Connect with us

Bahrain

ബഹ്റൈനില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു; കുവൈത്തില്‍ 1,405 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Published

|

Last Updated

മനാമ/കുവൈത്ത് സിറ്റി | ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും ചെറിയ രാജ്യമായ ബഹ്റൈനില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1001 ആയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
ഏഴ് പേര്‍ മരിച്ചു. 24 ണിക്കൂറിനിടെ 3000ത്തില്‍ പരം വിദേശികളെ കൊവിഡ് പരിശോധനക്ക് വിധേയരാക്കിയതില്‍ 143 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 72,647 പേരെ ഇതുവരെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. 663 പേര്‍ രോഗമുക്തി നേടിയതായും വരും ദിവസങ്ങളില്‍ കൂടുതല്‍ മൊബൈല്‍ യൂനിറ്റുകള്‍ വഴി രാജ്യത്തെ മുഴുവന്‍ ലേബര്‍ ക്യാമ്പുകളിലും പരിശോധന നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

കുവൈത്തില്‍ ഇന്ന് 50 പുതിയ കൊവിഡ് വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതില്‍ 34 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ, രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,405 ആയി ഉയര്‍ന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന 79 കാരിയായ സ്വദേശിയായ സ്ത്രീ ഇന്ന് മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. ഏഴ് പേര്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 31 പേരില്‍ 15 പേരുടെ നില ഗുരുതരമായി തുടരുകയാണ്. പുതുതായി 30 പേര്‍ക്കുകൂടി രോഗം ഭേദമായി. രോഗമുക്തി നേടിയവരുടെ എണ്ണം 206 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗമുക്തി നേടിയവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി, കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരാക്കിയ ശേഷമാണ് വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നത്.
അതിനിടെ, കുവൈത്തില്‍ കഴിയുന്ന വിദേശികള്‍ക്ക് അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായി ഏര്‍പ്പെടുത്തിയ വിദേശ വിമാന സര്‍വീസുകള്‍ക്ക് കുവൈത്ത് വിമാനത്താവളത്തില്‍ പ്രവേശനാനുമതി ലഭിച്ചു. ബുധനാഴ്ച നാല് സര്‍വീസുകളാണ് ഖത്വര്‍ എയര്‍വേയ്‌സ് നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍വേയ്‌സ് അറിയിച്ചു