Connect with us

Covid19

വീട്ടുകാരെയോര്‍ത്ത് വിഷമിക്കേണ്ട; പ്രവാസികളുടെ ഹൃദയംതൊട്ട് ഐ സി എഫ്

Published

|

Last Updated

ദുബൈ | ലോക്ഡൗണ്‍ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് എല്ലാ അര്‍ഥത്തിലും അഭയവും ആശ്രയവുമാവുകയാണ് ഐ സി എഫിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍. പ്രവാസ ലോകത്തെ ബഹുമുഖ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇപ്പോള്‍ നാട്ടിലുള്ള പ്രവാസികളുടെ കുടുംബങ്ങള്‍ക്കും ആശ്വാസമൊരുക്കുകയാണ് ഐ സി എഫ്. മരുന്ന്, ഭക്ഷണം ഉള്‍പ്പെടെ അത്യാവശ്യങ്ങള്‍ക്ക് പ്രയാസപ്പെടുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് സഹായ വഴികളൊരുക്കി സംഘടന വീണ്ടും മാതൃകയാവുകയാണ്.

ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സജ്ജീകരിച്ച ഹോട്ട്‌ലൈന്‍ വഴി, നാട്ടില്‍ കഴിയുന്ന കുടുംബങ്ങള്‍, ആശ്രിതര്‍ എന്നിവരുടെ അടിയന്തരാവശ്യങ്ങള്‍ക്ക് പരിഹാരമൊരുക്കുന്നുവെന്ന വാര്‍ത്ത വലിയ ആശ്വാസത്തോടെയാണ് പ്രവാസികള്‍ കാണുന്നത്. മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ എസ് വൈ എസിന്റെ വളണ്ടിയര്‍ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഐ സി എഫ് പദ്ധതി നടപ്പിലാക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ മൂലം ആവശ്യങ്ങള്‍ നിറവേറ്റാനാവാതെ നാട്ടിലെ പ്രവാസി കുടുംബങ്ങളില്‍ പ്രയാസപ്പെടുന്നവരേറെയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അടിയന്തര ഇടപെടലുമായി ഐ സി എഫ് രംഗത്തുവന്നത്.

ആറ് ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനാ ആസ്ഥാനത്ത് സജ്ജീകരിച്ച ഹോട്ട്‌ലൈന്‍ വഴി ലഭിക്കുന്ന അഭ്യര്‍ഥനകള്‍ നാട്ടിലെ എസ് വൈ എസ് സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളിലെ കണ്‍ട്രോള്‍ റൂമുകളിലേക്ക് കൈമാറി പരമാവധി പെട്ടെന്ന് പരിഹാരം കണ്ടെത്തും. ഈ ആവശ്യത്തിന് നാട്ടിലും ഐ സി എഫിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകം ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് പ്രതിരോധത്തിനാവശ്യമായ വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കിടയിലാണ് നാട്ടിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കും ആശ്വാസമൊരുക്കുന്ന വേറിട്ടൊരു പദ്ധതിയുമായി ഐ സി എഫ് മുന്നോട്ടുവരുന്നത്.

ദുരന്തമുഖങ്ങളില്‍ പകച്ചുനില്‍ക്കുന്നതിനു പകരം ദ്രുതഗതിയിലുള്ള സേവനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഐ സി എഫിന്റെ വിവിധ പദ്ധതികള്‍ സമൂഹത്തിന്റെ പ്രശംസയും സ്വീകാര്യതയും നേടിയിട്ടുണ്ട്.

Latest