Connect with us

Articles

ക്രെഡിറ്റിലാണ് കണ്ണ്

Published

|

Last Updated

ഗുജറാത്ത് മുഖ്യമന്ത്രിപദത്തിലിരുന്ന വ്യാഴവട്ടക്കാലത്ത് ആ സംസ്ഥാനത്തിന്റെ നിയമസഭയില്‍ നരേന്ദ്ര മോദിയുടെ സാന്നിധ്യം അപൂര്‍വമായിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിപദം ഏറ്റതിന് ശേഷം പാര്‍ലിമെന്റിന്റെ ഇരു സഭകളിലും സ്ഥിര സാന്നിധ്യമായിരുന്നില്ല അദ്ദേഹം. രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന വിഷയങ്ങള്‍ സഭകളുടെ പരിഗണനക്ക് വരുമ്പോള്‍ പ്രധാനമന്ത്രി സഭയിലില്ലാതിരിക്കുന്നത് പ്രതിപക്ഷം പലകുറി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 2019ല്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ശേഷം പാര്‍ലിമെന്റിനെ ഏതാണ്ട് നോക്കുകുത്തിയാക്കി, പല നിയമനിര്‍മാണങ്ങളും സര്‍ക്കാര്‍ നടത്തുന്നത് രാജ്യം കാണുകയും ചെയ്തു. ജനാധിപത്യ സമ്പ്രദായത്തോടും അതിന്റെ പരമോന്നത വേദിയായ നിയമ നിര്‍മാണ സഭകളോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെയും മനോഭാവം പ്രകടമാക്കുന്നതാണ് ഇതൊക്കെ.

2014ല്‍ ലോക്‌സഭയില്‍ ബി ജെ പി കേവല ഭൂരിപക്ഷം നേടുകയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുകയും ചെയ്തപ്പോള്‍ തന്നെ അധികാര കേന്ദ്രീകരണത്തിനുള്ള ശ്രമം തുടങ്ങിയിരുന്നു. തീരുമാനങ്ങളൊക്കെ പ്രധാനമന്ത്രിയുടേതായി. സ്വന്തം വകുപ്പുകളില്‍ എന്താണ് നടക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളായ മന്ത്രിമാര്‍ക്ക് പോലും കഴിയാത്ത സ്ഥിതി. ആസൂത്രണ കമ്മീഷനെ പിരിച്ചുവിട്ട്, പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിതി ആയോഗിന് രൂപം നല്‍കിയതും അധികാര കേന്ദ്രീകരണം ഉദ്ദേശിച്ചായിരുന്നു. രണ്ടാമൂഴത്തില്‍ സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തെ പരിമിതപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി. എന്‍ ഐ എ നിയമ ഭേദഗതി അടക്കം പല നിയമ നിര്‍മാണങ്ങളും സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുന്നവയായിരുന്നു. സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ള വിഭവങ്ങളെ കേന്ദ്ര നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നു.

ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വേണം കൊവിഡ് 19ന്റെ പ്രതിരോധത്തിന് വേണ്ട തീരുമാനങ്ങള്‍ തീര്‍ത്തും ജനാധിപത്യപരമായ രീതിയില്‍ കൈക്കൊള്ളുന്നുവെന്ന പ്രതീതി ജനിപ്പിക്കാന്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങളെ കാണാന്‍. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് കൃത്യസമയത്ത് നടപടി സ്വീകരിക്കാതിരുന്ന ഭരണകൂടമാണ് നരേന്ദ്ര മോദിയുടേത്. ചൈനയില്‍ നിന്ന് കേരളത്തിലെത്തിയ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും രോഗം ഭേദമായി അവര്‍ ആശുപത്രി വിടുകയും ചെയ്തിട്ടും രാജ്യത്തെ വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ക്കുള്ള സംവിധാനമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

പരിശോധന കര്‍ശനമാക്കുന്നത് കൊറോണയുടെ രണ്ടാം വരവോടെയായിരുന്നു. കൊവിഡ് വ്യാപിച്ച രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരെ മുഴുവന്‍ പ്രാഥമിക പരിശോധനക്ക് വിധേയമാക്കണമെന്ന തീരുമാനമെടുക്കാന്‍ മാര്‍ച്ച് ഒമ്പത് വരെ കാത്തിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍. ആ വൈകലിന്റെ ആഘാതമാണ് ഇപ്പോള്‍ പടരുന്ന വൈറസ്.
മാര്‍ച്ച് 20നും ഏപ്രില്‍ രണ്ടിനും ഏപ്രില്‍ പതിനൊന്നിനും സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. ജനതാ കര്‍ഫ്യൂവും ലോക്ക്ഡൗണുമൊക്കെ ആദ്യത്തെ ചര്‍ച്ചക്ക് ശേഷമായിരുന്നു. രണ്ടാമത്തെ ചര്‍ച്ചയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് എങ്ങനെ എന്നതായിരുന്നു വിഷയം. മൂന്നാമത്തേത് ലോക്ക്ഡൗണ്‍ നീട്ടേണ്ടതുണ്ടോ എന്നതില്‍ കേന്ദ്രീകരിച്ചും.

ഇതിനിടയില്‍ രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും പ്രധാനമന്ത്രി ഇതേ മാധ്യമത്തിലൂടെ സംവദിച്ചു. രാജ്യമൊരു ആപത്ഘട്ടത്തെ നേരിടുമ്പോള്‍, തീരുമാനങ്ങളെടുക്കേണ്ട നേതാവിന് ഇതിലപ്പുറം ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനാകുമോ എന്ന് ചിന്തിക്കുന്ന നിഷ്‌കളങ്കര്‍ ധാരാളമുണ്ടാകും.
ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച്, എല്ലാം തന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത് എന്ന ധാരണ ജനിപ്പിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി ചെയ്യുന്നത്. കൊറോണ വൈറസ് നിഷ്പ്രഭമാകുന്ന കാലത്ത് “അത് ഞമ്മളാണ്” എന്ന് അവകാശപ്പെടാന്‍ തയ്യാറെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ സ്ഥാനത്താണ് അദ്ദേഹം. ഇന്ത്യന്‍ യൂനിയനിലെ വിവിധ സംസ്ഥാനങ്ങളാണ് രോഗ വ്യാപനം തടയാനുള്ള യജ്ഞം യഥാര്‍ഥത്തില്‍ നടത്തുന്നത്.

പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സുകള്‍ ആരംഭിക്കുന്നതിന് മുമ്പേ തന്നെ അവര്‍ അത് തുടങ്ങുകയും ചെയ്തിരുന്നു. കേരളത്തെപ്പോലെ വളരെ സൂക്ഷ്മമായ ഇടപെടലുകള്‍ നടത്തി, സമൂഹ വ്യാപനം തടയുന്നതില്‍ ഇതുവരെ വിജയിച്ച സംസ്ഥാനങ്ങള്‍ ഏറെയില്ലെങ്കില്‍പ്പോലും. ശാരീരികമായ അകലം പാലിക്കലാണ് രോഗത്തിന്റെ സമൂഹ വ്യാപനം തടയാന്‍ വഴിയെന്ന്, ഇതര രാഷ്ട്രങ്ങളുടെ അനുഭവത്തില്‍ നിന്ന് പഠിച്ച സംസ്ഥാന സര്‍ക്കാറുകള്‍ (മിസോറാമും സിക്കിമുമൊഴികെ) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നു. പൊതുഗതാഗതം അവസാനിപ്പിച്ചിരുന്നു. റെയില്‍, വ്യോമ സര്‍വീസുകള്‍ നിര്‍ത്തലാക്കിക്കൊണ്ട് സംസ്ഥാനങ്ങള്‍ നടപ്പാക്കിയ ലോക്ക്ഡൗണിനെ കൂടുതല്‍ ഫലപ്രദമാക്കുക എന്നത് മാത്രമേ നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനും ചെയ്യാനുണ്ടായിരുന്നുള്ളൂ. അതും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രാബല്യത്തില്‍ വന്നിരുന്നു. അപ്പോള്‍ പിന്നെ മാര്‍ച്ച് 24ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മത്സരിച്ചത് എട്ടുകാലി മമ്മൂഞ്ഞിനോട് മാത്രമാണ്.

രോഗ പരിശോധനക്ക് സംവിധാനമൊരുക്കിയത്, രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കിയത്, ചികിത്സക്ക് വേണ്ട സംവിധാനങ്ങളൊരുക്കിയത് ഒക്കെ സംസ്ഥാന സര്‍ക്കാറുകളാണ്. ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം അല്‍പ്പം നേരത്തേ അനുവദിക്കാന്‍ തയ്യാറായതൊഴിച്ചാല്‍ മറ്റ് സഹായങ്ങളൊന്നും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം നല്‍കിയിട്ടില്ല. പിന്നെ പ്രഖ്യാപിച്ച 15,000 കോടിയില്‍ 7,774 കോടി രൂപ അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ്. മാസ്‌കുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയൊക്കെ വാങ്ങുന്നതിനുള്ളത്. അത്തരം ഉപകരണങ്ങളൊക്കെ കേന്ദ്ര സര്‍ക്കാര്‍ വാങ്ങി നല്‍കുമെന്നും സംസ്ഥാനങ്ങള്‍ ആവശ്യമറിയിച്ചാല്‍ മതിയെന്നുമാണ് കേന്ദ്രത്തിന്റെ ഉത്തരവ്. അതായത് 7,774 കോടിയില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാന്‍ ഇടയുള്ള പണം തുലോം കുറവായിരിക്കുമെന്ന് ചുരുക്കം.

പതിനയ്യായിരത്തില്‍ 7,774 കോടി കഴിച്ച് ബാക്കിയുള്ളത് ഒന്ന് മുതല്‍ നാല് വരെ വര്‍ഷം കൊണ്ട് സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്നാണ് അറിയിപ്പ്. രോഗവും അതിന്റെ വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണും മൂലം നട്ടം തിരിയുന്ന സംസ്ഥാനങ്ങള്‍ക്ക് ഇവ്വിധമുള്ള സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നത് തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണ്.

രോഗികളെ ചികിത്സിക്കുന്ന, രോഗം സംശയിക്കുന്നവരില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങി നല്‍കാമെന്ന്, ഇത്തരമൊരു അടിയന്തര ഘട്ടത്തില്‍ പറയുന്നത് എത്രമാത്രം ജനാധിപത്യപരമാണ്? രോഗികളെ ചികിത്സിക്കാനും രോഗ വ്യാപനം തടയാനുമൊക്കെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാറുകളെടുക്കണം. അതിന് അവശ്യം വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ വാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണെന്ന് പറയുമ്പോള്‍, ഫെഡറല്‍ ഭരണക്രമത്തില്‍ കടന്നുകയറുക മാത്രമല്ല, കേന്ദ്രാധികാരത്തിന്റെ ദാക്ഷിണ്യത്തിലേ സംസ്ഥാനങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂവെന്ന് സ്ഥാപിച്ചെടുക്കുക കൂടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ആശുപത്രികളില്‍ പോലും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ സാധിക്കാത്തവരാണ് രാജ്യത്താകെ ഇവ വിതരണം ചെയ്യാന്‍ തയ്യാറെടുക്കുന്നത് എന്ന വൈരുധ്യം വേറെ.

രാജ്യം അടച്ചുപൂട്ടിയതോടെ മാന്ദ്യത്തിലായ (അടക്കാതിരുന്ന കാലത്ത് തന്നെ മാന്ദ്യത്തിലായിരുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്) സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതിന് എം പിമാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചു. അതുപോലും പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട സംഗതിയാണ്. അതുണ്ടായില്ലെങ്കിലും ജനപ്രതിനിധികള്‍ ശമ്പളം വെട്ടിക്കുറച്ചതിനെ സ്വാഗതം ചെയ്തു. എം പിമാരുടെ പ്രാദേശിക വികസന നിധി രണ്ട് വര്‍ഷത്തേക്ക് ഇല്ലാതാക്കാനുള്ള തീരുമാനമോ? അങ്ങനെയൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് ആരോടെങ്കിലും ചര്‍ച്ച നടത്തണമെന്ന് തോന്നിയിരുന്നോ പ്രധാനമന്ത്രിക്കും സര്‍ക്കാറിനും? എഴുന്നൂറിലധികം വരുന്ന എം പിമാര്‍ക്ക്, അവരുടെ മണ്ഡലങ്ങളിലോ തിരഞ്ഞെടുക്കുന്ന പ്രദേശത്തോ ചെലവിടാമായിരുന്ന പണമാണത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന വിഭാഗങ്ങളെ സഹായിക്കാന്‍ പാകത്തില്‍ എം പിമാര്‍ക്ക് ഉപയോഗിക്കാമായിരുന്ന പണം. അത് ഇല്ലാതാക്കുമ്പോഴും അധികാര കേന്ദ്രീകരണവും അവകാശവാദത്തിനുള്ള അവസരമൊരുക്കലും തന്നെയാണ് ഉദ്ദേശ്യം. ഈ പണമൊക്കെ സമാഹരിച്ച്, കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് നരേന്ദ്ര മോദിക്കും സര്‍ക്കാറിനും മാത്രമാകുമല്ലോ!

രാജ്യമാകെ അടച്ചിടല്‍ പ്രഖ്യാപിച്ചതും (അത് ലോകത്തിന് തന്നെ മാതൃകയായെന്ന് പ്രധാനമന്ത്രി തന്നെ അവകാശപ്പെടുന്നുണ്ട്. മറ്റ് പല രാജ്യങ്ങളും അടച്ചിടല്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇവിടെ പ്രഖ്യാപനമുണ്ടായതെന്നും പിന്നെ എങ്ങനെയാണ് മാതൃക എന്ന് പറയുക എന്നൊന്നും ചോദിക്കരുത്), അടച്ചിടല്‍ തുടരാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിയാലോചിച്ച് തീരുമാനിച്ചതുമാണ് ഇന്ത്യന്‍ യൂനിയനെ കൊവിഡില്‍ നിന്ന് രക്ഷിച്ചത് എന്ന് പില്‍ക്കാലം രേഖപ്പെടുത്തപ്പെടും. അതിന് നേതൃത്വം നല്‍കിയത് താനായിരുന്നുവെന്ന് മോദിജി അദ്ദേഹത്തിന്റെ സ്വതസിദ്ധമായ “വിനയ”ത്തോടെ അവകാശപ്പെടും. വ്യാജം പ്രചരിപ്പിക്കുന്നവര്‍ ഈ ക്രാന്തദര്‍ശിത്വത്തെ വാനോളം പുകഴ്ത്തും. രോഗവും പ്രതിരോധമെന്ന നിലക്കുള്ള അടച്ചിടലും സൃഷ്ടിച്ച സാമ്പത്തിക ദുരന്തത്തിന്റെ പ്രത്യാഘാതം ജനങ്ങള്‍ അനുഭവിക്കും. അതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറുകള്‍ ഏറ്റെടുക്കേണ്ടിയും വരും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്