Connect with us

Covid19

പോലീസുകാരെ ആക്രമിച്ചതിന് അറസ്റ്റിലായ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ഇന്‍ഡോര്‍ | മധ്യപ്രദേശില്‍ പോലീസുകാരെ അക്രമിച്ചതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ മൂന്ന് പേര്‍ക്ക് കൊവിഡ്19 വൈറസ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ സത്‌ന ജയിലിലും മറ്റൊരാള്‍ ജബല്‍പുര്‍ ജയിലിലുമാണുള്ളത്.

തടവുകാര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ഇവരുമായി ഇടപഴകിയ ജയില്‍ ജീവനക്കാരടക്കം 12 പേരെനിരീക്ഷണത്തിലാക്കി. പോലീസ് വാഹനത്തില്‍ തടവുകാര്‍ക്കൊപ്പമുണ്ടായിരുന്ന എട്ട് പോലീസുകാരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ഇന്‍ഡോര്‍ ജില്ലാ ഭരണകൂടവും നിര്‍ദേശിച്ചു
ഏപ്രില്‍ ഏഴിന്ഇന്‍ഡോറിലെ ചന്ദന്‍ നഗറില്‍ പോലീസുകാരെ ആക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജയിലിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ഇന്‍ഡോര്‍ പോലീസ് പ്രതികള്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നില്ലെന്ന് സത്‌ന ജയില്‍ അധികൃതര്‍ ആരോപിച്ചു.

സത്‌ന ജില്ലയിലെ ആദ്യ കൊവിഡ് പോസിറ്റീവ് കേസാണിത്. അതേസമയം ജബല്‍പൂരില്‍ എട്ട് പേര്‍ക്ക് നേരത്തെ വൈറസ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ രോഗബാധിതരുള്ള ഇന്‍ഡോറില്‍ 311 പോസിറ്റീവ് കേസുകളുണ്ട്. 562 പേര്‍ക്കാണ് ഇതുവരെ മധ്യപ്രദേശില്‍ വൈറസ് സ്ഥിരീകരിച്ചത്. 43 പേര്‍ മരിച്ചു.

Latest