Connect with us

Covid19

വ്യക്തിഗത വിവരങ്ങള്‍ നിയമവിരുദ്ധമായി കൈമാറപ്പെടില്ലെന്ന് ഐ ടി വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം | സ്പ്രിംക്ലറിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത് ആരുടേയും സ്വകാര്യത അപകടപ്പെടുത്താന്‍ കാരണമാകുകയില്ലെന്ന വിശദീകരണവുമായി ഐ ടി വകുപ്പ്. ഒരാളുടേയും വ്യക്തിഗത വിവരങ്ങള്‍ നിയമവിരുദ്ധമായി കൈമാറപ്പെടുകയുമില്ലെന്നും ഇത് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ഐടി വകുപ്പ് വ്യക്തമാക്കുന്നു.

ഐ ടി വകുപ്പിന്റെ വിശദീകരണക്കുറിപ്പിന്റെ പൂര്‍ണരൂപം:

കോവിഡ് വ്യാപനനിയന്ത്രണത്തിനായുള്ള വിവരശേഖരണത്തിലെ സുരക്ഷിതത്വം സംബന്ധിച്ച സംശയങ്ങളെക്കുറിച്ച്

കോവിഡ് രോഗവ്യാപന നിയന്ത്രണത്തില്‍ സമയബന്ധിതമായ ഇടപെടല്‍ എത്രത്തോളം പ്രധാനമാണ് എന്ന് ഇക്കാര്യത്തില്‍ വിവിധ ലോകരാജ്യങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുന്ന ഏതൊരാള്‍ക്കും മനസിലാക്കാവുന്നതാണ്. സംരക്ഷണ നടപടികള്‍ സ്വീകരിക്കുന്നതില്‍ താമസമുണ്ടാകുന്ന ഓരോ ദിവസവും നൂറുകണക്കിന് ആളുകളുടെ സുരക്ഷിതത്വവും ജീവനുമാണ് അപകടത്തിലാക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനാവശ്യമായ വിവരശേഖരണത്തിനും വിവരവിശകലനത്തിനും നടപടികളുടെ നിര്‍വ്വഹണത്തിനും ലഭ്യമാക്കാനാകുന്ന ഏറ്റവും മികച്ച സാങ്കേതിക വിദ്യാ സംവിധാനങ്ങള്‍ ഉപയോഗിക്കാനും അതിലൂടെ കേരളത്തിലെ മുഴുവനാളുകളേയും സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇക്കാര്യങ്ങളൊന്നും മനസിലാകാത്ത വിധമുള്ള ചില ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിട്ടുള്ളത്. ആഗോള വ്യാപകമായ ഈ മഹാമാരിയെക്കുറിച്ചുള്ള ഭീതിയും നാളെയെന്താണ് സംഭവിക്കുകയെന്ന ആശങ്കയും ജീവനോപാധികളെക്കുറിച്ചുള്ള വേവലാതിയുമൊക്കെ സാധാരണക്കാരായ ജനലക്ഷങ്ങളുടെ മനോധൈര്യം തകര്‍ത്താലത് നമ്മുടെ പൊതുവായ നിലനില്‍പ്പിനും ജാഗ്രതയ്ക്കുമാണ് ഇടര്‍ച്ചയുണ്ടാക്കുക. അതുകണക്കിലെടുത്ത് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുകയാണ്.

കോവിഡ് രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏതാനം ദിവസങ്ങളോ മാസങ്ങള്‍ കൊണ്ടു പോലുമോ നമുക്ക് അവസാനിപ്പിക്കാവുന്നതല്ല എന്നത് ഇപ്പോള്‍ സംശയതീതമായിട്ടുണ്ട്. ഫലപ്രദമായ മരുന്നോ വാക്‌സിനോ കണ്ടെത്തപ്പെട്ട് നമുക്ക് ലഭ്യമാകാന്‍ ഏതാനും വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നേക്കാം. അതുവരെ നമുക്ക് എല്ലാ സാമ്പത്തികഭരണ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കാനാകുകയില്ല.രോഗങ്ങളുള്ളവരാകയാല്‍ വളരെ വേഗം രോഗബാധിതരാകാനിടയുള്ളവരുമാണ്. ഗ്രാമ നഗര വ്യത്യാസമില്ലാതെ ആളുകള്‍ വളരെ അടുത്തടുത്ത് ഇടകലര്‍ന്നു ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയാണു നമുക്കുള്ളതുതാനും. ഇതിനു പുറമേയാണ് വിദേശരാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള കേരളീയരില്‍ ലക്ഷക്കണക്കിനാളുകളെ നമുക്ക് വളരെ വൈകാതെ മടക്കി കൊണ്ടുവരേണ്ടിവരും എന്ന യാഥാര്‍ത്ഥ്യം. ഇവരുടെയൊക്കെ ആരോഗ്യനില, രോഗസാദ്ധ്യത തുടങ്ങിയവ പൂര്‍ണ്ണമായും കൃത്യതയോടെ നമുക്ക് നിരീക്ഷിക്കേണ്ടതുണ്ട്.

വലിയ അളവിലുള്ള ഈ വിവരങ്ങളുടെ വിശകലനമോ പലയിടത്തു നിന്നായി നിശ്ചിതമായ ഫോര്‍മാറ്റുകളിലൊന്നുമല്ലാതെ വരുന്ന വിവരങ്ങളില്‍ നിന്ന് ആവശ്യവും പ്രാധാന്യവുമുള്ളവ കണ്ടെത്തുന്ന പ്രവര്‍ത്തനമോ കടലാസില്‍ കുറിച്ചു വച്ചോ സാധാരണ കമ്പ്യൂട്ടര്‍ ഫയലുകളായോ കൈകാര്യം ചെയ്യാനാകുന്നതല്ല. അതിന് മികച്ച ഐടി ടൂളുകളും സംവിധാനവും ലഭ്യമാക്കിയേ കഴിയൂ. നമ്മുടെ വകുപ്പുതല സംവിധാനത്തിന് ഇതിനുള്ള സോഫ്‌റ്റ്വെയര്‍ കുറ്റമറ്റ രീതിയില്‍ സ്വന്തമായി ഉണ്ടാക്കാനും പരിപാലിക്കാനും പെട്ടന്ന് ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ കഴിയുകയുമില്ല.

വലിയതോതില്‍ ജനങ്ങളുടെ സുരക്ഷ അപകടത്തിലാകാതിരിക്കുന്നതിന്, രോഗവ്യാപനം നടന്നിട്ടുള്ള മറ്റിടങ്ങളില്‍ നിന്ന് കൂടുതലായി ഒരാളെങ്കിലും പുതുതായി മടങ്ങിയെത്തുന്നതിനു മുമ്പായിത്തന്നെ, ശക്തമായ നിരീക്ഷണത്തിനും പ്രതിദിന വിവരശേഖരണത്തിനും വിവര വിശകലനത്തിനും സഹായകമായ മികച്ച വിവരവിശകലന ടൂളുകള്‍ നമ്മുടെ കൈവശമുണ്ടാകുകയും നിലവിലുള്ള ഡേറ്റ ഉപയോഗിച്ച് ആ ടൂളിനെ കസ്റ്റമൈസ് ചെയ്ത് തയ്യാറാക്കിവയ്ക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

വളരെ വലിയ വിവരശേഖരങ്ങളുടെ വിശകലനം എന്നത് പോലെതന്നെയുള്ള മറ്റൊരു വെല്ലുവിളിയാണ് പല മാര്‍ക്ഷങ്ങളിലൂടെയായി പല രൂപത്തിലെത്തുന്ന വിവരങ്ങള്‍. അത് ഫീല്‍ഡുതലത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും പ്രശ്‌നത്തിലകപ്പെട്ടിരിക്കുന്ന സാധാരണ ആഴ്ചകളില്‍ നിന്നുമൊക്കെയായി ഫേസ് ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ് ആപ്പ്, ഈമെയിലുകള്‍, ഫോണ്‍ കോളുകള്‍ തുടങ്ങിയവയൊക്കെ വഴി മുന്‍ നിശ്ചിത ഫോര്‍മാറ്റുകളിലൊന്നും അല്ലാതെ വിവരങ്ങള്‍ വാര്‍റൂമിലേക്ക് എത്തിക്കൊണ്ടിരിക്കും. ഈ അണ്‍സ്ട്രക്‌ചേര്‍ഡ് ഡേറ്റ് വളരെ വേഗം വിശകലനം ചെയ്ത് പ്രാധാന്യമുള്ളവ കണ്ടെത്തി വേണം സഹായം എത്തിക്കേണ്ടിടത്ത് അത് ഉടനേ എത്തിക്കുന്നത്. ഇതു പ്രളയകാലത്തും നമ്മള്‍ നേരിട്ട പ്രശ്‌നമാണ്. ഈ രണ്ടു പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാനാകുന്ന മികച്ച ടൂളെന്ന നിലയ്ക്കാണ് മലയാളിയായ രാഗി തോമസ് എന്ന സംരംഭകന്റെ സ്പ്രിംക്ലര്‍ എന്ന കമ്പനി, സൌജന്യമായി നല്‍കുന്ന സോഫ്റ്റ് വെയര്‍ സേവനം സര്‍ക്കാര്‍ സ്വീകരിച്ചത്.

