Connect with us

Covid19

ലോക്ക്ഡൗണ്‍ നീട്ടല്‍; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഒരു മണിക്കൂറിനകം

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19 രാജ്യത്ത് വര്‍ധിക്കുന്ന സൗഹചര്യത്തില്‍ നേരത്തെ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. അല്‍പ്പസമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും. എന്നാല്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരുമ്പോഴും കാര്‍ഷിക മേഖലയിലടക്കം ചില ഇളവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നേരത്തെ തീരുമാനമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഈ ആവശ്യം ശക്തമായി ഉന്നയിക്കുകയായിരുന്നു. മഹാരാഷ്ട്ര, ദല്‍ഹി, യു.പി, പഞ്ചാബ്, ഒഡീഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.

ഏപ്രില്‍ 31 വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടണമെന്നും രാജ്യത്താകമാനം ഈ തീരുമാനം നടപ്പിലാക്കണമെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തില്‍ തീരുമാനം എടുക്കരുതെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ ഒറ്റഘട്ടമായി പിന്‍വലിക്കരുതെന്നും ഏപ്രില്‍ മാസം മുഴുവന്‍ ലോക്ക് ഡൗണ്‍ തുടരണമെന്നുമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ യോഗത്തില്‍ ആവശ്യപ്പെട്ടത്.
ലോക്ക് ഡൗണ്‍ നീട്ടണമെന്നും എന്നാല്‍ വ്യവസായകാര്‍ഷിക മേഖലകള്‍ക്ക് ചില ഇളവുകള്‍ ലഭ്യമാക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ യോജിപ്പുണ്ടെന്നും കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നുമാണ് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞത്. ലോക്ക് ഡൗണ്‍ നീട്ടിയാല്‍ പൂര്‍ണമായും സഹകരിക്കുമെന്ന് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, കേരള മുഖ്യമന്ത്രിമാരും അറിയിച്ചിരുന്നു.

 

 

Latest