Connect with us

Covid19

കൊവിഡ് പ്രതിരോധം; ലോകം കേരളത്തെ മാതൃകയാക്കണമെന്ന് ആഗോള ഗവേഷണ മാഗസിന്‍

Published

|

Last Updated

തിരുവനന്തപുരം |  ഇന്ത്യയില്‍ കൊവിഡ് 19 പടരുമ്പോള്‍ പ്രതിരോധ രംഗത്ത് കേരള സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ക്ക് വീണ്ടും ആഗോള പ്രശംസ. ആഗോള ഗവേഷണ സര്‍വകലാശാലയായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം ഐ ടി) പ്രസിദ്ധീകരിക്കുന്ന റിവ്യൂ മാഗസിനാണ് കേരളത്തെ വാനോളം പുകഴ്ത്തിയത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും അമേരിക്ക, ബ്രിട്ടന്‍ അടക്കമുള്ള വന്‍ ലോക ശക്തികളും വൈറസിന് മുമ്പില്‍ പകച്ച് നിന്നപ്പോള്‍ ദ്രുതഗതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി പ്രതിരോധം ഉറപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞെന്ന് 120 വര്‍ഷമായി പുറത്തിറങ്ങുന്ന മാഗസിന്‍ പറയുന്നു. എഴുത്തുകാരിയായ സോണിയ ഫലേയ്‌റെയാണ് ലേഖനം എഴുതിയിരിക്കുന്നത്.

രോഗപ്രതിരോധത്തിന് കേരളത്തിലെ ഭരണസംവിധാനങ്ങളും പൊതുജനങ്ങളും ക്രിയാത്മകമായി പ്രവര്‍ത്തിച്ചുവെന്ന് ലേഖനം പറയുന്നു. നിപ പ്രതിരോധത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങളും ഇതിലുണ്ട്.

ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ജനുവരിയില്‍ തന്നെ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയെന്നും ഇത് വഴി രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തിലാക്കിയെന്നും ലേഖനം പറയുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് കേരളത്തിന്റെ സഞ്ചാരമെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങളിലും കമ്മ്യൂണിസ്റ്റ് ഭരണത്തിലുമാണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്നും ലേഖനത്തിലുണ്ട്.

ഹിന്ദു ദേശീയവാദിയായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും നിലകൊണ്ടപ്പോള്‍ കേരളം സാമൂഹികക്ഷേമത്തിലാണ് ഊന്നല്‍ നല്‍കിയതെന്നും ലേഖനം പറയുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമാണ് കേരളത്തിലേത്. ലോകോത്തരനിലവാരമുള്ള മലയാളി നഴ്‌സുമാര്‍ യൂറോപ്പിലും അമേരിക്കയിലും ജോലി ചെയ്യുന്നു. ഇന്ത്യയില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാതിരിക്കുന്നു, അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസേന വിലയിരുത്തലുമായി മാധ്യമങ്ങളെ കാണുന്നുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

നേരത്തെ അമേരിക്കയില്‍ നിന്നുള്ള ആഗോള മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റും കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ പ്രശംസിച്ചിരുന്നു.