Connect with us

Malappuram

ഹജ്ജ്: പുതിയ ക്രമീകരണങ്ങൾ റമസാനിൽ പ്രഖ്യാപിക്കും- ചെയർമാൻ

Published

|

Last Updated

കൊണ്ടോട്ടി | കൊവിഡ് പശ്ചാത്തലത്തിൽ ഹജ്ജ് യാത്രാ സംബന്ധമായി കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽ നിന്നുള്ള നിർദേശങ്ങൾ വൈകിയെങ്കിലും റമസാൻ മാസത്തിൽ യാത്ര സംബന്ധിച്ച മുഴുവൻ അറിയിപ്പുകളും ലഭ്യമായി തുടങ്ങുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പറഞ്ഞു.

കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സഊദി സർക്കാറും യാത്രാ സംബന്ധമായ കാര്യങ്ങളിൽ ഉടൻ ചർച്ച നടത്തുമെന്നും ചെയർമാൻ പറഞ്ഞു. നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ച 70 വയസ്സുകാർ, മഹ്റമില്ലാത്ത സ്ത്രീകൾ എന്നിവരുൾപ്പെടെ 10,834 പേർക്കാണ് സംസ്ഥാനത്ത് നിന്ന് ഒന്നാംഘട്ടത്തിൽ ഹജ്ജിന് അവസരം ലഭിച്ചത്. സാങ്കേതിക ക്ലാസിൽ പങ്കെടുക്കുകയും പ്രാഥമിക ഒരുക്കങ്ങൾ നടത്തുകയും രണ്ട് ഗഡുക്കളായി രണ്ട് ലക്ഷത്തോളം രൂപ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ബേങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തവരാണിവർ.കൊവിഡ് സാഹചര്യത്തിൽ യാത്രാ സംബന്ധമായി അനിശ്ചിതത്വം തുടരുന്നതിൽ ഏറെ പ്രയാസപ്പെടുകയാണിവർ.

ലോകം മുഴുൻ കൊവിഡ് വ്യാപനവും മരണവും നടക്കുന്ന വേളയിൽ ലോകത്തെമ്പാടും ഹജ്ജ് പ്രതീക്ഷിച്ചിരിക്കുന്നവർക്ക് മുഴുവൻ വിഷമവും നീങ്ങി പരിശുദ്ധ ഹജ്ജ് ഉൾപ്പെടെയുള്ള ആരാധനകളും സന്ദർശനങ്ങൾ സന്തോഷത്തോടെ നിർവഹിക്കാൻ ഭാഗ്യം ലഭിക്കുന്നതിന് വേണ്ടി പ്രാർഥന നടത്തണമെന്ന് ഹജ്ജ് കമ്മിറ്റി അഭ്യർഥിച്ചു. ഓൺലൈനിൽ നടന്ന മീറ്റിംഗിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കടക്കൽ അബ്ദുൽ അസീസ് മൗലവി, മുസമ്മിൽ ഹാജി, ബഹാഉദ്ദീൻ നദ്‌വി, അനസ് ഹാജി, മുസ്‌ലിയാർ സജീർ, അബ്ദുല്ല കോയ തങ്ങൾ, എൻ സുലൈഖ സംസാരിച്ചു. അശ്റഫ് അരയങ്കോട് റിപ്പോർട്ട് അവതരിപ്പിച്ചു.മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസുമായി നിരന്തരമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും സംസ്ഥാനത്തിന്റെ മുഴുവൻ ആവശ്യങ്ങളും സാക്ഷാത്കരിക്കുമെന്നും പ്രതീക്ഷകൾ പൂവണിയാൻ സൽകർമങ്ങളിൽ നിരതരാവണമെന്നും ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.