Connect with us

Covid19

കൊവിഡ്: സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിക്കും; നാലു ജില്ലകളില്‍ കര്‍ശന നിയന്ത്രണം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിക്കും. കേന്ദ്രത്തിന്റെ അനുമതിയോടെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് (61), കണ്ണൂര്‍- (45), മലപ്പുറം- (9), കോഴിക്കോട് (9) ജില്ലകളാണ് ആദ്യത്തെ മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ജില്ലകളില്‍ മെയ് മൂന്നുവരെ കര്‍ശന നിയന്ത്രണമുണ്ടാകും. നാല് ജില്ലകളിലും തീവ്ര രോഗബാധയുള്ള ഹോട്ട് സ്‌പോട്ടുകള്‍ പ്രത്യേകമായി കണ്ടെത്തുകയും ഇവ ഉള്‍പ്പെടുന്ന വില്ലേജുകളുടെ അതിര്‍ത്തി അടയ്ക്കുകയും ചെയ്യും. ഇവയ്ക്ക് പ്രത്യേക എന്‍ട്രി പോയിന്റ്, എക്‌സിറ്റ് പോയിന്റ് എന്നിവയുണ്ടാകും. ഭക്ഷ്യ വസ്തുക്കളും മറ്റു അവശ്യ വസ്തുക്കളും ഈ പോയിന്റുകളിലൂടെയാണ് എത്തിക്കുക. വില്ലേജുകളിലേക്കുള്ള മറ്റ് വഴികളെല്ലാം അടയ്ക്കും.

പത്തനംതിട്ട (ആറ് കൊവിഡ് കേസുകള്‍), എറണാകുളം (മൂന്ന്), കൊല്ലം (അഞ്ച്) കേസുകളുള്ള എന്നിവയാണ് രണ്ടാമത്തെ മേഖലയില്‍ വരുന്നത്. ഈ ജില്ലകളില്‍ ഏപ്രില്‍ 24 വരെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. ഹോട്ട് സ്‌പോട്ടായ പ്രദേശങ്ങള്‍ കണ്ടെത്തി അടച്ചിടും. 24 ന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സാധ്യമാണെന്നു കണ്ടാല്‍ ചില ഇളവുകള്‍ നല്‍കും.

മൂന്നാമത്തെ മേഖലയിയിലുള്ളത്‌ ആലപ്പുഴ (മൂന്ന് കൊവിഡ് കേസ്), തിരുവനന്തപുരം, പാലക്കാട് (രണ്ടു വീതം) തൃശൂര്‍, വയനാട് ഓരോ കേസ്) ജില്ലകളാണ്. ഇവിടെ ഭാഗികമായ രീതിയില്‍ ഇളവുകള്‍ അനുവദിക്കും. എന്നാല്‍ ഹോട്ട് സ്‌പോട്ടായ വില്ലേജുകള്‍ കണ്ടെത്തി അവ അടച്ചിടുന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരും. ഈ ജില്ലകളിലെ ഭക്ഷണ ശാലകള്‍ ഉള്‍പ്പെടെയുള്ളവ വൈകിട്ട് ഏഴുമണിവരെ പ്രവര്‍ത്തിപ്പിക്കാം.

നിലവില്‍ പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത കോട്ടയം, ഇടുക്കി ജില്ലകളെ ഒരുമേഖലയായി തിരിക്കും. ഇടുക്കി തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ രണ്ടു ജില്ലകള്‍ തമ്മില്‍ ജില്ല വിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല. ആവശ്യമായ മുന്‍കരുതലുകളോടെ ഇവിടങ്ങളില്‍ സാധാരണ ജീവിതം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റ് നിയന്ത്രണങ്ങള്‍ ഇവിടെയും ബാധകമായിരിക്കും.

എല്ലാ മേഖലകളിലും കൂട്ടം ചേരല്‍, ജില്ലകള്‍ വിട്ടുള്ള യാത്രകള്‍ എന്നിവ വിലക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമാ ശാലകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനത്തിനും വിലക്ക് ബാധകമാണ്. ജില്ല ഏതായാലും പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണം. എല്ലായിടങ്ങളിലും സാനിറ്റൈസറുകളും കൈകഴുകാനുള്ള സൗകര്യങ്ങളും ഒരുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest