Connect with us

Editorial

അമേരിക്കയിലെ കൂട്ടക്കുഴിമാടങ്ങള്‍ ഓര്‍മിപ്പിക്കുന്നത്

Published

|

Last Updated

കൊവിഡ് 19 വ്യാപനത്തിലും മരണനിരക്കിലും അമേരിക്ക ഇറ്റലിയെ മറികടന്നിരിക്കുന്നു. വല്ലാത്ത പ്രതിസന്ധിയാണ് ആ രാജ്യം അനുഭവിക്കുന്നത്. വൈറസിന്റെ പിടിയില്‍പ്പെട്ട് ഇതിനകം ലോകത്താകെ 1,03,841 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ 60 ശതമാനവും അമേരിക്ക, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ സമ്പന്ന രാജ്യങ്ങളിലാണ്. മരണ സംഖ്യയില്‍ അമേരിക്ക ഇറ്റലിയെ മറികടന്നു. അമേരിക്കയില്‍ 919 പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 19,666 ആയി. അതേസമയം, ഇറ്റലിയില്‍ മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 18,849 ആണ്. അമേരിക്കന്‍ ഭരണാധികാരികള്‍ ഇക്കാലമത്രയും കാണിച്ച ധിക്കാരങ്ങളും യുദ്ധോത്സുകതയും കൊളോണിയല്‍ മനോഭാവവുമൊന്നും അവിടുത്തെ ജനത ഇന്നനുഭവിക്കുന്ന ദുരന്തത്തില്‍ വേദന കൊള്ളുന്നതിന് ലോകത്തിന് തടസ്സമാകുന്നില്ല.

അമേരിക്കക്കാരെയോര്‍ത്ത് വിലപിക്കുക തന്നെയാണ് ലോകം. അവര്‍ക്കായി വിശ്വാസികള്‍ പ്രാര്‍ഥിക്കുന്നു. അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. നമ്മള്‍ മലയാളികള്‍ അവിടെ ജീവന്‍ പൊലിഞ്ഞു പോയ നമ്മുടെ സഹോദരങ്ങളെയോര്‍ത്ത് വേദനിക്കുന്നു. പത്രങ്ങളായ പത്രങ്ങളെല്ലാം കഴിഞ്ഞ ദിവസം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഒരു പടമുണ്ട്. ന്യൂയോര്‍ക്കിലെ ഹാര്‍ട്ട് ഐലന്‍ഡില്‍ കരാര്‍ തൊഴിലാളികള്‍ ഒരുക്കിയ കൂട്ടക്കുഴിമാടത്തിന്റെ ചിത്രം. നീളത്തില്‍ കിടങ്ങ് കുഴിച്ചിരിക്കുന്നു. ശവപ്പെട്ടികള്‍ അതിലേക്ക് തള്ളുന്നു.

പ്രാര്‍ഥനാ നിര്‍ഭരമായി വിലപിക്കാന്‍ മരിച്ചവര്‍ക്ക് ചുറ്റും ആരുമില്ല. ആരും പൂക്കളര്‍പ്പിക്കാനില്ല. അവസാന മൊഴിയേകാനില്ല. മനുഷ്യന്‍ തിരസ്‌കൃതനായി, അസ്പൃശ്യനായി ഒടുങ്ങുന്നു. എത്ര ഹൃദയഭേദകമാണ് ആ ചിത്രം. ഒരു കാലത്തും കണ്ണില്‍ നിന്ന് മായാത്ത ചിത്രം.
അമേരിക്കക്ക് എവിടെയാണ് പിഴച്ചത് എന്നത് സംബന്ധിച്ച് ഏറെ വിശകലനങ്ങള്‍ വന്നു കഴിഞ്ഞിട്ടുണ്ട്. അവയത്രയും ലോകത്തിന് എന്നേക്കുമുള്ള പാഠങ്ങളാണ്. ആഫ്രിക്കന്‍ രാജ്യത്തോ ഏഷ്യന്‍ രാജ്യത്തോ ആണ് ഇത് നടന്നതെങ്കില്‍ പിന്നാക്കാവസ്ഥയുടെ നൂറ് കാരണങ്ങള്‍ കണ്ടെത്താമായിരുന്നു. എന്നാല്‍ യു എസിനെപ്പോലെ വികസിത, ആധുനികവത്കൃത രാഷ്ട്രം ഇങ്ങനെ നില്‍ക്കക്കള്ളിയില്ലാത്ത നിലയിലേക്ക് വീണുപോകുമ്പോള്‍ അത് സൂക്ഷ്മമായി വിലയിരുത്തിയേ തീരൂ. കാരണം അത് പിഴവുകള്‍ തിരുത്താന്‍ ഉപകരിക്കും. ഇവിടെയാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ നോം ചോംസ്‌കി അമേരിക്കന്‍ അനുഭവത്തില്‍ മുന്നോട്ട് വെച്ച ആശയങ്ങള്‍ പ്രസക്തമാകുന്നത്. സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാത്തത് കൊണ്ടു മാത്രമാണ് യു എസില്‍ ഇത്രയും വേഗത്തില്‍ രോഗം പടര്‍ന്നു പിടിച്ചതെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ജനുവരിയില്‍ തന്നെ യു എസ് ഇന്റലിജന്‍സ് വിഭാഗം മഹാമാരിയുടെ ആക്രമണം രാജ്യത്തുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. ഇല്ലാത്ത ഇന്റലിജന്‍സ് ഔട്ട്പുട്ടുകള്‍ വെച്ച് മറ്റ് രാജ്യങ്ങളെ ആക്രമിക്കാന്‍ പുറപ്പെടുന്ന അമേരിക്കന്‍ ഭരണകൂടം പക്ഷേ, ഈ മുന്നറിയിപ്പ് അവഗണിച്ചു. തുടക്കത്തില്‍ ഡൊണാള്‍ഡ് ട്രംപ് ചെവികൊടുത്തതേയില്ല. മാധ്യമങ്ങള്‍ നിരന്തരം ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് അമേരിക്ക സജ്ജമാണ്, പകര്‍ച്ചവ്യാധിക്ക് ഒന്നും ചെയ്യാനാകില്ലെന്നാണ്. പിന്നീട് ചൈനീസ് വൈറസ് എന്ന രാഷ്ട്രീയ ആരോപണവും അദ്ദേഹം തൊടുത്തു വിട്ടു.

ആരോഗ്യരക്ഷാ സംവിധാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി പിന്‍വാങ്ങി സ്വകാര്യ മേഖലക്കും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും ലാഭം കൊയ്യാന്‍ ഈ രംഗം വിട്ടു കൊടുത്തതാണ് അടിസ്ഥാന പ്രശ്‌നമെന്ന് ചോംസ്‌കി ചൂണ്ടിക്കാട്ടുന്നു. ബരാക് ഒബാമ പ്രസിഡന്റായ കാലത്ത് ഈ സ്ഥിതിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിച്ചിരുന്നു. ഉദാഹരണത്തിന് വെന്റിലേറ്ററുകളുടെ നിര്‍മാണത്തിന് നേരത്തേ തന്നെ ഒരു കമ്പനിക്ക് അദ്ദേഹം കരാര്‍ നല്‍കി. ട്രംപ് വന്നപ്പോള്‍ ചെയ്തത് ഈ കരാര്‍ റദ്ദാക്കുകയായിരുന്നു. ബിസിനസ്സുകാരനായ ട്രംപിനെ ബിസിനസ്സ് പ്രമുഖരാണ് നിയന്ത്രിക്കുന്നത്. കൊവിഡിയന്‍ എന്ന വന്‍കിട കമ്പനിക്ക് കരാര്‍ മറിച്ചു നല്‍കുകയായിരുന്നു അദ്ദേഹം. ചെറു കമ്പനി ചെലവ് കുറച്ച് വെന്റിലേറ്റര്‍ നിര്‍മിക്കുമ്പോള്‍ ഉയര്‍ന്ന വിലയീടാക്കാനുള്ള സാധ്യതയാണല്ലോ അടയുന്നത്. അതുകൊണ്ട് കൊവിഡിയന്‍ എന്ന വന്‍സ്രാവ് ചെറു കമ്പനിയെ വിഴുങ്ങി. അടുത്ത ഘട്ടത്തില്‍ വെന്റിലേറ്റര്‍ നിര്‍മാണ കരാറില്‍ നിന്ന് അവര്‍ പിന്‍വാങ്ങുകയും ചെയ്തു. ഇത്തരം ദീര്‍ഘകാല നിക്ഷേപങ്ങള്‍ ലാഭകരമല്ലെന്നാണ് അവര്‍ പറഞ്ഞ ന്യായം. മരുന്ന് ഗവേഷണത്തിലും വാക്‌സിന്‍ വികസിപ്പിക്കുന്നതിലുമെല്ലാം ഇത്തരം ലാഭക്കണ്ണ് പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാറാണ് ഇടപെടേണ്ടത്.

