Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു; മരണം 83

Published

|

Last Updated

ദമാം | കൊവിഡ് -19 ബാധിച്ച് സഊദിയില്‍ 24 മണിക്കൂറിനിടെ നാലുപേര്‍ മരിക്കുകയും 518 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് ആകെ മരണം 83 ആയിട്ടുണ്ട്. 59 പേര്‍കൂടി രോഗമുക്തി നേടിയതോടെ ആകെ അസുഖം ഭേദമായവരുടെ എണ്ണം 990 ആയി ഉയര്‍ന്നു.

ജിദ്ദയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്- 195. മദീന (91), റിയാദ് (84), മക്ക (58), ദമാം (38), ത്വാഇഫ് (13), അല്‍-ഖത്വീഫ് (5) , ജുബൈല്‍ (4), ജസാന്‍, റാസ് തനുര, യാന്‍ബു എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ക്കും അബഹ, അല്‍-മുവായി, അല്‍-ലൈത്ത്, അല്‍-ത്വാല്‍ (2), അല്‍-കുവൈയ്യ, അല്‍-ഖുറയാത്ത് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്കും ദഹ്റാന്‍, അല്‍-ഹുഫുഫ്, ബുറൈദ, അദം, അല്‍-ജാഫര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 6,380 ആയി. രോഗബാധിതരില്‍ 71 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

വിദേശികള്‍ക്കിടയില്‍ രോഗം വര്‍ധിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. ലേബര്‍ ക്യാമ്പുകളിലെ താമസ സ്ഥലങ്ങളില്‍ ഒരു മുറിയില്‍ പത്ത് പേരില്‍ കൂടുതല്‍ ഒരുമിച്ച് താമസിക്കുന്നതും സാമൂഹിക അകലം പാലിക്കാത്തതും മറ്റുമാണ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്. ആരോഗ്യ സുരക്ഷയുടെ ഭാഗമായി ആഴ്ചയില്‍ രണ്ടുതവണ താമസ സ്ഥലങ്ങള്‍ അണുവിമുക്തമാക്കണമെന്ന് വക്താവ് നിര്‍ദേശിച്ചു.

Latest