Connect with us

Editorial

വര്‍ഗീയ അജന്‍ഡകള്‍ക്ക് ലോക്ക്ഡൗണില്ല

Published

|

Last Updated

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ദേശീയതലത്തില്‍ രാഷ്ട്രീയ വൈരങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ആഗോള തലത്തില്‍ ഇസ്‌ലാമോഫോബിയക്കും ശമനം വന്നെങ്കിലും ഇന്ത്യന്‍ സംഘ്പരിവാര്‍ അവരുടെ വര്‍ഗീയ അജന്‍ഡകള്‍ രാജ്യത്തിനകത്തും പുറത്തും നിരന്തരം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ദുബൈയില്‍ സാമൂഹിക മാധ്യമത്തിലൂടെ മതനിന്ദ നടത്തിയതിന് കര്‍ണാടക സ്വദേശി രാകേഷ് ബി കിത്തുര്‍മഥിനെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിടുകയും ദുബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. കൊറോണയുമായി ബന്ധപ്പെട്ട് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ കടുത്ത അവഹേളനാപരമായ പോസ്റ്റാണ് ദുബൈ എമ്രില്‍ സര്‍വീസസില്‍ ജീവനക്കാരനായിരുന്ന രാകേഷ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്നതും വ്യത്യസ്ത ദേശീയതയും മതവും പശ്ചാത്തലവും സ്വാഗതം ചെയ്യുന്നതുമാണ് തങ്ങളുടെ സ്ഥാപനം. വിദ്വേഷപരമായ കുറ്റകൃത്യങ്ങളോട് കമ്പനി ഒട്ടും സഹിഷ്ണുത കാണിക്കുകയില്ലെന്നാണ് രാകേഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു കൊണ്ട് കമ്പനി സി ഇ ഒ സ്റ്റുവാര്‍ട്ട് ഹാരിസണ്‍ പറഞ്ഞത്.

ഫേസ്ബുക്ക് പേജില്‍ ഇസ്‌ലാമിനെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തതിന് ഒരാഴ്ച മുമ്പ് അബൂദബിയില്‍ താമസിക്കുന്ന മിതേഷ് എന്നയാള്‍ക്കും ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്തു പോകേണ്ടി വന്നു. ദുബൈ ഫ്യൂച്ചര്‍ വിഷന്‍ ഇവന്റ്സ് ആന്‍ഡ് വെഡിംഗ്‌സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സമീര്‍ ഭണ്ഡാരി സഹപ്രവര്‍ത്തകനോട് മതവൈരത്തിന്റെ പേരില്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതിന് പോലീസ് കേസ് എടുത്തതും അടുത്തിടെയാണ്. യു എ ഇയില്‍ മതനിന്ദ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമമാണ് നിലവിലുള്ളത്. ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ഹിന്ദുത്വര്‍ നടത്തി വരുന്ന മതനിന്ദാപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് പരാതി ലഭിക്കുകയും പ്രതികള്‍ക്ക് കോടതികള്‍ ശിക്ഷകള്‍ വിധിക്കുകയും ചെയ്യാറുണ്ട്. എന്നിട്ടും ജോലി ചെയ്യാന്‍ അവസരം നല്‍കിയ ഭരണകൂടത്തോട് അല്‍പ്പം പോലും കൂറ് കാണിക്കാതെയും രാഷ്ട്ര നിയമങ്ങള്‍ വകവെക്കാതെയും മുസ്‌ലിം വിരുദ്ധവും അവഹേളനാപരവുമായ പ്രചാരണങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ് ഇവര്‍.

ഈ ലോക്ക്ഡൗണിന്റെ കാലത്ത് ഇന്ത്യക്കകത്ത് വ്യാപകമാണ് ഹിന്ദുത്വരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍. കൊറോണ പരത്തുന്നുവെന്നാരോപിച്ച് ഡല്‍ഹിയിലെ ബവാന മേഖലയിലും കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലും കാവിഗുണ്ടകള്‍ സംഘം ചേര്‍ന്ന് മുസ്‌ലിംകളെ മര്‍ദിക്കുന്ന വാര്‍ത്ത ഫോട്ടോ സഹിതം മാധ്യമങ്ങളില്‍ വന്നിരുന്നു. രണ്ട് ദിവസം മുമ്പാണ് ബാഗല്‍കോട്ട് ജില്ലയിലെ ബിദരി ഗ്രാമത്തില്‍ പതിനഞ്ചോളം ഹിന്ദുത്വ ഭീകരര്‍ ചേര്‍ന്ന് വടികളും ഇരുമ്പു ദണ്ഡുകളും ഉപയോഗിച്ച് രണ്ട് മുസ്‌ലിംകളെ അക്രമിച്ചത്. ലോക്ക്ഡൗണില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ പോകുകയായിരുന്നു രണ്ട് പേരും. ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടും വര്‍ഗീയാന്ധത ബാധിച്ച ഹിന്ദുത്വര്‍ അവരെ വെറുതെ വിടാന്‍ തയ്യാറായില്ല.

