Connect with us

Covid19

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 12000 കടന്നു; 438 ജീവനുകളും നഷ്ടം

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക്ഡൗണ്‍ രണ്ടാംഘട്ടം ആരംഭിച്ചിട്ടും രാജ്യത്തെ കൊവിഡ് വ്യാപനത്തിന് കുറവില്ല. രാജ്യത്ത് ഇതിനകം വൈറസിന്റെ പിടിയിലായവരുടെ എണ്ണം 12000 കടന്നു. 12380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്ക്. 438 പേര്‍ക്ക് ജീവനും നഷ്ടമായി. കഴിഞ്ഞ 24മണിക്കൂറിനിടെ മാത്രം 37 പേരാണ് മരിച്ചത്. ഓരോ ദിവസവും ആയിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് ഐ സി എം ആര്‍ ആവശ്യപ്പെടുന്നുണ്ട്.

ഇന്നലെ രാജ്യത്ത് 27,000 സാമ്പിളുകള്‍ പരിശോധിച്ചതായി ഐ സി എം ആര്‍ അറിയിച്ചു. റാപ്പിഡ് കിറ്റുകളുടെ അഭാവം കാരണം ഫലം വൈകുന്നുണ്ട്. ചൈനയില്‍ നിന്ന് ഇന്ന് റാപ്പിഡ് കിറ്റുകള്‍ എത്തും. മൂന്ന് ലക്ഷം കിറ്റുകളാണ് ഇന്ന് എത്തുകയെന്നും ഐ സി എംആര്‍ അറിയിച്ചു.

അതേ സമയം രണ്ടാംഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു. സാമ്പത്തിക മേഖലയിലെ തകര്‍ച്ച മറികടക്കാനുള്ള പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇതേകുറിച്ച് ഇന്ന് കൂടിയാലോചനകള്‍ നടന്നേക്കും. ലോക് ഡൗണ്‍ തുടരുന്നതിനില്‍ ദിവസം 40,000 കോടി രൂപയുടെ നഷ്ടം എന്നാണ് വ്യവസായ സംഘടനകളുടെ വിലയിരുത്തല്‍.

മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ ആറ് മെട്രോ നഗരങ്ങളെ കൊവിഡ് ഭീഷണി ഏറ്റവും രൂക്ഷമായുള്ള ചുവപ്പ് സോണില്‍ കേന്ദ്രം ഉള്‍പ്പെടുത്തി. രാജ്യത്തെ 170 ജില്ലകള്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ടായി കഴിഞ്ഞ ദിവസം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 123 ജില്ലകളെ അതീവ ഭീഷണി നേരിടുന്ന ജില്ലകളില്‍ ഉള്‍പ്പെടുത്തി.

രാജ്യത്ത് മാഹാരാഷ്ട്രയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രോഗികള്‍, ഇവിടെ 2916 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 229 പേര്‍ക്കാണ് രോഗം ബാധിച്ചത്. 187 മരണം റിപ്പോര്‍ട്ട് ചെയ്ത ഇവിടെ ഇന്നലെ മാത്രം ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഡല്‍ഹിയില്‍ 1578 കേസുകളും 32 മരണവും തമിഴ്‌നാട്ടില്‍ 1242 കേസുകളും 14 മരണവും റിപ്പോര്‍ട്ട് ചെയ്തു.