Connect with us

Covid19

കൊവിഡ്: സോണിയയുടെ വീഡിയോ സന്ദേശത്തിന് നന്ദി അറിയിച്ച് ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും പോലീസിനെയും ആരോഗ്യ, ശുചീകരണ പ്രവര്‍ത്തകരെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നന്ദി പ്രകടിപ്പിച്ച് ബി ജെ പി. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും ജനങ്ങളോടുള്ള സോണിയയുടെ അഭ്യര്‍ഥനയെ കൃതജ്ഞതയോടെ കാണുന്നതായി ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ ട്വീറ്റ് ചെയ്തു. നന്ദി, സോണിയാ ജി. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക എന്നായിരുന്നു ട്വീറ്റ്. പ്രതിസന്ധിയുടെ കാലത്ത് ജനങ്ങള്‍ ഐക്യപ്പെടേണ്ട അവസരത്തില്‍ സോണിയ രാഷ്ട്രീയം കളിക്കുന്നുവെന്ന് നേരത്തെ നദ്ദ ആരോപിച്ചിരുന്നു.

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനു മൂന്നു മണിക്കൂര്‍ മുമ്പാണ് സോണിയ വീഡിയോ സന്ദേശം പുറത്തുവിട്ടത്. അഞ്ചു മിനുട്ടും 45 സെക്കന്‍ഡും നീളുന്നതാണ് വീഡിയോ. വേണ്ടത്ര സുരക്ഷാ ഉപാധികള്‍ ഇല്ലാത്ത സാഹചര്യത്തിലും ത്യാഗനിര്‍ഭരമായ സേവനമാണ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചേര്‍ന്നു നടത്തുന്നതെന്ന് സോണിയ പറഞ്ഞു. നമ്മുടെ പോരാളികള്‍ രാപ്പകലെന്നില്ലാതെ കഠിനമായ അധ്വാനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിസന്ധിയുടെ സമയത്തും ക്ഷമയും സമാധാനവും നിലനിര്‍ത്തുന്ന രാജ്യത്തെ ജനങ്ങ ള്‍ക്ക്‌ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു.

“കൊവിഡിനെതിരെ നമുക്കു കൂടുതല്‍ ദേശഭക്തിയോടെ പോരാട്ടം തുടരാം. പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ നിങ്ങളുടെ കുടുംബം, ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍, രക്ഷിതാക്കള്‍ എന്നിവരുടെയെല്ലാം ത്യാഗത്തെ ഒരിക്കലും മറക്കില്ല. നിങ്ങളുടെ പിന്തുണയാലും സമര്‍പ്പണത്താലും നമുക്ക് ഈ പോരാട്ടം വിജയിക്കാന്‍ കഴിയും. നിങ്ങളെ പ്രശംസിക്കാന്‍ വാക്കുകളില്ല.”- സോണിയ പറഞ്ഞു.

മതിയായ സുരക്ഷാ ഉപാധികള്‍ ഇല്ലാതെയാണ് ഡോക്ടര്‍മാര്‍. ആരോഗ്യ പ്രവര്‍ത്തകര്‍, എന്‍ ജി ഒമാര്‍, പോലീസ്, സൈനികര്‍, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെല്ലാം രാവും പകലും സേവനം നടത്തുന്നത്. എന്നാല്‍, നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ അവരുടെ പോരാട്ടം ദുര്‍ബലമാകും. അത് സംഭവിക്കാന്‍ ഇടയാക്കരുത്. അവരുടെ പ്രവര്‍ത്തനങ്ങളെ ആദരവോടെ പിന്തുണക്കാന്‍ നമുക്കാകണം. ഡോക്ടര്‍മാരോട് മോശമായി പെരുമാറുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു ലഭിക്കുന്നുണ്ട്. ഇത് തെറ്റാണ്. നമ്മുടെ സംസ്‌ക്കാരം അതല്ല. മുന്നണി പോരാളികളോട് സഹകരിക്കേണ്ടത് അനിവാര്യമാണ്.- സോണിയ കൂട്ടിച്ചേര്‍ത്തു.

Latest