ഇങ്ങ് ഇന്ത്യയിലും കൊവിഡ് കാലത്ത് ഈ പാഠം പഠിച്ചിട്ടില്ലെന്നത് ഖേദകരമാണ്. കൊവിഡ് ലക്ഷണങ്ങള്‍ക്ക് ശമനം വരുത്തുമെന്ന് കരുതപ്പെടുന്ന മലേറിയ മരുന്ന് ഹൈഡ്രോക്‌സിക്ലൊറോക്വിന്‍ ഉത്പാദിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കരാര്‍ നല്‍കിയത് സ്വകാര്യ കമ്പനികളായ മുംബൈയിലെ ഐ പി സി എക്കും അഹമ്മദാബാദിലെ സൈയൂസ് കാഡിലക്കുമാണ്. ഇത്രയധികം ആവശ്യമുള്ള ഒരു മരുന്ന് നിര്‍മിക്കാനുള്ള കരാര്‍ അതിന്റെ വലിയ ഡിമാന്‍ഡ് മുന്നില്‍ കണ്ട് ബംഗാള്‍ കെമിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതായിരുന്നു ഉചിതം. അങ്ങനെ ആരോഗ്യരംഗത്ത് പൊതു മേഖലാ സംവിധാനം ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്.

ആരോഗ്യ രംഗത്തിന് നീക്കിവെക്കുന്ന ബജറ്റ് വിഹിതം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പ്രതിരോധ വിഹിതത്തേക്കാള്‍ ഏറെ താഴെയാണ്. കൊവിഡ് ലോകത്താകെ പടരുന്ന ഘട്ടത്തില്‍ പുറത്തുവന്ന ബജറ്റ് നിര്‍ദേശങ്ങളില്‍ പോലും പൊതു ജനാരോഗ്യ മേഖലക്കുള്ള വിഹിതം വെട്ടിക്കുറക്കുകയാണ് ട്രംപ് ഭരണകൂടം ചെയ്തത്. വുഹാനില്‍ വൈറസ് ബാധ കണ്ടെത്തുന്നതിന് രണ്ട് മാസം മുമ്പാണ് അന്താരാഷ്ട്ര പാന്‍ഡമിക് മുന്നറിയിപ്പ് സംവിധാനത്തില്‍ നിന്ന് യു എസ് പിന്‍വാങ്ങിയത്. ഈ സംവിധാനം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അമേരിക്ക നേരത്തേ 200 മില്യണ്‍ ഡോളര്‍ ചെലവിട്ടിരുന്നു. മാത്രമല്ല, ഈ രോഗഭീതിക്കിടയിലും മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റിയയക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ട്രംപ് ഭരണകൂടം കൈക്കൊണ്ടത്. മറ്റുള്ളവരെ സഹായിക്കാനല്ല, ലാഭം കൊയ്യാനായിരുന്നു ഈ കയറ്റുമതി. ലാഭാധിഷ്ഠിതമായ കമ്പോള യുക്തികളില്‍ നിന്ന് ആരോഗ്യ പരിരക്ഷയേയും ഔഷധ ഗവേഷണത്തേയും മോചിപ്പിക്കാത്തിടത്തോളം കാലം മഹാമാരികള്‍ മാനവ രാശിയെ കൂട്ടക്കുഴിമാടത്തിലെത്തിക്കും.

Latest