Connect with us

Covid19

ലോക്ക് ഡൗണിനിടെ അതിര്‍ത്തിയില്‍ സൈനികരെ എത്തിക്കുന്നതിന് പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനിടെ, അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ എത്തിക്കുന്നതിന് രണ്ട് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കി കേന്ദ്രം. ഏപ്രില്‍ 17, 18 തീയതികളിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. വടക്ക്, കിഴക്ക് അതിര്‍ത്തികളില്‍ സൈനികരെ എത്തിക്കേണ്ടതു പരിഗണിച്ചാണിത്. ബാംഗ്ലൂര്‍-ബെല്‍ഗാം-സെക്കന്തരാബാദ്-അംബാല-ജമ്മു ട്രെയിന്‍ 17നും ബാംഗ്ലൂര്‍-ബെലഗാം-സെക്കന്തരാബാദ്-ഗോപാല്‍പുര്‍-ഹൗറ-എന്‍ ജെ പി-ഗുവാഹത്തി ട്രെയിന്‍ 18നും സര്‍വീസ് നടത്തും. ബെംഗളൂരു, സെക്കന്തരാബാദ്, ഗോപാല്‍പുര്‍, ബെല്‍ഗാം എന്നിവിടങ്ങളിലായി പരിശീലനം പൂര്‍ത്തിയാക്കിയ സൈനികരെയാണ് അതിര്‍ത്തിയില്‍ കൂടുതലായി വിന്യസിക്കുക.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഘട്ടം പൂര്‍ത്തിയാക്കിയവരും ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവരുമായ സൈനികരെയാണ് അതിര്‍ത്തിയില്‍ നിയോഗിക്കുന്നത്. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുന്ന കാര്യത്തില്‍ റെയില്‍വേ മന്ത്രാലയവുമായി ചേര്‍ന്ന് ആഭ്യന്തര മന്ത്രാലയം നടപടികള്‍ നീക്കിവരികയാണെന്ന് പേര് വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ ഭാഗമായി രാജ്യത്ത് എല്ലാ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകളും ഏപ്രില്‍ മൂന്നു വരെ റദ്ദാക്കിയിട്ടുണ്ട്.