Connect with us

Kerala

ഡോ. പി എ ലളിത അന്തരിച്ചു

Published

|

Last Updated

കോഴിക്കോട് | പ്രമുഖ ഗൈനക്കോളജിസ്റ്റും, എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ആന്‍ഡ്യൂറോളജി ചെയര്‍പേഴ്‌സണുമായ ഡോ.പി എ ലളിത അന്തരിച്ചു. 69 വയസായിരുന്നു.
ദീര്‍ഘകാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.ചേര്‍ത്തല സ്വദേശിനിയായിരുന്ന ഇവര്‍ ഇപ്പോള്‍ കോഴിക്കോട് നടക്കാവിലായിരുന്നുതാമസം. ചേര്‍ത്തലക്കാരായ അയ്യാവു ആചാരിയുടേയും, രാജമ്മയുടേയും മകളാണ്.

എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് യൂറോളജി സെന്ററിന്റെ മാനേജിംഗ് ഡയറക്ടര്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വനിതാ വിഭാഗത്തിന്റെ സ്ഥാപക ചെയര്‍പേഴ്‌സണ്‍. ഐ എം എ കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി, പ്രസിഡന്റ്, അബലാ മന്ദിരത്തിന്റെ ഉപദേശക സമിതി ചെയര്‍പേഴ്‌സണ്‍, ജുവനൈല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം, ഇന്ത്യാവിഷന്‍ ന്യൂസ് ചാനലിന്റെ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.അഞ്ച് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും ഇവരുടേതായിട്ടുണ്ട്. മനസ്സിലെ കൈയൊപ്പ്, മരുന്നുകള്‍ക്കപ്പുറം, പറയാനുണ്ടേറെ, മുഖങ്ങള്‍ അഭിമുഖങ്ങള്‍, കൗമാരം അറിയേണ്ടതെല്ലാം എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍.

സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌നം അവാര്‍ഡ്, 2006ല്‍ ഐ എം എയുടെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം, ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ അവാര്‍ഡ്, ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് ഫൗണ്ടേഷന്റെ പ്രസാദ് ഭൂഷണ്‍ അവാര്‍ഡ്, ഐ എം എ വനിതാവിഭാഗത്തിന്റെ 2014 ലെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം, 2012 ലെ മികച്ച ഡോക്ടര്‍ക്കുള്ള കാലിക്കറ്റ് ലയണ്‍സ് ക്ലബ് അവാര്‍ഡ്, മാനവ സംസ്‌കൃതി കേന്ദ്ര അവാര്‍ഡ്, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം, 2015 ല്‍ ഡോ.പല്‍പ്പു സ്മാരക അവാര്‍ഡ്, കൈരളി ടി വിയുടെ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ്, ധന്വന്തരി പുരസ്‌കാരം, സി എച്ച് ചാരിറ്റബില്‍ സൊസൈറ്റിയുടെ 2020 ലെ പ്രഥമ കര്‍മ്മശ്രീമതി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

മലബാര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.വി എന്‍ മണിയാണ് ഭര്‍ത്താവ്. ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറായ മിലി മണി മകളാണ്.

മൃതദേഹം മലബാര്‍ ഹോസ്പിറ്റല്‍ ന്യൂ ബ്ലോക്കില്‍ സൂക്ഷിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് ഒന്നരക്ക് നടക്കാവിലെ വസതിയിലേക്ക് കൊണ്ടു പോകും. വൈകീട്ട് നാലിന്വെസ്റ്റ്ഹില്‍ശ്മശാനത്തിലാണ് സംസ്‌കാരം. കോവിഡ് 19 പ്രോട്ടോകോള്‍ പാലിക്കേണ്ടതിനാല്‍ പൊതുദര്‍ശനം ഉണ്ടാവില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest