Connect with us

National

വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; കമല്‍നാഥിന് തിരിച്ചടി

Published

|

Last Updated

ന്യൂഡല്‍ഹി | മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന് സുപ്രീം കോടതിയില്‍ തിരിച്ചടി. കമല്‍നാഥിന്റെ നേതൃത്വത്തില്‍ നിലവിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണര്‍ ലാല്‍ജി ഠണ്ടന്റെ തീരുമാനം കോടതി ശരിവച്ചു. വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് അവകാശപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.  ഗവര്‍ണര്‍ക്ക് സഭാസമ്മേളനം വിളിക്കാനുള്ള അധികാരമുണ്ടെങ്കിലും വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടുന്നതിന് അധികാരമില്ലെന്ന കമല്‍നാഥിന്റെ വാദം കോടതി തള്ളി.

മുഖ്യമന്ത്രി വിശ്വാസം വോട്ടെടുപ്പ് നടത്താന്‍ തയാറാകാതിരിക്കുന്നത് സ്വന്തം പദവിയില്‍ ആത്മവിശ്വാസമില്ലാത്തതു കൊണ്ടാണെന്ന ധാരണയുണ്ടാക്കുമെന്ന് 1994-ലെ ജസ്റ്റിസ് ബൊമ്മെയുടെ വിധി പ്രസ്താവം ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചു. വിശ്വാസ വോട്ടെടുപ്പിന്റെ അജന്‍ഡയോടെ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് മാര്‍ച്ച് 19ന് സ്പീക്കറോട് കോടതി നിര്‍ദേശിച്ചിരുന്നു.

ബി ജെ പിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയുമായി 22 കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പു തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെ കമല്‍നാഥ് രാജിവക്കുകയായിരുന്നു.

Latest