Connect with us

Covid19

രാജ്യത്ത് മരണവും രോഗികളും വലിയ തോതില്‍ വര്‍ധിക്കുന്നു; ധാരാവി കൊവിഡിന്റെ ഹോട്ട്‌സ്‌പോട്ടായി മാറുന്നു

Published

|

Last Updated

മുംബൈ | കൊവിഡ് മഹാമാരിയില്‍ രാജ്യത്ത് രോഗികളുടെ എണ്ണവും മരണ നിരക്കും വലിയ തോതില്‍ വര്‍ധിക്കുന്നു. 308 പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 35 പേര്‍ മരിച്ചു. 9152 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 918 പേരാണ് രോഗബാധിതരായതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പറയുന്നു.

ഇന്ത്യയിലെ കൊവിഡിന്റെ കേന്ദ്രമായി മാഹാരാഷ്ട്ര മാറുകയാണ്. പ്രത്യേകിച്ച് രാജ്യം ഭയപ്പെട്ടത് പോലെ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി ഹോട്ട്‌സ്‌പോട്ടായി മാറുന്നു. ധാരാവയില്‍ 45 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. അഞ്ചോളം പേര്‍ മരണപ്പെട്ടു. ഇന്നലെ മാത്രം നാല് പേര്‍ രോഗബാധിതരും ഒരു മരണവുമുണ്ടായി. 1,982 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് മരണങ്ങളിള്‍ ഭൂരിഭാഗവും ( 150) മഹാരാഷ്ട്രയിലാണ്. പുനൈ, മുംബൈ എന്നിവിടങ്ങളിലായി നാല് മലയാളി നഴ്‌സുമാര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഡല്‍ഹിയിയാണ് രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ളത്. ഡല്‍ഹിയില്‍ 1154 പേര്‍ക്ക് രോഗം ബാധിച്ചു. ഏറ്റവും ഒടുവിലത്ത കണക്കനുസരിച്ച് ഡല്‍ഹിയില്‍ അഞ്ചു പേര്‍ കൂടി മരിച്ചതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇവിടെ 24 ആയി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 1075 ആയി ഉയര്‍ന്നിട്ടുണ്ട്. മധ്യപ്രദേശാണ് മരണനിരക്കില്‍ രണ്ടാം സ്ഥാനത്തുള്ളത്. 564 രോഗബാധിതരുള്ള സംസ്ഥാനത്ത് 36 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 432 രോഗ ബാധിതരുള്ള ഗുജറാത്തില്‍ 22 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കേരളത്തിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ രോഗ മുക്തി നേടിയ സംസ്ഥാനം കേരളമാണ്. 208 പേരാണ് മഹാരാഷ്ട്രയില്‍ രോഗം ഭേദമയായി ആശുപത്രി വിട്ടത്. അതേസമയം കേരളത്തില്‍ ഇതുവരെ 179 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു. പുതിയ രോഗികളുടെ എണ്ണത്തിലും കേരളത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്.

 

 

Latest