Connect with us

Articles

പ്രവാസം കാംക്ഷിക്കുന്നത്

Published

|

Last Updated

അസാധാരണ സമയത്ത് അസാധാരണ നീക്കം നടത്തുന്നവരാണ് യഥാര്‍ഥ ഭരണാധികാരികള്‍. ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികള്‍ കൊവിഡ് ബാധക്കും മരണത്തിനുമിടയിലാണ്. ഗള്‍ഫിലെ ഭരണകൂടങ്ങള്‍ അവരുടെ നിലവിലെ ഭൗതിക ആരോഗ്യ സംവിധാനങ്ങള്‍ അനുസരിച്ച് വേണ്ടുന്നത് ചെയ്യുന്നുണ്ട് എന്നത് നിസ്തര്‍ക്കമാണ്.
എന്നാല്‍ കൊവിഡ് മഹാമാരി 105 ദിവസം പിന്നിടുകയും 200ഓളം രാജ്യങ്ങളിലായി മരണം ഒന്നേകാല്‍ ലക്ഷത്തോടടുത്തു കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ഗള്‍ഫിലും സ്ഥിതി കൈവിട്ടു കൊണ്ടിരിക്കുകയാണ്. സഊദി അറേബ്യ, ഖത്വര്‍, കുവൈത്ത് ബഹ്‌റൈന്‍, ഒമാന്‍, യു എ ഇ അടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം 16,000 കവിയുകയും മരണം 110 മറികടക്കുകയും ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഓരോ രാജ്യത്തിനും മുന്‍ഗണനാക്രമം ഉണ്ടാകുക സ്വാഭാവികമാണ്. അപ്പോള്‍ വിദേശികള്‍ക്ക് നിലവിലെ പരിമിതമായ ആരോഗ്യ സംവിധാനങ്ങള്‍ വെച്ചു നോക്കുമ്പോള്‍ മതിയായ ചികിത്സാ സൗകര്യം ലഭിക്കില്ല എന്നത് വസ്തുതയാണ്. 32 ലക്ഷം മലയാളികളാണ് ഈ രാജ്യങ്ങളിലുള്ളത്. മൊത്തം ഇന്ത്യന്‍ പ്രവാസികള്‍ ഇതിന്റെ ഇരട്ടിയോളം വരും. കേരളം മികച്ച കൊവിഡ് പ്രതിരോധ സന്നാഹങ്ങള്‍ നടത്തുന്നതിനാല്‍ ഇവിടെ മതിയായ പരിചരണം ലഭിക്കുമെന്ന് പ്രവാസികള്‍ ചിന്തിക്കുക സ്വാഭാവികമാണ്.

മുപ്പതിലധികം മലയാളികള്‍ ഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലുമായി ഇതുവരെ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചു കഴിഞ്ഞു. ദുബൈ അടക്കമുള്ള ഗള്‍ഫ് നഗരങ്ങളില്‍ നൂറുകണക്കിന് മലയാളികള്‍ക്ക് കൊവിഡ് പോസിറ്റീവായി കൊണ്ടിരിക്കുന്നു എന്ന ഭീതിദമായ റിപ്പോര്‍ട്ടുകളാണ് അനുദിനം വന്നു കൊണ്ടിരിക്കുന്നത്. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളിലും ബാച്ചിലര്‍ റൂമുകളിലും രോഗമുള്ളവരെന്ന് സംശയിക്കുന്നവരോടൊപ്പം തന്നെ ക്വാറന്റൈന്‍ ചെയ്യപ്പെടുന്ന അവസ്ഥയിലാണ് കേരളത്തില്‍ നിന്നുള്ള ഈ അടിസ്ഥാന വിഭാഗ തൊഴിലാളികള്‍. ഇത് കേരളത്തിലെ ഇടതു ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തിയേ മതിയാകൂ. ശമ്പളം ലഭിക്കാതെ ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടുന്ന അവര്‍ സ്വന്തം കുടുംബത്തെ കുറിച്ചുള്ള ആധി കൂടി കയറി വല്ലാത്ത മാനസിക അവസ്ഥയിലാണ്. കേന്ദ്ര സര്‍ക്കാറും അടിയന്തരമായി ഇക്കാര്യങ്ങള്‍ അറിയണം.
കൊവിഡ് ബാധിച്ചവരെ ഉടനടി നാട്ടിലെത്തിച്ച് ഐസൊലേഷന്‍ വാര്‍ഡുകളിലാക്കുക എന്നതാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ ഉടനടി ചെയ്യേണ്ടത്, അത് ഏതു മാര്‍ഗത്തിലായാലും ശരി. ഫെഡറല്‍ ബന്ധവും ഭരണഘടനയുമൊക്കെ മനുഷ്യരെ രക്ഷിക്കാനുള്ളതാകണം എന്നേ പറയാനുള്ളൂ. നാട്ടിലേക്കെത്തണമെന്ന് ആഗ്രഹിക്കുന്ന, തൊഴില്‍ നഷ്ടപ്പെട്ടവരും സന്ദര്‍ശക വിസയില്‍ വന്ന് കുടുങ്ങിയവരുമൊക്കെ ഗള്‍ഫ് രാജ്യങ്ങളില്‍ വീര്‍പ്പുമുട്ടി തകര്‍ന്നിരിക്കുകയാണ്.
കൊവിഡ് വൈറസ് ശമനമാകുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ ഇതുവരെ ഇക്കാര്യം മുന്നോട്ടു വെക്കാതിരുന്ന എല്ലാ പ്രവാസി സംഘടനകളും ഏകകണ്‌ഠമായാണ് ഇപ്പോള്‍ ഈ ആവശ്യം ഉന്നയിക്കുന്നത്. കാരണം യാഥാര്‍ഥ്യങ്ങള്‍ അവര്‍ക്കു നേരെ പല്ലിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗള്‍ഫിലെ എല്ലാവരെയും കൊണ്ടുപോകണമെന്നോ എല്ലാവരും പോകുമെന്നോ എന്നൊന്നും ഇതിനര്‍ഥമില്ല.

അപ്പോള്‍ ന്യായം പറഞ്ഞ് ഒഴിഞ്ഞു മാറുകയല്ല രാജ്യത്തെ കേന്ദ്ര ഭരണകൂടം ചെയ്യേണ്ടത്. ഇന്ത്യ എന്ന സോഷ്യലിസ്റ്റ് ജനാധിപത്യ രാജ്യത്തെ തുല്യാവകാശമുള്ള പൗരന്‍മാരാണ് ഗള്‍ഫിലെ ഇന്ത്യക്കാര്‍. ഒ ഐ സി കാര്‍ഡുള്ള ചുരുക്കം ചിലരൊഴിച്ചാല്‍ മഹാഭൂരിപക്ഷവും തൊഴില്‍ കാലാവധി കഴിഞ്ഞാല്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാന്‍ തീരുമാനിച്ചവര്‍ തന്നെയാണ്.
ഒരു സംസ്ഥാനമെന്ന നിലയില്‍ കേരള സര്‍ക്കാറിന്റെ പരിമിതികള്‍ പ്രവാസികള്‍ക്കറിയാം. എന്നാല്‍ മന്ത്രി എ കെ ബാലന്‍ വളരെ ലാഘവത്തോടെ, നിങ്ങള്‍ അവിടെ ക്വാറന്റൈന്‍ ചെയ്യൂ, സന്നദ്ധ സംഘടനകള്‍ മുന്‍കൈയെടുക്കൂ എന്ന് പ്രസ്താവിക്കുന്നത് വസ്തുതകളുടെ ആഴം മനസ്സിലാക്കാതെയാണ് എന്ന് പറയാതിരിക്കാനാകില്ല. ഉത്തരവാദപ്പെട്ട മന്ത്രിമാര്‍ അങ്ങനെ പറയുമ്പോള്‍ പ്രവാസികളുടെ ആത്മവിശ്വാസമാണ് ചോരുന്നത്. വ്യക്തികള്‍ എന്ന നിലയിലും സംഘടനകള്‍ എന്ന നിലയിലും വലിയ പരിമിതികളുള്ളവരാണ് പ്രവാസികള്‍, ഇപ്പോഴത്തെ അവസ്ഥയില്‍ പ്രത്യേകിച്ചും. അടച്ചിട്ടും ഒറ്റപ്പെട്ടും ക്വാറന്റൈനിലാണ് ഭൂരിഭാഗം വ്യക്തികളും സംഘടനാ പ്രവര്‍ത്തകരും. നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കുകളൊക്കെ വെറും നോക്കുകുത്തികളാകാന്‍ അധിക ദിവസമുണ്ടാകില്ല എന്നതാണ് പല്ലിളിക്കുന്ന യാഥാര്‍ഥ്യം. ഇപ്രകാരം പോയാല്‍ മരണം തന്നെ വാര്‍ത്തയല്ലാതാകുന്ന നാളുകളാണ് പ്രവാസികളുടെ മുന്നിലുള്ളത്.

കേന്ദ്രം ഭരിക്കുന്നത് ബി ജെ പിയാണ് എന്നതിനാലുള്ള രാഷ്ട്രീയ ബ്ലോക്കാണ് പ്രഥമമായി കേരളം മറികടക്കേണ്ടത്. സംസ്ഥാനത്തോടുള്ള തൊട്ടുകൂടായ്മ എന്ന രാഷ്ട്രീയ അശ്ലീലം ബി ജെ പിയും മാറ്റണം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനടക്കമുള്ളവരെ വലിയ തോതില്‍ വിശ്വാസത്തിലെടുത്താല്‍ മാത്രമേ കേരളത്തിന്റെ പ്രവാസി വിഷയത്തിലെ ജീവന്‍ മരണ ആവലാതിക്ക് ഫലം കാണൂ. ഇത് എല്ലാ രാഷ്ട്രീയ പക്ഷപാതിത്വങ്ങളും മറന്ന് എല്ലാവരും അംഗീകരിച്ചേ മതിയാകൂ.

കേരളം എന്തു നിലപാടെടുക്കുന്നു എന്നറിയാനാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികള്‍ കാത്തിരിക്കുന്നത്. കേരളം സംസ്ഥാനം എന്ന പരിമിതിക്കുമപ്പുറത്തേക്ക് വളരേണ്ട രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്ന് തോന്നുന്നു. കേരളത്തിനു മുന്നിലുള്ള ഗള്‍ഫിലെ ഈ ഭീതിദാവസ്ഥ അതിന്റെ തീക്ഷ്ണതയോടെ കേന്ദ്രത്തെ ബോധിപ്പിക്കണം. കേരളത്തിലെ 20 ലോക്‌സഭാ അംഗങ്ങള്‍, രാജ്യസഭാംഗങ്ങള്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ ലോക്ക്ഡൗണ്‍ കണക്കിലെടുക്കാതെ പ്രവാസികള്‍ക്കു വേണ്ടി നിരാഹാരമിരിക്കണം. അതുവഴി വ്യോമഗതാഗതം ഭാഗികമായി തുറക്കാന്‍ സമ്മര്‍ദം ചെലുത്തണം. കൊവിഡ് ബാധിതര്‍, മറ്റു മാറാരോഗികള്‍, മാനസിക നില തെറ്റിയവര്‍, തൊഴിലാളികള്‍ എന്നിവര്‍ വന്നു തുടങ്ങട്ടെ. അവര്‍ക്കായി ശാസ്ത്രീയമായി വിമാനത്താവളങ്ങള്‍ക്ക് സമീപമായുള്ള കെട്ടിടങ്ങളില്‍ തന്നെ ക്വാറന്റൈന്‍ ചെയ്തു പാര്‍പ്പിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. പ്രവാസികളുടെ തന്നെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടങ്ങള്‍ വിട്ടുനല്‍കാന്‍ അവര്‍ക്ക് മടിയേതുമുണ്ടാകില്ല.

അതിനു പുറമെ പഞ്ചായത്തുകള്‍ തോറും കൂടുതല്‍ ക്വാറന്റൈന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തേണ്ടി വരും. ഐസൊലേഷന്‍ വാര്‍ഡുകളും ഇതോടനുബന്ധിച്ചു ഉടനടി ഉയരണം.

പ്രവാസികള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഐശ്വര്യമാണെന്നൊക്കെയുള്ള അശ്ലീലം പറച്ചില്‍ കേരളം ആദ്യം നിര്‍ത്തുക. ഒരു പ്രിവിലേജുമില്ലെങ്കിലും പ്രവാസികള്‍ കൊവിഡ് വ്യാപിപ്പിക്കുന്നവരാണെന്ന വംശീയ ഒറ്റപ്പെടുത്തല്‍ നിര്‍ത്തിയാല്‍ മാത്രം മതി. നാട്ടിലുള്ളവര്‍ക്കുള്ള ചികിത്സ അടക്കമുള്ള അടിസ്ഥാന പൗരാവകാശങ്ങള്‍ പാവം പ്രവാസിക്കും അനുവദിക്കുക, അതുമാത്രം മതി.

Latest