Connect with us

Articles

അംബേദ്കര്‍ എന്ന ധൈര്യം

Published

|

Last Updated

‘ഹിന്ദു രാഷ്ട്രം രൂപം കൊള്ളുകയാണെങ്കില്‍ അത് രാജ്യത്തെ നയിക്കാന്‍ പോകുന്നത് കൊടിയ ആപത്തിലേക്കാണ്. അത് തുല്യതക്കും സഹവര്‍ത്തിത്വത്തിനും ഭീഷണിയാകും. ജനാധിപത്യത്തിന് കടകവിരുദ്ധമായിരിക്കുമത്. ഹൈന്ദവ ഭരണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതുണ്ട്” (1946ല്‍ പ്രസിദ്ധീകരിച്ച അംബേദ്കറുടെ Pakistan or partition of India എന്ന പുസ്തകത്തില്‍ നിന്ന്). ദീര്‍ഘവീക്ഷണമുള്ള അംബേദ്കറുടെ ഈ വാക്കുകള്‍ ഇന്നത്തെ പ്രത്യേക കാലാവസ്ഥയില്‍ ജനാധിപത്യ വിശ്വാസികളെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്.
കൊറോണയുടെ ഭയം നിറഞ്ഞ അന്തരീക്ഷത്തിലേക്ക് ഇന്ത്യയും ലോകമാകെയും വഴുതിമാറുന്നതിന്റെ നിമിഷം വരെ ഇന്ത്യയുടെ അകത്തളങ്ങളിലെമ്പാടും സമര കോലാഹലങ്ങളുടെയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളുടെയും കാഴ്ചകളായിരുന്നു. 2019 ഡിസംബര്‍ 12ലെ പൗരത്വ നിയമ ഭേദഗതിക്കെതിരായിരുന്നു അവയെല്ലാം തന്നെ. അവിടങ്ങളിലെല്ലാം മുഴങ്ങി നിന്ന മുദ്രാവാക്യം ജയ് ഭീം എന്നതും പ്ലക്കാര്‍ഡുകളില്‍ നിറഞ്ഞ് നിന്ന ചിത്രം അംബേദ്കറുടേതുമായിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത് കലാലയങ്ങളില്‍ നിന്നാണ് എന്നതാകാം സമരത്തിന്റെ പ്രധാന മുദ്രാവാക്യവും പ്രചോദന കേന്ദ്രവും അംബേദ്കറാകാന്‍ പ്രധാന കാരണം. എന്നുമെന്നും കലാലയ പ്രക്ഷോഭങ്ങള്‍ക്ക് അംബേദ്കറുടെ ആശയങ്ങള്‍ വലിയ പ്രചോദനമായി വര്‍ത്തിച്ചത് കാണാന്‍ കഴിയും. ഇന്ത്യയിലെ മാത്രമല്ല വിദേശ സര്‍വകലാശാലകളിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലും അംബേദ്കറുടെ സന്ദേശങ്ങള്‍ വലിയ പ്രചോദനമായി.

ജാതീയമായ അവഗണനകള്‍ അനുഭവിച്ച് ത്യാഗമേറെ സഹിച്ച് നല്ല മാര്‍ക്കോടെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അംബേദ്കര്‍. ശേഷം വിദേശത്ത് നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ 29 കോഴ്‌സും ചരിത്രപഠനത്തില്‍ 11 കോഴ്‌സും സാമൂഹിക ശാസ്ത്രത്തില്‍ ആറും തത്വചിന്തയില്‍ ഏഴും നരവംശ ശാസ്ത്രത്തില്‍ നാലും ഫ്രഞ്ച്, ജര്‍മന്‍ ഭാഷാ സാഹിത്യങ്ങളിലോരോന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ മൂന്നും കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ച ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ച് വന്നത്. വിദേശത്ത് നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയും അദ്ദേഹത്തിന് തന്നെയാണ്.

അംബേദ്കറിലെ പ്രതിഭയോ പ്രവര്‍ത്തന മേഖലയോ കേവലം ഒന്നോ രണ്ടോ ഇടങ്ങളിലൊതുങ്ങുന്നില്ല. ദളിതുകള്‍ക്ക് തടാകത്തില്‍ നിന്ന് വെള്ളം കുടിക്കാനുള്ള അവകാശത്തിന് വേണ്ടി നടത്തിയ മഹത് സത്യഗ്രഹം ആയിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ആദ്യ സമര പ്രക്ഷോഭം. മഹാരാഷ്ട്രയിലെ മഹദിലെ ചവാദര്‍ ടാങ്ക് എന്നറിയപ്പെടുന്ന ശുദ്ധജല തടാകത്തില്‍ നിന്ന് വെള്ളം സംഭരിക്കുന്നതും കുടിക്കുന്നതും അന്നത്തെ സവര്‍ണ ജാതി കോമരങ്ങള്‍ വിലക്കിയിരുന്നു. അതില്‍ പ്രതിഷേധവും അരിശവുമുണ്ടായ അംബേദ്കര്‍ തന്റെ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും കൂട്ടി അവിടെയെത്തുകയും ചവാദറില്‍ നിന്ന് വെള്ളമെടുത്ത് കുടിക്കുകയും ചെയ്തു. ശുദ്ധജല സ്രോതസ്സുകള്‍ ദളിതുകളുള്‍പ്പെടെ സമൂഹത്തിനാകെ അവകാശപ്പെട്ടതാണെന്ന് സ്ഥാപിക്കാനും അതിലൂടെ രാജ്യമാകെ ദളിത് പിന്നാക്ക ശാക്തീകരണത്തിനും ഈ മഹാ സംഭവം വലിയ ഉണര്‍വ് നല്‍കി. സത്യഗ്രഹ സമരത്തിന് നേതൃത്വം നല്‍കിക്കൊണ്ട് അന്നവിടെ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം സഹപ്രവര്‍ത്തകരോട് പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്. “നമ്മള്‍ ഇവിടെ വെറുതെ സ്വല്‍പ്പം വെള്ളം കുടിക്കാന്‍ വേണ്ടി മാത്രം വന്നതല്ല. എല്ലാ മനുഷ്യരെയും പോലെയാണ് നമ്മളും എന്നത് മാലോകര്‍ക്ക് കാണിച്ചു കൊടുക്കാനും ബോധ്യപ്പെടുത്തിക്കൊടുക്കാനും വേണ്ടി വന്നതാണ്”.

