Connect with us

Covid19

കുടിയേറ്റ തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവം; പരസ്പരം പഴിചാരി മഹാരാഷ്ട്ര സര്‍ക്കാറും കേന്ദ്രവും

Published

|

Last Updated

ന്യൂഡല്‍ഹി | നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ മുംബൈയില്‍ തെരുവിലിറങ്ങിയ സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ ഫോണില്‍ വിളിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം കാര്യങ്ങള്‍ അടിച്ചമര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് ഷാ ആവശ്യപ്പെട്ടു. ഈ രീതിയിലുള്ള പ്രതിഷേധങ്ങള്‍ കൊവിഡ് വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നതിനാല്‍ ജാഗ്രതയോടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഇതിന് എല്ലാ പിന്തുണയും നല്‍കുന്നതായും കേന്ദ്ര ആഭ്യന്ത്ര മന്ത്രി പറഞ്ഞു.

സ്വന്തം നാട്ടിലേക്കു മടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് മുംബൈയിലെ ബാന്ദ്ര തെരുവിലിറങ്ങിയത്. ഉത്തര്‍ പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു പ്രതിഷേധക്കാരില്‍ അധികവും. ഭക്ഷണം ലഭിക്കുന്നില്ലെന്നും ദിസങ്ങളോളമായി പട്ടിണിയിലാണെന്നും തൊഴിലാളികള്‍ പറയുന്നു. ഇതിനു പുറമെ, താമസിക്കുന്ന ഇടങ്ങളില്‍ നിന്നും ഉടമകള്‍ ഇറക്കിവിടുന്നു, കൂലി നല്‍കുന്നില്ല തുടങ്ങിയ പരാതികളും ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം.

തെരുവിലിറങ്ങിയ തൊഴിലാളികളെ പോലീസ് ലാത്തിച്ചാര്‍ജിലൂടെ പിരിച്ചുവിട്ടതിനു പിന്നാലെ കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാറാണ് നിലവിലെ സാഹചര്യത്തിന് ഉത്തരവാദിയെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടതു പ്രകാരം കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ നടപടിയെടുക്കാത്തതാണ് സ്ഥിതിഗതികള്‍ വഷളാക്കിയതെന്ന് ആദിത്യ താക്കറെ പറഞ്ഞു. എന്നാല്‍, ഇതിനോട് രൂക്ഷമായാണ് ബി ജെ പി നേതാക്കള്‍ പ്രതികരിച്ചത്.

നിരോധനാജ്ഞ നിലവിലുണ്ടായിട്ടും, ബന്ദ്രയില്‍ ആയിരത്തോളമാളുകള്‍ ഒത്തുകൂടിയ സംഭവമുണ്ടായത് എങ്ങനെയാണെന്ന് ഉദ്ദവ് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് മുന്‍ എം പി. കിരിത് സൊമയ്യ ആവശ്യപ്പെട്ടു. ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്തു ചെയ്യുകയായിരുന്നുവെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഭക്ഷണം തരൂ അല്ലെങ്കില്‍ നാട്ടില്‍ പോകാന്‍ അനുവദിക്കൂ എന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ തെരുവിലിറങ്ങിയതെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

അതേസമയം, ലോക്ക് ഡൗണ്‍ നീട്ടിയതില്‍ നിരാശരായാണ് തൊഴിലാളികള്‍ പ്രതിഷേധം അഴിച്ചുവിട്ടതെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പ്രതികരിച്ചു. ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കുമെന്നും തങ്ങളുടെ നാട്ടിലേക്ക് മടങ്ങാമെന്നുമായിരുന്നു മുംബൈയില്‍ കുടുങ്ങിയ തൊഴിലാളികള്‍ കരുതിയിരുന്നത്. എന്നാല്‍, ലോക്ക് ഡൗണ്‍ നീട്ടുന്നതായി പ്രധാന മന്ത്രിയുടെ പ്രഖ്യാപനമുണ്ടായതോടെ പ്രകോപിതരായ അവര്‍ തെരുവിലിറങ്ങുകയായിരുന്നുവെന്നും ദേശ്മുഖ് വ്യക്തമാക്കി.

Latest