Connect with us

Covid19

170 ജില്ലകള്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍; രോഗവ്യാപനം തടയാന്‍ പ്രത്യേക സംഘത്തിന്റെ പരിശോധന

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ 640 ജില്ലകളില്‍ 170 എണ്ണം കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടുകളായും 207 എണ്ണം ഹോട്ട്‌സ്‌പോട്ടുകളാകാന്‍ സാധ്യതയുള്ളവയയായും തിരിച്ചറിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇവിടങ്ങളില്‍ രോഗം നിയന്ത്രിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കുകയും ചെയ്തു.

ഹോട്ട് സ്‌പോട്ടുകളായി തിരിച്ചറിഞ്ഞ ജില്ലകളില്‍ രോഗവ്യാപനം തടയുന്നതിന് പ്രത്യേക ടീമുകള്‍ പ്രവര്‍ത്തിക്കും. ഇവര്‍ വീടുതോറും കയറിയിറങ്ങി സര്‍വേ നടത്തുകയും കൊവിഡ് രോഗികളെ മാത്രമല്ല, ശ്വാസകോശ സംബന്ധമായ എല്ലാ അസുഖങ്ങള്‍ ഉള്ളവരെയും പരിശോധിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.

എല്ലാ രോഗികളും സുഖപ്പെടുന്നതുവരെ അടുത്ത 28 ദിവസത്തേക്ക് ഹോട്ട് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗ്രാമപ്രദേശങ്ങളില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ക്ക് 3 കിലോമീറ്റര്‍ ചുറ്റളവും ബഫര്‍ സോണുകള്‍ക്ക് (ഓറഞ്ച് സോണുകള്‍) ഏഴ് കിലോമീറ്റര്‍ ചുറ്റളവും ഉണ്ടായിരിക്കും. അണുബാധയുടെ പ്രഭവകേന്ദ്രം തീരുമാനിക്കേണ്ടത് സംസ്ഥാന, ജില്ലാ ഭരണകൂടങ്ങളാണെന്നും മന്ത്രാലയം അറിയിച്ചു.

സംസ്ഥാന, ജില്ലാ ഭരണകൂടങ്ങള്‍ക്ക് അറിയാം മികച്ചത് ഏതാണെന്ന്. അത് കേന്ദ്രത്തിന് തീരുമാനിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലവ് അഗര്‍വാള്‍ പറഞ്ഞു. വൈറസ് പടരുന്നതിന്റെ നിരക്കും കേസുകളുടെ വര്‍ദ്ധനവും റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പരിഷ്‌കരിക്കും. ഇത് തുടര്‍ച്ചയായ പ്രക്രിയ ആണെന്നും അഗര്‍വാള്‍ പറഞ്ഞു.

Latest