Connect with us

Covid19

പ്രവാസികളെ താമസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കം തുടങ്ങി; രണ്ടര ലക്ഷം മുറികള്‍ കണ്ടെത്തി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന മലയാളികളെ പാര്‍പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം പതിനായിരങ്ങള്‍ തിരച്ചെത്തുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഇവരെ നിരീക്ഷണത്തില്‍ വെക്കുന്നതിനുള്ള സൗകര്യങ്ങാണ് ആദ്യം ഒരുക്കേണ്ടത്. ഇതിനായി വിവിധ മത- സാമുദായിക സംഘടനകളുടെ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, റിസോര്‍ട്ടുകള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ഹോസ്റ്റലുകള്‍, ഹൗസ് ബോട്ടുകള്‍ എന്നിവ സര്‍ക്കാര്‍ കണ്ടെത്തി കഴിഞ്ഞു. പല സ്ഥാപന ഉടമകളും സ്വമേധയാ പ്രവാസികളെ താമസിപ്പിക്കാന്‍ കേന്ദ്രങ്ങള്‍ വിട്ടുതരാമെന്ന് സര്‍ക്കാറിനെ അറിയിക്കുകയായിരുന്നു. എല്ലാ ജില്ലകളിലും നിരീക്ഷണ കേന്ദ്രങ്ങള്‍ കണ്ടെത്തി കഴിഞ്ഞതായാണ് സര്‍ക്കാര്‍ പറയുന്നത്. രണ്ടര ലക്ഷം മുറികളാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. ഇവിടങ്ങളില്‍ വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.

പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് മുറികള്‍ സജ്ജീകരിക്കുന്നതിനുള്ള ചുമതല. കണ്ടെത്തിയ രണ്ടരലക്ഷം മുറികളില്‍ 1.24 ലക്ഷം മുറികളില്‍ എല്ലാ സൗകര്യവും ഉറപ്പുവരുത്തി. പണം നല്‍കി ഉപയോഗിക്കാന്‍ പാകത്തിലുള്ളതും അല്ലാത്തതുമായ കെയര്‍ സെന്ററുകളാണ് പ്രവസികള്‍ക്കായി തയ്യാറാക്കുക. ആലപ്പുഴയില്‍ ഹൗസ്‌ബോട്ട് താമസസൗകര്യമുണ്ട്. 2000 കിടക്കകളാണ് ഹൗസ്‌ബോട്ടിലുണ്ടാകുക. വയനാട് ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും വില്ലകളുമടക്കം 135 സ്ഥാപനങ്ങള്‍ ഇതിനകം ഏറ്റെടുത്ത് കൊവിഡ് കെയര്‍ സെന്ററുകളാക്കി. മറ്റ് ജില്ലകളിലും ഏറ്റെടുക്കേണ്ട ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും പട്ടിക തയ്യാറാക്കി.

ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലപ്പുറം ജില്ലയിലാണ്. തിരിച്ചുവരുന്നവരേറെയും ഇവിടേക്കാകുമെന്നും വിലയിരുത്തുന്നു. കുടംബത്തോടൊപ്പം വിദേശത്ത് കഴിയുന്നവരുടെ എണ്ണവും ഇവിടെ കൂടുതലാണ്. കുടുംബത്തോടൊപ്പം തിരികെയെത്തുന്നവര്‍ക്ക് എ സി സൗകര്യത്തോടെയുള്ള വീടുകളും വില്ലകളുമാണ് ഉദ്ദേശിക്കുന്നത്. ഇത് പണം നല്‍കി ഉപയോഗിക്കാനാണ്. ചെറിയ തുകമാത്രം ഈടാക്കുന്നതും പൂര്‍ണമായും സൗജന്യമായതുമായ താമസസൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ 7500 മുറികള്‍ കണ്ടെത്തി കഴിഞ്ഞു. പത്തനംതിട്ട 8100 മുറികള്‍, വയനാട് 135 കെട്ടിടങ്ങള്‍, ആലപ്പുഴ 10,000 കിടക്കകള്‍, മലപ്പുറം 15,000 കിടക്കകള്‍, കണ്ണൂര്‍ 4000 കിടക്കകള്‍, തൃശൂര്‍ 7581 മുറികള്‍, കോഴിക്കോട് 15,000 മുറികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തവയില്‍പ്പെടും.

പ്രവാസികളെ തിരികെ എത്തിക്കേണ്ട വിഷയത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. ഒരു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാട് എന്തൊക്കെയന്ന് പഠിച്ച് അറിയിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു മാസത്തിന് ശേഷം മാത്രമേ പ്രവാസികളെ തിരികെ എത്തിക്കാനുള്ള നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്നുള്ള എല്ലാ തയ്യാറെടുപ്പുകളും ഉടന്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. പ്രശ്‌നത്തില്‍ പരമാവധി വേഗത്തില്‍ നടപടി സ്വീകരിക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദം തുടരാനുമാണ് നീക്കം.