Connect with us

Articles

ഭരണകൂടം മുഖം തിരിക്കരുത്

Published

|

Last Updated

കൊവിഡ് 19 എന്ന മഹാമാരി കാര ണം ജന്മദേശങ്ങളിലേക്ക് മടങ്ങാന്‍ കഴിയാതെ ഒറ്റപ്പെട്ടിരിക്കുകയാണ് പ്രവാസികള്‍. ശരാശരി പ്രവാസിക്ക് കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി നിരാശയായിരുന്നു സമ്മാനിച്ചത്.
ഇന്ത്യയില്‍ നിന്ന് തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിയിരിക്കുന്നവരില്‍ ബഹുഭൂരിഭാഗവും അവിദഗ്ധ തൊഴിലാളികളാണ്.

അറേബ്യന്‍ നാടുകളില്‍ പെട്രോളിയം ഉത്പാദനം കണ്ടെത്തിയതോടെയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവാസികളുടെ ഒഴുക്ക് തുടങ്ങിയത്. ആ ഒഴുക്ക് തുടരുകയും കാലക്രമേണ മലയാളികളുടെ ജീവിതത്തില്‍ പ്രവാസം വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. അങ്ങനെയാണ് ഓലക്കുടിലുകള്‍ക്ക് പകരം ഓടിട്ട വീടുകളും പിന്നീട് മാളികകളും കേരളത്തില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ നിലവിലെ സാഹചര്യം വലിയ പ്രതിസന്ധിയാണ് പ്രവാസികള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. സാമ്പത്തിക രംഗത്തെ തകര്‍ച്ച, പെട്രോള്‍ വിലയിടിവ്, സ്വദേശിവത്കരണം, ഏറ്റവുമൊടുവില്‍ കൊവിഡ് വ്യാപനവും പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുന്നു. നാട്ടിലേക്കുള്ള അവരുടെ മടക്കയാത്രയും വഴിമുട്ടിയിരിക്കുകയാണ്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് കൊവിഡ് ബാധിതര്‍ക്കും സന്ദര്‍ശക വിസയിലെത്തിയവര്‍ക്കും വിസാ കാലാവധി കഴിഞ്ഞു നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കും വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

എല്ലാ അറബ് രാജ്യങ്ങളും വിദേശ രാജ്യങ്ങളില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരെ സ്വദേശങ്ങളിലേക്ക് വിമാന മാര്‍ഗമെത്തിച്ച് നേരിട്ട് ക്വാറന്റൈനിലേക്ക് മാറ്റി. എന്നാല്‍ പ്രവാസികള്‍ ഇന്ത്യയിലെത്തിയാല്‍ കൊവിഡിന്റെ വ്യാപനം കൂടുമെന്ന ആധിയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. രോഗം വ്യാപകമാകുന്ന നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസികളെ തിരികെക്കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ബോധിപ്പിച്ചത്. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ വാദം പരിഗണിച്ച് നിലവിലെ സാഹചര്യത്തില്‍ യാത്രാനുമതി നല്‍കിയാല്‍ അത് ലോക്ക്ഡൗണിന്റെ ലംഘനമാകുമെന്ന് കണ്ടെത്തുകയും പ്രവാസികള്‍ വിദേശങ്ങളില്‍ തന്നെ കഴിയുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ച് ഉത്തരവിടുകയായിരുന്നു.

ഗള്‍ഫ് രാജ്യങ്ങളിലെ കമ്പനികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ ജോലികള്‍ പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതോടെ ആയിരങ്ങളാണ് ആഴ്ചകളായി റൂമുകളില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയുന്നത്. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വളരെ തുച്ഛമായ വേതനത്തിനാണ് ജോലി ചെയ്യുന്നത്. കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇവരുടെ ജോലികള്‍ നിര്‍ത്തിവെച്ചതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലാണ് ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലും ബഹ്‌റൈനിലും പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ ഈ രാജ്യങ്ങളില്‍ ആയിരക്കണക്കിനാളുകളാണ് സ്വദേശങ്ങളിലേക്ക് മടക്കയാത്രക്കായി കാത്തിരിക്കുന്നത്.

എന്നാല്‍ വിമാന യാത്ര മുടങ്ങിയതോടെ ഇവരുടെ മടക്ക യാത്രയും വഴിമുട്ടിയിരിക്കുകയാണ്. കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങേണ്ട ഇന്ത്യക്കാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഏപ്രില്‍ 16 മുതല്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ അറിയിപ്പ് വന്നിട്ടുമുണ്ട്.

സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള പ്രവാസികളുടെ ആഗ്രഹത്തിന് മേല്‍ കേന്ദ്ര സര്‍ക്കാര്‍ തടസ്സം നില്‍ക്കുകയാണിപ്പോള്‍. അവര്‍ക്ക് നേരെ മുഖം തിരിക്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്ര ഭരണകൂടം ഇപ്പോഴെങ്കിലും തയ്യാറാകണം.

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest