Connect with us

Editorial

കൊറോണ കാലത്തെ പോലീസ് സേവനം

Published

|

Last Updated

കടുത്ത നീരസത്തോടെയും ചിലപ്പോള്‍ ഭീതിയോടെയുമാണ് പോലീസുകാരെ ജനങ്ങള്‍ കാണുന്നത്. ദയയും കാരുണ്യവും തൊട്ടുതീണ്ടാത്ത കാക്കിക്കുള്ളിലെ ക്രൗര്യമാണ് പലരുടെയും കാഴ്ചപ്പാടില്‍ നിയമപാലക വിഭാഗം. പോലീസ് ഉദ്യോഗസ്ഥരില്‍ ചുരുക്കം ചിലരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അമിതാധികാര പ്രയോഗവും മൂന്നാം മുറയും ചില കസ്റ്റഡി മരണങ്ങളുമൊക്കെയാണ് ഈയൊരു ധാരണക്ക് കാരണം. എന്നാല്‍ കൊവിഡ് കാലത്തെ കേരള പോലീസ് സമൂഹത്തിന്റെ ഈ ധാരണകളെയെല്ലാം തിരുത്തിക്കൊണ്ടിരിക്കുകയാണ്. മഹാമാരിയുടെ ഭീതിയിലൂടെ കടന്നു പോകുന്ന പ്രയാസമേറിയ ദിനങ്ങളിലെ കരുതലിന്റെ കരുത്തായും ജനസേവനത്തിന്റെ ഉദാത്ത മാതൃകയായും മാറിയിരിക്കുകയാണ് പോലീസ് വിഭാഗം. നേരത്തേ പലപ്പോഴും പോലീസിനെതിരെ കടുത്ത വിമര്‍ശനവും തെറിയും ചൊരിഞ്ഞിരുന്നവര്‍ സാമൂഹിക മാധ്യമങ്ങളില്‍ അവരുടെ സേവനങ്ങളെ വാഴ്ത്തുന്ന പോസ്റ്റുകളാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

ലോക്ക്ഡൗണ്‍ കാരണം മരുന്നു കിട്ടാതെ വിഷമിക്കുന്ന നൂറുകണക്കിനു രോഗികള്‍ക്ക് മരുന്നെത്തിച്ചും സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും പലയിടങ്ങളിലും ഒറ്റക്കു താമസിക്കുന്നവര്‍ക്കും ഭക്ഷണമെത്തിച്ചു കൊടുത്തും കേരളീയ സമൂഹത്തിന്റെ കൈയടി നേടിക്കൊണ്ടിരിക്കുകയാണ് കൊറോണ കാലത്തെ പോലീസ്. സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ ജീവന്‍രക്ഷാ മരുന്ന് യഥാസമയം എത്തിച്ചു കൊടുക്കുന്നതിന് വിപുലമായ സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട് കേരള പോലീസ്. ഇതിന്റെ വിജയകരമായ നടത്തിപ്പിനു ദക്ഷിണ മേഖലാ ഐ ജി ഹര്‍ഷിതാ അത്തല്ലൂരിയെ നോഡല്‍ ഓഫീസറായി നിയോഗിച്ചിരിക്കുകയാണ്. 112 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താനാകും. പോലീസ് മരുന്ന് ശേഖരിച്ച ശേഷം രോഗിയുടെ പേരും വിലാസവും ഫോണ്‍നമ്പറും പോലീസ് സ്റ്റേഷന്റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ ശേഷം നോഡല്‍ ഓഫീസറെ വിവരം അറിയിക്കും. പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോള്‍ വാഹനങ്ങളിലോ മരുന്ന് നിര്‍ദിഷ്ട സ്ഥാനത്ത് എത്തിക്കാനാവശ്യമായ നിര്‍ദേശം നോഡല്‍ ഓഫീസര്‍ നല്‍കും. അതാത് ജില്ലകള്‍ക്കകത്താണ് മരുന്നിന്റെ ആവശ്യക്കാരെങ്കില്‍ അത് ശേഖരിച്ച് വീടുകളില്‍ എത്തിക്കേണ്ട ചുമതല ജനമൈത്രി പോലീസിനാണ്.
മരുന്നും ഭക്ഷണവും മാത്രമല്ല, വീട്ടുപകരണങ്ങളും എത്തിച്ചു കൊടുക്കുന്നു പോലീസ്. വീട്ടിലേക്ക് ഗ്യാസ് സ്റ്റൗ എത്തിക്കാന്‍ പോലീസിന്റെ അനുമതി തേടിയ യുവതിക്ക് പന്നിയങ്കര ജനമൈത്രി പോലീസ് തന്നെ സ്റ്റൗ വീട്ടിലെത്തിച്ചു കൊടുത്തു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അതിന്റെ വലുപ്പച്ചെറുപ്പം നോക്കാതെ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുന്ന കേരള പോലീസിനെയോര്‍ത്ത് അഭിമാനം തോന്നുന്നുവെന്നാണ് ഇതേക്കുറിച്ച് സുഗിന ബിജു എന്ന വീട്ടമ്മ തന്റെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചു കൊണ്ട് പറഞ്ഞത്. ഈരാറ്റുപേട്ടയില്‍ ഒരു തത്തക്ക് മരുന്നെത്തിച്ചു കൊടുക്കേണ്ട ജോലിയും പോലീസ് നിര്‍വഹിച്ചു. തീക്കോടി മേസ്തിരിപ്പടിയിലെ ഒരു വ്യക്തി തന്റെ തത്തക്ക് മരുന്ന് വാങ്ങാനായി അടുത്ത മൃഗാശുപത്രിയിലെത്തിയപ്പോള്‍ ആശുപത്രി തുറന്നിരുന്നില്ല. അയാള്‍ വീട്ടിലേക്ക് മടങ്ങവെ വാഹനത്തിനു പോലീസ് കൈകാണിച്ച് എവിടെ പോയിരുന്നുവെന്ന് തിരക്കി. അയാള്‍ കാര്യം ധരിപ്പിച്ചു. മരുന്ന് ലഭിച്ചില്ലെന്നറിയിച്ചപ്പോള്‍ എസ് ഐ ഈരാറ്റുപേട്ട നഗരസഭയിലെ ഹെല്‍പ്പ് ഡസ്‌കുമായി ബന്ധപ്പെട്ട് മരുന്ന് എത്തിച്ചു നല്‍കി.

ഫയര്‍ഫോഴ്‌സിന്റെ സേവനവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. എറണാകുളം തൃപ്പൂണിത്തുറ അമ്പിളി നഗറില്‍ അര്‍ബുദ രോഗചികിത്സയിലായ ആല്‍ഫി എന്ന ആറ് വയസ്സുകാരന് തിരുവനന്തപുരത്തു നിന്ന് മരുന്നെത്തിച്ചു കൊടുത്തത് ഫയര്‍ഫോഴ്‌സായിരുന്നു. ഏപ്രില്‍ ഒന്നിന് വൈകീട്ട് 7.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഓരോ ജില്ലയിലും ഫയര്‍ ഓഫീസര്‍മാര്‍ക്ക് കൈമാറി രാത്രിയോടെ തൃപ്പൂണിത്തുറ സ്റ്റേഷനിലെത്തുകയും അവിടെ നിന്ന് സ്ഥലം എം എല്‍ എ എത്തി മരുന്ന് വാങ്ങി ആല്‍ഫിയുടെ വീട്ടില്‍ എത്തിച്ചു കൊടുക്കുകയും ചെയ്തു. ഇവ്വിധം ഈ കഠിന വേനലിലും ചുട്ടുപൊള്ളുന്ന വെയില്‍ വകവെക്കാതെ മറ്റുള്ളവര്‍ക്കായി ആത്മാര്‍ഥമായി ജോലി ചെയ്യുകയാണ് പോലീസും ഒപ്പം ഫയര്‍ഫോഴ്‌സും.

ലോക്ക്ഡൗണ്‍ അല്ലാത്ത കാലത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട് കാക്കിക്കുള്ളിലും കാരുണ്യബോധമുള്ള മനുഷ്യ ഹൃദയങ്ങളുണ്ടെന്നു ബോധ്യപ്പെടുത്തുന്ന സംഭവങ്ങള്‍. പ്രായമായവരെയും സ്‌കൂള്‍ വിട്ടുവരുന്ന കൊച്ചു വിദ്യാര്‍ഥികളെയും തിരക്കു പിടിച്ച റോഡുകള്‍ മുറിച്ചു കടക്കാന്‍ സഹായിക്കുന്നവര്‍, റോഡരികില്‍ നിന്ന് വീണുകിട്ടിയ വലിയ സംഖ്യക്കുള്ള നോട്ട് കെട്ടുകള്‍ ഉടമയെ തേടിപ്പിടിച്ചു തിരിച്ചേല്‍പ്പിച്ചവര്‍, ഹര്‍ത്താല്‍ ദിനത്തില്‍ സ്വന്തം വീട്ടില്‍ സ്വന്തം ചെലവില്‍ ഭക്ഷണം പാകം ചെയ്തു പൊതികളാക്കി നിരത്തുകളില്‍ ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുന്നവര്‍ക്ക് എത്തിച്ചു കൊടുക്കുന്നവര്‍ എന്നിങ്ങനെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിര്‍വൃതി കണ്ടെത്തുന്ന അനേകം പോലീസുദ്യോഗസ്ഥരെ പലപ്പോഴായി മാധ്യമങ്ങളിലൂടെയും നേരിട്ടും നാം പരിചയപ്പെട്ടിട്ടുണ്ട്. കൊറോണ വ്യാപന കാലത്ത് ഇത് കുറേക്കൂടി പ്രകടമായെന്നു മാത്രം.

എങ്കിലും പോലീസിന്റെ സദുദ്ദേശ്യത്തോടെയുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ വിമര്‍ശന ബുദ്ധ്യാ കാണുന്നവര്‍ ചിലരെങ്കിലുമുണ്ട്. ജനങ്ങളെ വീട്ടിലിരിക്കാന്‍ പ്രേരിപ്പിക്കുകയും പുറത്തിറങ്ങി നടക്കുന്നത് തടയുകയും ചെയ്യുന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നില്ല. എന്തിനാണ് സര്‍ക്കാര്‍ ഈയൊരു നിയന്ത്രണം കൊണ്ടുവന്നതെന്ന കാര്യം മനഃപൂര്‍വം വിസ്മരിക്കുകയാണ് അത്തരക്കാര്‍. ജനങ്ങള്‍ ഇടപഴകാന്‍ ഇടവരാതെ വീട്ടില്‍ അടങ്ങിയൊതുങ്ങിക്കഴിയുന്നതാണ് കൊവിഡ് വൈറസ് സമൂഹത്തിലേക്ക് പടരാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. അതിനാണ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ജനങ്ങള്‍ യഥാവിധി ഇത് പാലിക്കാതിരുന്നാല്‍ കൊവിഡിന്റെ സാമൂഹിക വ്യാപനമുണ്ടാകുകയും ഇറ്റലിയിലും സ്‌പെയിനിലും അമേരിക്കയിലുമെല്ലാം കാണുന്നതു പോലെ രോഗം നിയന്ത്രണാതീതമാകുകയും ചെയ്യും. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനിലും മികവുറ്റ സേവനമാണ് പോലീസ് നടത്തിയത്. ജയിലുകളിലും പുറത്തും പോലീസുകാരുടെ നേതൃത്വത്തില്‍ മാസ്‌കും സാനിറ്റൈസറും നിര്‍മിച്ചു നല്‍കിയത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ സഹായമായി. ബിഗ്‌സല്യൂട്ട് അര്‍ഹിക്കുന്നു കൊറോണ കാലത്തെ പോലീസ്.