Connect with us

Covid19

ഗരീബ് കല്യാണ്‍ യോജന; ജനങ്ങള്‍ക്ക് 29,352 കോടി രൂപ നേരിട്ട് അക്കൗണ്ടില്‍ നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം ജനങ്ങള്‍ക്ക് 29,352 കോടി രൂപ നേരിട്ട് അക്കൗണ്ടില്‍ നല്‍കിയതായി കേന്ദ്ര ധനമന്ത്രാലയ വക്താവ് രാജേഷ് മല്‍ഹോത്ര. തിങ്കളാഴ്ച വരെയുള്ള കണക്കാണിത്. 32 കോടിയിലധികം ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം 5.29 കോടി ഉപഭോക്താക്കള്‍ക്ക് സൗജന്യ റേഷന്‍ ധാന്യങ്ങള്‍ വിതരണം ചെയ്തതായും മല്‍ഹോത്ര ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 3,985 മെട്രിക് ടണ്‍ ധാന്യം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണത്തിനായി നല്‍കിയിട്ടുണ്ട്.

ദീര്‍ഘകാലത്തേക്കുള്ള പരിശോധനാ കിറ്റുകള്‍ കൈവശമുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐ സി എം ആര്‍) വക്താവ് രമണ്‍ ഗംഗാഖേദ്കര്‍ വ്യക്തമാക്കി. ആര്‍ ടി-പി സി ആര്‍ (റിവേഴ്സ് ട്രാന്‍സ്്ക്രിപ്ഷന്‍-പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍) കിറ്റുകളുടെ മറ്റൊരു സെറ്റ് കൂടി ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ, 33ലക്ഷം ആര്‍ ടി-പി സി ആര്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കും. 37 ലക്ഷം റാപിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അവ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗംഗാഖേദ്കര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, പി ഐ ബി വക്താക്കളും വാര്‍്ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.