊലേഷൻ വാർഡുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും നേർചിത്രങ്ങളിൽ ചിലതാണിത്.
കോഴിക്കോട് മെഡിക്കൽകോളജിൽ കഴിഞ്ഞ ദിവസം രോഗികളും ഡോക്ടർമാരും നഴ്‌സുമാരും ജീവനക്കാരുമെല്ലാം ഒരേ ഭക്ഷണം കഴിച്ചാണ് വിഷു ആഘോഷിച്ചത്. സാധാരണ തൊട്ടടുത്തെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നാണ് ഐസൊലേഷൻ വാർഡിലെ രോഗികൾക്ക് ഭക്ഷണം എത്തിക്കാറ്. എന്നാൽ, വിഷുവിന് കോഫി ഹൗസ് അവധിയായതോടെ ആശുപത്രിയോടനുബന്ധിച്ച കാന്റീനിൽ വെച്ച് ഞങ്ങൾ ഭക്ഷണമുണ്ടാക്കി. രോഗികൾക്കും കൊടുത്തു. ചെറിയ രീതിയിലൊരു സദ്യ. അത് മതി. ഞങ്ങൾ അത്തരമൊരു മൂഡിലാണിപ്പോൾ… ഹെഡ് നഴ്‌സ് സുമതിയുടെ വാക്കുകൾ.
ഞങ്ങൾക്ക് അത്ര മതിയായിരുന്നു, അതു തന്നെ ധാരാളം. കൊവിഡ് പോരാട്ടത്തിൽ പങ്കാളിയായ ഡോക്ടർ അഖിൽ അങ്ങനെയാണ് ആശുപത്രിയിലെ വിഷുസദ്യയെക്കുറിച്ച് പറഞ്ഞത്.

പി പി ഇ കിറ്റ് എന്ന ശരീരാവരണമണിഞ്ഞാണ് ഐസോലേഷൻ വാർഡിൽ രോഗികളുമായി ഇടപഴകുന്നവർ ജോലി ചെയ്യുന്നത്. ആറ് മണിക്കൂറാണ് നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും ഡ്യൂട്ടി സമയം. ഇത്രയും നേരം സ്വാഭാവികമായും ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പറ്റാത്ത അവസ്ഥ. കൂടാതെ, ഈ ആറ് മണിക്കൂർ നേരം മൂത്രം ഒഴിക്കാതിരിക്കണമെങ്കിൽ മണിക്കൂറുകൾക്ക് മുമ്പ് തന്നെ ഒരുക്കം തുടങ്ങണം. കൊറോണ ഐസൊലേഷൻ വാർഡുകളിൽ രണ്ട് രോഗികൾക്ക് ഒരു നഴ്‌സ് എന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. കൂടാതെ ഒരു ഷിഫ്റ്റിൽ നാല് ക്ലീനിംഗ് ജോലിക്കാരുമുണ്ടാകും. മൂന്ന് ടീമായാണ് ഡോക്ടർമാരുടെ സംഘം പ്രവർത്തിക്കുന്നത്. ഒരു വിഭാഗം എപ്പോഴും റിസർവിലായിരിക്കും.

Latest