സാമ്പത്തിക വിദഗ്ധന്‍ കൂടിയായ അംബേദ്കര്‍ എഴുതിയ The problem of the rupee: its origin and its solution എന്ന പുസ്തകത്തില്‍ നിന്നാണ് റിസര്‍വ് ബേങ്ക് എന്ന ആശയം ബ്രിട്ടീഷ് ഗവണ്‍മെന്റിന് ലഭ്യമാകുന്നത്. അതുപോലെ ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ സ്ഥിരപ്പെടുത്തിയാല്‍ മാത്രമേ രൂപ സ്ഥിരപ്പെടുകയുള്ളൂവെന്നും രൂപയുടെ നിലവാരം പണപ്പെരുപ്പവുമായി ബന്ധപ്പെട്ടതാണെന്നും ആദ്യമായി പറഞ്ഞ് വെച്ചതും അംബേദ്കറായിരുന്നു. അതുപോലെ ദാമോദര്‍ വാലി, ഭക്രാനംഗല്‍, സണ്‍ റിവര്‍ വാലി, ഹിരാക്കുഡ് തുടങ്ങിയ ജലവൈദ്യുതി പദ്ധതികളാരംഭിക്കുന്നതിലും കേന്ദ്ര ജല കമ്മീഷനും സെന്‍ട്രല്‍ ടെക്‌നിക്കല്‍ പവര്‍ബോര്‍ഡും സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുമൊക്കെ രൂപവത്കരിക്കുന്നതിലും ദേശീയ, സംസ്ഥാന തലങ്ങളിലെ ജലസേചന, ജലവൈദ്യുതി പദ്ധതികളും താപനിലയങ്ങളും സ്ഥാപിക്കുന്നതിലും പവര്‍ ഗ്രിഡിന്റെ വികസനത്തിലുമടക്കം അംബേദ്കറുടെ പങ്കും ഇടപെടലും വിവര്‍ണനാതീതമാണ്.

1942 മുതല്‍ 1946 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയി കൗണ്‍സിലില്‍ അംഗമായിരുന്നു അംബേദ്കര്‍. അവസരം മുതലെടുത്ത് നിരവധി തൊഴില്‍ നിയമ പരിഷ്‌കരണങ്ങള്‍ക്ക് പിന്നില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. തൊഴില്‍ സമയം പന്ത്രണ്ടില്‍ നിന്ന് എട്ട് മണിക്കൂറായി ചുരുക്കിയത് അംബേദ്കറുടെ പരിശ്രമങ്ങളിലെ പൊന്‍ തൂവലാണ്. ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ലീവ്, അവധി ആനുകൂല്യങ്ങള്‍, തുല്യ ജോലിക്ക് തുല്യവേതനം തുടങ്ങിയവയെല്ലാം ഉറപ്പ് വരുത്തുന്നതില്‍ അംബേദ്കറുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. അതുപോലെ സ്വതന്ത്ര ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മന്ത്രിസഭയില്‍ നിയമ മന്ത്രിയായിരുന്ന അംബേദ്കര്‍ 1951ല്‍ രാജിവെച്ചൊഴിയാന്‍ വരെ കാരണം ഹിന്ദു കോഡ് ബില്ലിനായുള്ള പോരാട്ടമായിരുന്നു. ഹിന്ദു സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് തുല്യനീതിയും അവകാശങ്ങളും ഉറപ്പ് വരുത്തുന്നതാണ് ഹിന്ദു കോഡ് ബില്‍. ഓരോ രാജ്യത്തിന്റെയും സാമൂഹിക പുരോഗതി വിലയിരുത്തുന്നത് അവിടെ സ്ത്രീകളുടെ പുരോഗതി എത്രത്തോളമുണ്ടെന്ന അടിസ്ഥാനത്തിലാണെന്നാണ് അംബേദ്കറുടെ നിലപാട്.

ഒരേ ഭാഷ സംസാരിക്കുന്ന ജനസമൂഹങ്ങളെ വിഭജിക്കുകയാണെങ്കില്‍ അത് ഭരണപരമായ വിവിധ പ്രാദേശിക മേഖലകളെ പരിഗണിച്ചും ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളുടെ അനുപാതം കണക്കാക്കിയുമാകണമെന്ന അംബേദ്കറുടെ നിലപാട് ജമ്മു കശ്മീര്‍ എന്ന സംസ്ഥാനത്തെ തന്നെ റദ്ദ് ചെയ്ത് രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ ഫാസിസ്റ്റ് ഭരണകാലത്ത് ഏറെ പ്രസക്തമായതാണ്. അംബേദ്കറെ കൂടുതലായി പഠിക്കാനും അംബേദ്കറുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും ഗവേഷണം ചെയ്യാനും പ്രചരിപ്പിക്കാനുമുള്ള സംവിധാനങ്ങളുണ്ടാക്കുക എന്നത് തന്നെയാണ് ഇന്ത്യ ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം.