Connect with us

Covid19

ലോക്ക് ഡൗണ്‍: ബംഗാളില്‍ നിരീക്ഷണത്തിന് കേന്ദ്ര സേന വേണം; ഗവര്‍ണറുടെ ആവശ്യം വിവാദമായി

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണ്‍ നിര്‍ബന്ധിതമായി നടപ്പിലാക്കുന്നതിന് കേന്ദ്ര സേനയെ വിളിക്കണമെന്ന ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുടെ നിര്‍ദേശം വിവാദങ്ങള്‍ക്കിടയാക്കി. “കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കേണ്ടതുണ്ട്. സാമൂഹിക അകലം പാലിക്കുക, ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുക തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ സംസ്ഥാനത്തെ മമത സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. കേന്ദ്ര അര്‍ധ സൈനിക വിഭാഗത്തിന്റെ നിരീക്ഷണമുണ്ടെങ്കില്‍ മാത്രമെ ലോക്ക് ഡൗണ്‍ കൃത്യമായി നടപ്പിലാക്കാനാവൂ.”- ഇതായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്.

അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് കൂട്ടമായി പുറത്തിറങ്ങിയ ജനങ്ങളെ നിയന്ത്രിക്കുന്നതിന് പോലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിപ്പിട്ടത്. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഗവര്‍ണറെ വിമര്‍ശിച്ചെങ്കിലും അതിന് വലിയ പ്രാധാന്യം കൊടുക്കാതെ അവഗണിക്കുകയാണെന്ന് വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് വേറെ പണിയൊന്നുമില്ല. സംസ്ഥാന സര്‍ക്കാറിനെ ശല്യപ്പെടുത്തുക മാത്രമാണ് അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്ന ജോലി. കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വ്യാപൃതരായിരിക്കുകയാണ് മമത സര്‍ക്കാര്‍. ബി ജെ പിക്കാരനെ പോലെ പെരുമാറുന്ന അദ്ദേഹത്തെ പോലുള്ളവരോട് പ്രതികരിക്കാന്‍ സര്‍ക്കാറിന് സമയമില്ല- തൃണമൂല്‍ വക്താവ് സ്‌നേഹാശിഷ് ചക്രബര്‍ത്തി പറഞ്ഞു.

മാനുഷിക മുഖത്തോടു കൂടിയ ലോക്ക് ഡൗണ്‍ നടപ്പിലാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ഗവര്‍ണറുമായി പതിവായി ഏറ്റുമുട്ടുന്ന മുഖ്യമന്ത്രി മമത ബാനര്‍ജി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളത്.
അതിനിടെ, തൃണമൂല്‍ സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയതായി ആരോപിച്ച് അലിപുര്‍ദ്വാര്‍ ബി ജെ പി എം പി. ജോണ്‍ ബര്‍ല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതി. ആവശ്യക്കാര്‍ക്ക് സാധനങ്ങളെത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തന്ങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിനായി ഇറങ്ങിയ തന്നെ തടഞ്ഞുവച്ച് പോലീസ് വസ്തുക്കളെല്ലാം പിടിച്ചുവാങ്ങിയെന്നും ലോക്ക് ഡൗണ്‍ നിങ്ങള്‍ക്കും ബാധകമാണെന്ന് പറഞ്ഞ് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് പരാതി.

---- facebook comment plugin here -----

Latest