ഡല്‍ഹി തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കോട്ടയത്തെ ഒരു പള്ളിയില്‍ ഒളിച്ചു താമസിച്ചുവെന്നും ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും വ്യാജ പ്രചാരണം നടത്തിയതിന് കോട്ടയം തെക്കുംഗോപുരത്ത് മാതൃഷാ എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനടക്കം പത്ത് പേര്‍ അറസ്റ്റിലായതും അടുത്ത ദിവസമാണ്. പള്ളിക്ക് മുന്നില്‍ അഗ്നിരക്ഷാ സേന അണുനശീകരണം നടത്തുന്ന വീഡിയോക്ക് തെറ്റായ അടിക്കുറിപ്പ് നല്‍കിയാണ് ഇവര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. തബ്‌ലീഗ് സമ്മേളനത്തിന്റെ പേരില്‍ തബ്‌ലീഗ് പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത മുസ്‌ലിംകളും ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് രാജ്യത്തിന്റെ പലഭാഗത്തും. പഞ്ചാബിലെ ഹോഷിയാപൂരില്‍ എട്ട് മുസ്‌ലിം കുടുംബങ്ങളെ രോഗം പരത്തുന്നവരെന്നാരോപിച്ച് മുസ്‌ലിം വിരുദ്ധര്‍ വീടുകളില്‍ നിന്ന് തുരത്തിയോടിച്ചതായി കഴിഞ്ഞ ദിവസം “ദ വയര്‍” റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘികളുടെ അക്രമം ഭയന്ന് വീടുകള്‍ വിട്ടോടിപ്പോയ കുട്ടികളും സ്ത്രീകളും അടങ്ങുന്ന ഈ കുടുംബങ്ങള്‍ സാന്‍ നദിക്കരയിലാണ് അഭയം പ്രാപിച്ചത്.
കൊറോണ ബാധയെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരായ വിദ്വേഷ പ്രചാരണത്തിനും ഇസ്‌ലാമോഫോബിയക്കും വന്‍തോതില്‍ മാറ്റം വന്നിട്ടുണ്ട്. വിശേഷാവസരങ്ങളിലല്ലാതെ ഉച്ചഭാഷിണിയില്‍ വാങ്ക് വിളി നിരോധിക്കപ്പെട്ടിരുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ പല പ്രദേശങ്ങളിലും കൊവിഡ് 19 ഉയര്‍ത്തിയ ഭീതിയില്‍ ഭരണകൂടങ്ങള്‍ വാങ്ക് വിളിക്ക് അനുമതി നല്‍കിക്കഴിഞ്ഞു. ചരിത്രത്തിലാദ്യമായി ആഗോള മാധ്യമ ഭീമന്മാരായ ബി ബി സി വെള്ളിയാഴ്ചകളില്‍ മുസ്‌ലിം പരിപാടികള്‍ പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഖുര്‍ആന്‍, ഹദീസ് വചനങ്ങളും പണ്ഡിതരുടെ പ്രസംഗങ്ങളുമായിരിക്കും ഇവര്‍ പ്രക്ഷേപണം ചെയ്യുക. ഈ വിധം മഹാമാരി ആഗോള ജനതയില്‍ മതസൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും പുതിയ വാതായനങ്ങള്‍ തുറന്നിടുമ്പോള്‍ ഇന്ത്യയിലെ സംഘ്പരിവാര്‍ പ്രഭൃതികള്‍ക്ക് മാത്രം ഇനിയും മനംമാറ്റം വരുന്നില്ല! അത്രയും തീക്ഷ്്ണവും കഠിനവുമാണ് അവരുടെ പരമത ശത്രുത.

ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്ന് കുറച്ചു ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു സംഭവം ഇത്തരക്കാര്‍ക്കു വഴികാട്ടിയാകേണ്ടതാണ്. അവിടെ രവിശങ്കര്‍ എന്ന ഗ്രാമീണന്‍ മരണപ്പെടുകയും കൊവിഡ് ഭയന്നു ബന്ധുക്കളും നാട്ടുകാരും മരണ വീട്ടിലേക്ക് വരാന്‍ വിസമ്മതിക്കുകയും ചെയ്തപ്പോള്‍ പ്രദേശത്തെ മുസ്‌ലിംകളായിരുന്നു പരേതന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. മൃതദേഹം സംസ്‌കരിക്കുന്നതിന് സഹായിക്കണമെന്ന് ബന്ധുക്കളോടും അയല്‍വാസികളോടും രവിശങ്കറിന്റെ മകന്‍ കേണപേക്ഷിച്ചിട്ടും അവര്‍ തിരിഞ്ഞു നോക്കിയതേയില്ല. ഈ ഘട്ടത്തില്‍ പരിസരത്തെ മുസ്‌ലിംകള്‍ ആ കര്‍മം നിര്‍വഹിക്കാന്‍ മുന്നോട്ട് വരികയായിരുന്നു. ഒരുപക്ഷേ, അന്നേരവും സംഘ്പരിവാറിന്റെ സൈബര്‍ പോരാളികള്‍ പുതിയ വിദ്വേഷ പ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കോപ്പുകൂട്ടുന്ന തിരക്കിലായിരിക്കണം.

Latest