അമസോണ്‍ ക്ലൗഡ് സര്‍വറില്‍ പ്രവര്‍ത്തിക്കുന്ന SaaS (Software as a Service) അപ്ലിക്കേഷനാണ് സ്പ്രിംക്ലര്‍ ലഭ്യമാക്കുന്ന സോഫ്റ്റ് വെയര്‍ ടൂള്‍. കേരള സര്‍ക്കാര്‍ ഇത് ഉപയോഗിക്കുന്നതിനുള്ള കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ലഭ്യമാകുന്നത് പൂര്‍ണ്ണമായും നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞതും വ്യക്തമായ ഉപയോഗ്യത തെളിയിക്കപ്പെട്ടതുമായ ഒരു റെഡീ ടു യൂസ് സോഫ്റ്റ് വെയറിന്റെ സേവനമാണ്. അതു നമ്മുടെ പ്രത്യേക ആവശ്യത്തിലേക്ക് കസ്റ്റമൈസ് ചെയ്താല്‍ മതി. തുടര്‍ന്ന് അതിനുള്ള മെയിന്റനന്‍സും അപ്‌ഡേറ്റകളും എല്ലാം കമ്പനിയുടെ ബാധ്യതയാണ്. അതെല്ലാം അടങ്ങുന്ന സമഗ്ര സേവനമാണ് ടമമട. അതേസമയം ശേഖരിക്കപ്പെടുന്ന വിവരസഞ്ചയം പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്റെ മാത്രം ഉടമസ്ഥതയിലുള്ളതായിരിക്കും. ഇതില്‍ പ്രത്യേകം മനസിലാക്കേണ്ട ഒരു കാര്യം ഒരു ടമമട ആപ്ലിക്കേഷനില്‍ വിവരശേഖരണം നടത്തുന്നത് പ്രസ്തുത ആപ്ലിക്കേഷനില്‍ തന്നെയുള്ള സോഫ്റ്റ് വെയര്‍ വഴിയായിരിക്കും എന്നതാണ്. അതടക്കമുള്ള സേവനമാണ് അവര്‍ നമുക്കു നല്‍കുന്നത്.

ഇപ്പോള്‍ അഞ്ചു ഫോമുകളിലായി ശേഖരിക്കപ്പെടുന്ന വിവരങ്ങളാണ് ഇതില്‍ വിശകലനം ചെയ്യപ്പെടുന്നത് (1) വിദേശങ്ങളില്‍ നിന്നു എത്തിയ ആളുകളുടെ വിവരങ്ങള്‍, (2)ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും എത്തിയവരുടെ വിവരങ്ങള്‍, (3)രോഗികളുമായി നിരന്തരം ഇടപെടേണ്ടി വരുന്നവരായ ആരോഗ്യമേഖലാ പ്രവര്‍ത്തകരുടെ വിവരങ്ങള്‍, (4)നമ്മുടെ സമൂഹത്തില്‍ വളരെ വേഗം രോഗബാധിതരാകാനിടയുള്ളവരുടെ വിവരങ്ങള്‍. ഇവ നാലും അതാതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് സ്വമേധയായോ കുടുംബാംഗങ്ങളുടെ സഹായത്തോടെയോ നല്‍കാനാകുന്ന വിവര ഫോര്‍മാറ്റുകളായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. (5) ഓരോ ദിവസവും നിരീക്ഷണത്തിലുള്ളവരെ സന്ദര്‍ശിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷിക്കപ്പെടുന്നവരുടെ ആരോഗ്യനിലയെക്കുറിച്ച് കണ്ടറിഞ്ഞ് കൂട്ടിച്ചേര്‍ക്കേണ്ട വിവരങ്ങളാണ് അഞ്ചാമത്തേത്. ആദ്യത്തെ നാലു ഫോമുകളില്‍ നിന്നും വ്യത്യസ്തമായി ആപ്ലിക്കേഷനില്‍ നിന്നും ലഭ്യമാക്കുന്ന വിവരഫോര്‍മാറ്റില്‍ പുതിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യലാണ് അഞ്ചാമത്തെ ഫോമിലാവശ്യം.

