Connect with us

Covid19

കൊവിഡ്: സഊദിയില്‍ ആറുപേര്‍ കൂടി മരിച്ചു; രോഗബാധിതരുടെ എണ്ണം 4,934

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് മരണം 65 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു പേര്‍ മരിച്ചു. മദീനയില്‍ മൂന്നു പേരും മക്ക, ജിദ്ദ, ഖത്വീഫ് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. മരണപ്പെട്ടവരില്‍ നാലുപേര്‍ വിദേശികളും, രണ്ട് പേര്‍ സ്വദേശികളുമാണ്.
472 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 4,934 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. രോഗ ബാധിതരില്‍ 59 പേരുടെ സ്ഥിതി ഗുരുതരമായി തുടരുന്നു. 44 പേര്‍ക്കു കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 805 ആയി.

ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റിയാദിലും (118), മദീന (113), മക്ക (95), ജിദ്ദ (80) എന്നിവിടങ്ങളിലുമാണ്. തബുക്- 22, അറാര്‍, ഖുലൈസ്, ത്വാഇഫ്- എട്ട്, ഹുഫൂഫ്- ഏഴ്, ബുറൈദ്- രണ്ട്, അല്‍-ഖുന്‍ഫുദ, നജ്റാന്‍, സാബത് അല്‍ അലയ, അല്‍-ഖര്‍ജ്, ദഹ്റാന്‍, അഹാദ്, റുഫൈദ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതം എന്നിങ്ങനെയാണ് മറ്റിവിടങ്ങളിലെ കണക്ക്.

ഏകീകൃത പാസുകള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു
കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ വ്യാപകമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ നിന്ന് ഇളവു നല്‍കിയ സുപ്രധാന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുറത്തിറങ്ങുന്നതിനായുള്ള ഏകീകൃത പാസുകള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. തിങ്കളാഴ്ച മുതല്‍ റിയാദിലാണ് ആദ്യം ഏകീകൃത പാസുകള്‍ നിലവില്‍ വന്നത്. ചൊവ്വാഴ്ച മുതല്‍ മക്കയിലും മദീനയിലും കൂടി പുതിയ സംവിധാനം നിലവില്‍ വരുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരത്തുകളില്‍ വാഹങ്ങളുടെ സഞ്ചാരം കുറയ്ക്കുന്നതിനാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ ആദ്യ ഘട്ടത്തില്‍ പതിനായിരം റിയാല്‍ പിഴയും, രണ്ടാം ഘട്ടത്തില്‍ ഇതിന്റെ ഇരട്ടി പിഴയും, വീണ്ടും നിയമ ലംഘനം നടത്തിയാല്‍ പിഴ കൂടാതെ ജയില്‍ ശിക്ഷയടക്കവുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലേബര്‍ ക്യാമ്പുകളില്‍ നിന്ന് തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കല്‍ തുടരുന്നു
കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ലേബര്‍ ക്യാമ്പുകളില്‍ നിന്ന് തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കുവാന്‍ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി തൗഫിക് അല്‍ റബിയ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ജിദ്ദയിലാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ നടപടികളെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.