Connect with us

Covid19

കൊവിഡ് 19; പ്രവാസികള്‍ക്ക് കരുതല്‍ കരങ്ങളായി ഇന്ത്യയുണ്ടാവണം- ദമാം മീഡിയഫോറം

Published

|

Last Updated

ദമാം | കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും എംബസിയും അടിയന്തരമായി ഇടപെടണമെന്ന് ദമാം മീഡിയഫോറം. കൊവിഡ് രോഗികളുടെ സംഖ്യ അനുദിനം വര്‍ധിക്കുന്നതിനനുസരിച്ചു കടുത്ത ആശങ്കയിലായ തൊഴില്‍ കുടിയേറ്റക്കാരെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മെഷിനറികള്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ നടത്തണമെന്നും പ്രധാന മന്ത്രി, മുഖ്യമന്ത്രി, അംബാസഡര്‍ എന്നിവര്‍ക്കയച്ച സന്ദേശത്തില്‍ മീഡിയഫോറം ആവശ്യപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. രോഗബാധിതരില്‍ വലിയ പങ്കും ഇന്ത്യക്കാരാണ്. ലേബര്‍ ക്യാമ്പുകളിലും മറ്റും ഒന്നിച്ചു താമസിക്കുന്നയിടങ്ങളില്‍ കൊവിഡിന്റെ വ്യാപനം ഭീതിദമായ രീതിയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ആശങ്കയുടെ വ്യാപ്തി വര്‍ധിക്കുകയാണ്. എട്ടും പത്തും പേര്‍ ഒരേ മുറികളില്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ഇത്തരം സങ്കേതങ്ങളില്‍ ഏറെയും. ഗൃഹനാഥന്‍ പോസിറ്റീവ് ലക്ഷണം കാണിച്ചിട്ടും മാറിത്താമസിക്കാന്‍ പറ്റാതെ പോകുന്ന ഇന്ത്യന്‍ കുടുംബങ്ങളും ഇവരില്‍ പെടുന്നു. പൂര്‍ണ ഗര്‍ഭിണികളും അടിയന്തര മരുന്നും ചികിത്സയും ആവശ്യമുള്ള നിത്യരോഗികളും ഇവര്‍ക്കിടയിലുണ്ട്. അവരെയെല്ലാം ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ക്ക് ഇവിടെ പരിമിതികളുണ്ട്. ഇത്തരക്കാരെ കണ്ടെത്തി ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെട്ട് പ്രത്യേക ക്വാറന്റൈന്‍ സംവിധാനം ഒരുക്കണം.

മാതൃരാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ ആകാശ വിലക്കില്‍ ഇളവ് വരുത്തി മുന്‍ഗണനാടിസ്ഥാനത്തില്‍ നാട്ടിലെത്തിക്കണം. അല്ലാത്തവര്‍ക്ക് കുവൈത്ത് മാതൃകയില്‍ ഇന്ത്യയില്‍ നിന്ന് പ്രത്യേക ചികിത്സാ സംഘത്തെ അയയ്ക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാവണം. കൊവിഡ് പ്രതിരോധത്തിനു ഫലപ്രദമെന്നു കരുതുന്ന മരുന്ന് വലിയ തോതില്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യ ആണെന്നിരിക്കെ അതും ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തിക്കണം. പ്രവാസികളുടെ ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും ഗള്‍ഫില്‍ കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളൊരുക്കുമെന്നും ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കുമെന്നും കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ചത് ആശ്വാസകരമാണ്. എന്നാലിത് സമയബന്ധിതമായി നടപ്പില്‍ വരുത്താനുള്ള സത്വര ശ്രമങ്ങള്‍ ഉണ്ടാവണം.

പ്രവാസ ലോകത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാനുള്ള എംബസിയുടെ സംവിധാനങ്ങള്‍ ഉണരുകയും ഇന്ത്യന്‍ മിഷനുകള്‍ ശക്തിപ്പെടുത്തി വിദേശ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം അതിനായി വിനിയോഗിക്കുകയും വേണം. പ്രവാസികള്‍ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ഇന്ത്യയും കേരളവും എംബസിയും കരുതല്‍ കരങ്ങളായി കൂടെ നില്‍ക്കണമെന്ന് ദമാം മീഡിയഫോറം പ്രസിഡന്റ് ചെറിയാന്‍ കിടങ്ങന്നൂര്‍, ജനറല്‍ സെക്രട്ടറി അഷ്റഫ് ആളത്ത്, ട്രഷറര്‍ നൗഷാദ് ഇരിക്കൂര്‍ എന്നിവര്‍ ഭരണാധികാരികള്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. രോഗകാലത്തിന്റെ പീഡകളില്‍ മുങ്ങിത്താഴുന്ന വിദേശ തൊഴില്‍ കുടിയേറ്റക്കാര്‍ക്കായി സമഗ്രമായ പദ്ധതികളും ഊര്‍ജിതമായ ഇടപെടലുമാണ് അടിയന്തരമായി വേണ്ടതെന്നും കത്തില്‍ വ്യക്തമാക്കി.