തുടക്കത്തില്‍ ഈ അഞ്ചു ഫോമുകളിലെ വിവരങ്ങള്‍ നല്‍കപ്പെട്ടിരുന്നത് citizencetnre.sprinklr.com എന്ന സബ് ഡൊമെയ്‌നിലേക്കാണ്. തുടര്‍ന്ന് citizencetnre.kerala.gov.in എന്ന സബ് ഡൊമൈന്‍ തയ്യാറാക്കിയതോടെ അതില്‍ കൂടി പുതിയ വിവരങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. ചില മാറ്റങ്ങള്‍ സോഫ്‌റ്റ്വെയറില്‍ വരുത്തേണ്ടതുണ്ടായിരുന്നതിനാല്‍ ആ മാറ്റങ്ങളും തയ്യാറായതിന് ശേഷമാണ് പുതിയ സബ് ഡൊമൈനിനെ കുറിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഇത് നടത്തിവരുന്ന പ്രവര്‍ത്തനത്തിലെ തുടര്‍ച്ച മാത്രമാണ്. വിവരശേഖരണം നടത്തുന്ന സബ് ഡൊമെയിന്‍ പേര് ഏതായാലും നിലവില്‍ വിവരം ശേഖരിക്കപ്പെടുന്നത് മുംബൈയിലുള്ള അമസോണ്‍ വെബ് സര്‍വര്‍ ക്ലൌഡിലേക്കു തന്നെയാണ്. സബ് ഡൊമെയിന്‍ പേര് മാറി എന്നതുകൊണ്ട് വിവരം ശേഖരിക്കപ്പെടുന്ന സര്‍വര്‍ മാറുന്നില്ല.

സ്പിങ്കളര്‍ കേരളത്തിനു സൌജന്യമായി നല്‍കുന്ന SaaS ആപ്ലിക്കേഷന്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാനാകുക അമസോണ്‍ വെബ് സര്‍വര്‍ ക്ലൌഡിലാണ്. കേരളത്തിന്റെ സംസ്ഥാന ഡേറ്റാ സെന്ററില്‍ ഈ സൌകര്യം ലഭ്യമല്ല. വി.എം വെയര്‍ ക്ലൌഡാണ് സംസ്ഥാന ഡേറ്റാ സെന്ററിലുള്ളത്. എന്നാല്‍ സംസ്ഥാന ഐടി വകുപ്പിനു കീഴിലുള്ള സിഡിറ്റിന് അമസോണ്‍ വെബ് സര്‍വര്‍ ക്ലൌഡ് അക്കൌണ്ട് ഉണ്ട്. എന്നാല്‍ ഈ വിവരശേഖരണത്തിന് ഉപയോഗിക്കാന്‍ അതിനുള്ള ശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്. ഇതു പൂര്‍ത്തിയാകുന്നതോടെ വിവരങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സര്‍വര്‍ സെയ്‌സില്‍ തന്നെ ആകും. ഈ മാറ്റം പൂര്‍ത്തിയാകുന്നതു വരെ മുംബൈയിലെ സര്‍വറില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൌകര്യവും സ്പിങ്ക്‌ളര്‍ സൌജന്യമായാണു തരുന്നത്.

