Connect with us

Covid19

ലോകത്തെ പഴയ നിലയില്‍ എത്തിക്കാന്‍ കഴിയുക കൊവിഡ് പ്രതിരോധ മരുന്നിന് മാത്രം: യു എന്‍ സെക്രട്ടറി ജനറല്‍

Published

|

Last Updated

ദാവോസ് |  ദശലക്ഷക്കണക്കിന് പേരുടെ ജീവന്‍ സംരക്ഷിച്ച് ലോകത്ത് ജനജീവിതം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കൊവിഡ് പ്രതിരോധ മരുന്നിന് മാത്രമേ കഴിയൂവെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് കൊവിഡിനെതിരെ ഫലപ്രദവും സുരക്ഷിതവുമായ പ്രതിരോധ മരുന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. അമ്പതോളം ആഫ്രിക്കന്‍ രാജ്യങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു ഗുട്ടെറസ്.

ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായി ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം വേണം. ഇതിന് എല്ലാ രാജ്യങ്ങളുടേയും സഹകരണം യു എന്‍ ഉറപ്പ് വരുത്തും.
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകരാജ്യങ്ങളില്‍ നിന്നും രണ്ട് ബില്യണ്‍ ഡോളര്‍ സമാഹരിക്കണമെന്ന് താന്‍ നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. ഇത് പ്രകാരം 20 ശതമാനത്തോളം ഇതുവരെ സമാഹരിച്ചു. ലോകാരോഗ്യ സംഘടനയിലൂടെ 47 ആഫ്രിക്കന്‍ രാജ്യങ്ങളെ കോവിഡ് 19 പരീക്ഷണങ്ങളുമായി സജ്ജമാക്കാന്‍ ഐക്യരാഷ്ട്രസഭക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബിസിനസുകള്‍ക്ക് ഉഗാണ്ട കൂടുതല്‍ സമയം നല്‍കി. ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അടിയന്തര വരുമാനം നല്‍കാനായി നമീബിയ നടപടികള്‍ സ്വീകരിച്ചു. ഈജിപ്ത് വ്യവസായങ്ങള്‍ക്കുള്ള നികുതി കുറച്ചു. ഇത്തരത്തില്‍ പകര്‍ച്ചവ്യാധിയുടെ അനന്തരഫലങ്ങള്‍ ലഘൂകരിക്കാനുള്ള രാജ്യങ്ങളുടെ പരിശ്രമങ്ങളേയും സെക്രട്ടറി ജനറല്‍ പ്രശംസിച്ചു.

 

Latest