Connect with us

Covid19

പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ അടിയന്തരമായി ഇടപെടണം; ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം നിവേദനം നല്‍കി

Published

|

Last Updated

ജിദ്ദ | കൊവിഡ് 19 ഉമായി ബന്ധപ്പെട്ട് സൗദിയിലെ പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ വിശദീകരിച്ചും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടും ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കി. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. സുബ്രമണ്യന്‍ ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് എന്നിവര്‍ക്കാണ് നിവേദനം അയച്ചത്. മീഡിയ ഫോറം അംഗങ്ങള്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും അതനുസരിച്ച് വിശദമായ നിവേദനം തയ്യാറാക്കുകയുമായിരുന്നു.

ഗര്‍ഭിണികള്‍, ഹൃദ്രോഗികള്‍, വൃദ്ധര്‍, ശാരീരിക അവശത അനുഭവിക്കുന്നവര്‍, നാട്ടില്‍ മരിച്ചവരുടെ ബന്ധുക്കള്‍, ജോലി നഷ്ടപ്പെട്ടും മറ്റുമായി നിത്യജീവിതത്തിന് വഴിമുട്ടിയവര്‍, നാട്ടിലേക്ക് മടങ്ങാന്‍ എക്‌സിറ്റ് വിസ അടിച്ചവര്‍ തുടങ്ങിയവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുക, സൗദിയില്‍ കൊവിഡ് ബാധിച്ചവര്‍ക്കും ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കുമായി മികച്ച ചികിത്സ സമയത്തിന് ലഭ്യമാക്കാനായി നയതന്ത്ര കാര്യാലയങ്ങളുടെ കൃത്യമായ ഇടപെടലുകള്‍ നടത്തുക. പ്രധാന നഗരങ്ങളില്‍ ചുരുങ്ങിയത് 10 വീതം ആംബുലന്‍സുകളെങ്കിലും ഒരുക്കുക, അതോടൊപ്പം രോഗികളെ സ്വന്തം നിലക്ക് ചികിത്സിക്കാനായി ഇന്ത്യയില്‍ നിന്നും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ടീമുമടക്കം പ്രത്യേക മെഡിക്കല്‍ സംഘത്തെ ഉടന്‍ സഊദിയിലേക്ക് അയക്കുക, ചികിത്സക്കായി ഇന്ത്യന്‍ സ്‌കൂളുകള്‍, ഹാജിമാര്‍ക്കുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവ താത്ക്കാലിക ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കുക, തൊഴില്‍ നഷ്ടപ്പെട്ടും മറ്റും വരുമാനമാര്‍ഗം ഇല്ലാതായവര്‍ക്ക് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും അടിയന്തര സഹായം നല്‍കുക, സാമൂഹിക വ്യാപനമെന്ന ഗുരുതര സ്ഥിതിയിലേക്ക് പോയാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ പെട്ടെന്ന് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

നോര്‍ക്കയുടെ മേല്‍നോട്ടത്തില്‍ വിവിധ സന്നദ്ധ സംഘടനകളെ ഉള്‍പ്പെടുത്തി കോര്‍ഡിനേഷന്‍ കമ്മറ്റി രൂപവത്ക്കരിച്ച് മലയാളി സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക, തിരിച്ചെത്തുന്ന പ്രവാസികളില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അടിയന്തര ധനസഹായം അനുവദിക്കുക, കേന്ദ്ര സര്‍ക്കാര്‍ വിമാന സര്‍വീസിന് അനുമതി നല്‍കിയാല്‍ നാട്ടിലെത്തുന്ന പ്രവാസികളെ കൃത്യമായി ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുക, ജോലിയില്ലാതെ ദൈനംദിനാവശ്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടനുഭവിക്കുന്ന ഗള്‍ഫിലുള്ള പ്രവാസികള്‍ക്ക് നോര്‍ക്ക ഇടപെട്ട് അത്യാവശ്യ സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രിക്കുള്ള നിവേദനത്തില്‍ പ്രത്യേകം ഉന്നയിച്ചിട്ടുണ്ട്. പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം, ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂര്‍ എന്നിവരാണ് മീഡിയ ഫോറത്തിന് വേണ്ടി നിവേദനം സമര്‍പ്പിച്ചത്.

Latest