നിലവിലുള്ള വിവരങ്ങള്‍ ഉപയോഗിച്ചു നടത്തി വരുന്ന ടൂളിന്റെ കസ്റ്റമൈസേഷന്‍ നടപടികള്‍ അഥവാ പൂഫ് ഓഫ് കണ്‍സപ്റ്റ് നടപടിക്കുള്ള വര്‍ക്ക് ഓര്‍ഡറില്‍ തന്നെ വിവര ശേഖരം പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തന്നെ ആയിരിക്കുമെന്നും വിവരങ്ങള്‍ സൂക്ഷിക്കുന്നതിനു രാജ്യത്തിനുള്ളിലുള്ള സെര്‍വ്വറുകള്‍ ഉപയോഗിക്കുമെന്നും ഈ വിവരങ്ങള്‍ മറ്റൊരു കാര്യത്തിനും ഉപയോഗിക്കപ്പെടില്ല. എന്നുമുള്ള നോണ്‍ ഡിസ് ക്ലോഷര്‍ കരാര്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. സംസ്ഥാനത്ത്ഭാവിയിലുണ്ടാകുന്ന രോഗവ്യാപന ഹോട്ട് ഫോട്ടുകള്‍ പെട്ടെന്ന് തന്നെ തിരിച്ചറിയാനുംരോഗവ്യാപനം കൈവിട്ടുപോകാതെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുംസഹായകമായ വിവരസംഗ്രഹ പട്ടികകളും ഡാഷ് ബോര്‍ഡുകളും ആരോഗ്യവകുപ്പിനുംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കുകയാണ് സിങ്ക്‌ളര്‍ അതിന്റെടൂളുപയോഗിച്ച് ചെയ്യുക. ഈ വിവരങ്ങളില്‍ കലര്‍പ്പോ ദുരുപയോഗമോഉണ്ടാകാതിരിക്കാനുള്ള എല്ലാ സ്റ്റാന്‍ഡേര്‍ഡ് മുന്‍കരുതലുകളും ഇതിനുള്ള കരാറിന്റെഭാഗമാണ്.കസ്റ്റമൈസേഷന്‍ പൂര്‍ത്തിയാകുന്നതോടെ അടുത്ത ഘട്ടമായി ലോക്ക് ഡൌണ്‍ പിന്‍വലിക്കപ്പെടുന്നതോടെ ആവശ്യമാകുന്ന വലിയ വിവരശേഖരണ കൈകാര്യംചെയ്യലിലേക്ക് കടക്കുന്നതിന് ഉടനേതന്നെ പ്രത്യേകമായ എന്റര്‍െ്രെപസ് എഗ്രിമെന്റില്‍ഏര്‍പ്പെടുന്നതാണ്. ഇതും സൌജന്യമാണ്. ഈ കരാറിലും എല്ലാ വിധത്തിലുമുള്ളവിവരസുരക്ഷാ നടപടികളും സുവ്യക്തമായി തന്നെ ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടുണ്ടാകും.അതോടൊപ്പം വിവരം നല്‍കുന്ന വ്യക്തികള്‍ക്കും അവര്‍ നല്‍കുന്ന വിവരങ്ങള്‍എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുക എന്നതടക്കമുള്ള എല്ലാ വിവരവും നല്‍കുകയും ചെയ്യും.

പിന്നെ, ആരോപണങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള വീഡിയോ ചിത്രം സര്‍ക്കാര്‍ ജനങ്ങള്‍ക്കു മികച്ച സേവനം നല്‍കുന്നതിനു ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ളതാണ്. അത് സ്പിക്ലര്‍ കമ്പനിയുടെ മികവിനേയോ പ്രവര്‍ത്തനങ്ങളേയോ കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്കു പങ്കുണ്ട് എന്നുപോലുമോ പരാമര്‍ശിക്കുന്ന ഒന്നല്ല. ആഗോളതലത്തിലുള്ള മികച്ച ഐടി കമ്പനികളുടെ ശ്രദ്ധയില്‍ കേരളത്തെ കൊണ്ടുവരുന്നതിനും അതിലൂടെ കേരളത്തിന്റെ ആധുനിക വൈജ്ഞാനിക മേഖലയിലെ വളര്‍ച്ചയ്ക്കു സഹായിക്കാവുന്നതുമായ ഒരു പരിപാടിയില്‍ സംസ്ഥാന ഐടി വകുപ്പ് സെക്രട്ടറി സംസാരിച്ചതിന്റെ ചിലഭാഗങ്ങള്‍ എടുത്തു ചേര്‍ക്കപ്പെട്ട ഒരു വീഡിയോ മാത്രമാണ് അത്. സുവ്യക്തമായി തന്നെ പറയാം ഇത് ആരുടേയും സ്വകാര്യത അപകടപ്പെടുത്താന്‍ കാരണമാകുകയില്ല. ഒരാളുടേയും വ്യക്തിഗത വിവരങ്ങള്‍ നിയമവിരുദ്ധമായി കൈമാറപ്പെടുകയുമില്ല. അതൊക്കെ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും മുന്‍കരുതലുകളും ഈ പ്രവര്‍ത്തനത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.