Connect with us

Covid19

പ്രവാസികളെ തിരികെ എത്തിക്കുന്നതില്‍ മൗനം പാലിച്ച് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് 19 മൂലം കഷ്ടത അനുഭവിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ മൗനം പാലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മോദി പ്രവാസികളെ തമസ്‌ക്കരിച്ചത്.

പ്രവാസികളെ തിരികെ എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളും വിവിധ സംഘടനകളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് ഇതിനകം നിരവധി പ്രവാസി ഇന്ത്യക്കാര്‍ മരണപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് പ്രവാസികള്‍ ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. രാജ്യത്ത് നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രാസികളെ ഏറ്റെടുക്കണമെന്ന് യു എ ഇ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് നടത്തിയ പ്രസംഗത്തില്‍ പ്രവാസികളെ സംബന്ധിച്ച് ഒരു വാക്ക് പോലും പറയാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. പ്രവാസികളുടെ സുരക്ഷ സംബന്ധിച്ച് വിദേശ രാജ്യങ്ങളോട് ആവശ്യപ്പെട്ടത് അടക്കമുള്ള എന്തെങ്കിലും കാര്യങ്ങള്‍ പ്രധാനമന്ത്രി പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നിരാശ മാത്രമായിരുന്നു ഫലം.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ യാത്ര സംബന്ധിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. ലോക്ക്ഡൗണ്‍ തീരുന്ന മുറക്ക് അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് നടപടി വേണമെന്ന് കേരളവും മഹാരാഷ്ട്രയുമെല്ലാം ആവശ്യപ്പെട്ടിരുന്നു.

ലോക്ക്ഡൗണില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഉണ്ടായില്ല. എന്നാല്‍ പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശം നാളെ പുറപ്പെടുവിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം നേരിയ പ്രതീക്ഷയേകുന്നതാണ്.

 

 

Latest