Connect with us

International

കൊവിഡ് ഭീതി ഒഴിഞ്ഞില്ലെങ്കിലും ഇറാനില്‍ ലോക്ക് ഡൗണില്‍ ഇളവ്

Published

|

Last Updated

ടെഹ്‌റാന്‍ |  കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇറാനില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തി പ്രസിഡന്റ് ഹസന്‍ റുഹാനി. വ്യവസായ സ്ഥാപനങ്ങളും കടകളും തുറക്കാനാണ് അനുമതി നല്‍കിയത്. നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിനെ ആരോഗ്യ പ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ക്കുന്നു. രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനത്തിന് ഇളവുകള്‍ കാരണമാകുമെന്ന് പറഞ്ഞാണ് ആരോഗ്യ. പ്രവര്‍ത്തകരുടെ എതിര്‍പ്പ്. എന്നാല്‍ രാജ്യത്ത് നിലവില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ഇളവുകള്‍ നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും പ്രസിഡന്റ് പറഞ്ഞു. നിയന്ത്രണങ്ങള്‍ നീക്കാത്ത പക്ഷം വലിയ സാമ്പത്തിക തകര്‍ച്ചയാണ് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഡൗണിനു ശേഷം 70 ലക്ഷം ജനങ്ങള്‍ക്കാണ് ഇറാനില്‍ തൊഴില്‍ നഷ്ടമായിരിക്കുന്നതെന്നാണ് കണക്കുകള്‍. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇറാനിലെ മൂന്നിലൊന്ന് ജനങ്ങള്‍ കൊവിഡിനു ശേഷം സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഏപ്രില്‍ 18 വരെയാണ് ഇറാനില്‍ പലഭാഗങ്ങളിലായി ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിനിടയിലാണ് നിയന്ത്രണങ്ങളില്‍ ഭാഗികമായി ഇളവു വരുത്തിയത്.

ഇറാനില്‍ കൊവിഡ് ചികിത്സകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാവുന്നില്ലെന്നും മെഡിക്കല്‍ സാമഗ്രികളുടെയും മരുന്നുകളുടെയും അഭാവമുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. അമേരിക്കയുടെ വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍ പല ബേങ്കുകളും കമ്പനികളും ഇറാനെ സഹായിക്കാനും മടിക്കുന്നു. ഇറാനുമേല്‍ യു എസ് ചുമത്തിയിരിക്കുന്ന വിലക്കുകള്‍ സാമ്പത്തിക-മെഡിക്കല്‍ തീവ്രവാദമാണെന്നാണ് റുഹാനി വിമര്‍ശിച്ചത്. രാജ്യത്ത് 4357 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 70000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 40000 പേര്‍ക്ക് രോഗം ഭേദമായി എന്നാണ് ഇറാന്‍ ആരോഗ്യവകുപ്പ് പറയുന്നത്.