Connect with us

Covid19

സ്പ്രിംഗ്‌ളറുമായുള്ളത് നിയമാനുസൃത കരാര്‍; അഴിമതി ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  നിയമ സാധുതയുള്ള കരാറിലാണ് സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടപാടില്‍ ഒരുതരത്തിലുള്ള അഴിമതിയുമില്ലെന്നും വിഷയത്തില്‍ വിവാദം അനാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇത്തരം വിവാദങ്ങള്‍ ഗുണം ചെയ്യില്ല. കരാറുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ബാധ്യതയും സര്‍ക്കാറിനില്ല. അതിനാല്‍ത്തന്നെ അഴിമതിയുമില്ല.

സെപ്തംബര്‍ 24 വരെ കമ്പനിയുടെ സേവനം സൗജന്യമാണ്. വ്യക്തികളുടെ വിവരങ്ങള്‍ കൈമാറിയെന്ന ആരോപണം തെറ്റാണ്. വ്യക്തിഗത വിവരങ്ങളുടെ പരിപൂര്‍ണ നിയന്ത്രണവും ഉടമസ്ഥതയും സി ഡിറ്റിനായിരിക്കും. വിവരശേഖരണം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെയായിരിക്കും. ഈ വിവരങ്ങള്‍ മറ്റൊരു കാര്യത്തിനും ഉപയോഗപ്പെടുത്തില്ല. നല്‍കുന്ന വിവരങ്ങള്‍ എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുകയെന്ന് വിവരം നല്‍കുന്നവരെ അറിയിക്കും. വിവര ശേഖരണ സോഫ്‌റ്റ്വെയര്‍ സി ഡിറ്റിന് കൈമാറുമെന്നും ഡാറ്റ സൂക്ഷിക്കുന്നത് ഇന്ത്യയിലെ സെര്‍വറില്‍ തന്നെയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രമുഖ കമ്പനികള്‍ക്കെതിരെ കേസുകളും നിയമ നടപടികളുമൊക്കെ ഉണ്ടാകുന്നത് പുതിയ കാര്യമല്ല. അതുകൊണ്ടുതന്നെ കേസ് നേരിടുന്ന കമ്പനിയുമായി കരാറുണ്ടാക്കി എന്ന ആരോപണത്തില്‍ കാര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest