Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്; 27 പേര്‍ രോഗമുക്തരായി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍- നാല്, കോഴിക്കോട്- രണ്ട് കാസര്‍കോട്- ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവരില്‍ അഞ്ചു പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 27 പേരുടെ സാമ്പിള്‍ ഫലം നെഗറ്റീവായി. കാസര്‍കോട്- 24, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും കേസുകളാണ് നെഗറ്റീവായത്.

ആകെ 394 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 147 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 245 പേര്‍ക്ക് രോഗം ഭേദമായി.
88,855 പേര്‍ നിരീക്ഷണത്തിലാണ്. വീട്ടില്‍ 88,332 പേരും ആശുപത്രിയില്‍ 532 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 17,400 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 16459 രോഗബാധയില്ലെന്ന് വ്യക്തമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടി രോഗമുക്തിയുണ്ടായി എന്നത് ഏറെ ആശ്വാസകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗുണഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള 268 യാത്രക്കാരുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം ഇന്ന് ബ്രിട്ടനിലേക്ക് പറന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാത്രക്കാരില്‍ ഏഴു പേര്‍ കൊവിഡ് ഭേദമായ ബ്രിട്ടീഷ് പൗരന്മാരാണ്. അവര്‍ കേരളത്തിന് പ്രത്യകേ കൃതജ്ഞത അറിയിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലിരിക്കെ കൊവിഡ് ബാധിച്ച രണ്ടു പേര്‍ രോഗമുക്തരായെന്നതും ഇന്നത്തെ ആശ്വാസ വാര്‍ത്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.