Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11,439 ആയി; 377 ജീവന്‍ നഷ്ടം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് 19 പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഐ സി എം ആര്‍. രാജ്യത്ത് വൈറസ് വ്യാപനം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഐ സി എം ആര്‍ പരിശോധന ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനിടെ രാജ്യത്തെ രോഗികളുടെ എണ്ണം 11,439 ആയി ഉയര്‍ന്നു. 377 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1076 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 38 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 2687 ആയി. ഇന്നലെ 18 പേര്‍ മരിച്ച ഇവിടെ മരണസംഖ്യ 178 ആയി. ഡല്‍ഹിയില്‍ 1561 കേസും 30 മരണവും, തമിഴ്‌നാട്ടില്‍ 1204 കേസും 12 മരണവും രാജസ്ഥാനില്‍ 969 കേസും മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കേവലം 730 പേര്‍ക്ക് മാത്രം രോഗം സ്ഥിരീകരിച്ച മധ്യപ്രദേശിലെ മരണ നിരക്ക് ആശങ്കപ്പെടുത്തുന്നതാണ്. ഇവിടെ 50 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

കര്‍ണാടകത്തില്‍ കൊവിഡ് മരണം പത്തായി. ഇന്നലെ മാത്രം നാല് പേരാണ് ഇവിടെ മരിച്ചത്. ബെംഗളൂരുവില്‍ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്. ആന്ധ്ര പ്രദേശില്‍ ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പതായി. തെലങ്കാനയില്‍ 18 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തെ ഹോട്ട്‌സ്‌പോട്ടുകളിലെല്ലാം രോഗം ക്രമാതീതമായി ഉയരുന്നതായാണ് റിപ്പോര്‍ട്ട്. ഈ സഹചര്യത്തില്‍ പരിശോധന കൂട്ടുക മാത്രമാണ് പോം വഴിയെന്ന് ഐ സി എം ആര്‍ പറയുന്നു. ചൈനയില്‍ നിന്ന് ദ്രുതപരിശോധന കിറ്റുകള്‍ എത്തിത്തുടങ്ങി. 15 ലക്ഷം ദ്രുതപരിശോധന കിറ്റുകള്‍ വാങ്ങാനാണ് ചൈനയുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം കൊവിഡിന്റെ സാമ്പിളുകള്‍ പരിശോധിക്കുന്നതില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ആദ്യമായി ഇരുപതിനായിരത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ 24 മണിക്കൂറിനകം ടെസ്റ്റ് ചെയ്തു. 26351 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. ഇന്ത്യയില്‍ ഇതുവരെ 2,44,893 സാമ്പിളുകള്‍ പരിശോധിച്ചു.