Connect with us

Covid19

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ലോക്കൗഡൗണ്‍ പ്രഖ്യാപിക്കുന്നത് കേന്ദ്രം വൈകിപ്പിച്ചു: കമല്‍ നാഥ്

Published

|

Last Updated

ഭോപ്പാല്‍ | രാഷ്ട്രീയ ലക്ഷ്യത്തിനായി ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ്. മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത് വൈകാന്‍ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.

മാര്‍ച്ച് 20ന് ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്ന് താന്‍ അഭ്യര്‍ഥിച്ചതാണ്. എന്നാല്‍ മാര്‍ച്ച് 23ന് മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം മാത്രമാണ് ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തതെന്നും കമല്‍നാഥ് കുറ്റപ്പെടുത്തി. കൊവിഡ് വൈറസ് സംബന്ധിച്ച് ഫെബ്രുവരിയില്‍ തന്നെ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ കേന്ദ്രം നടപടികള്‍ സ്വീകരിച്ചില്ല. എന്നാല്‍ മധ്യപ്രദേശിലെ തന്റെ സര്‍ക്കാര്‍ താഴെ വീഴുന്നത് വരെ പാര്‍ലമെന്റ് സമ്മേളനം തുടര്‍ന്നു- കമല്‍നാഥ് പറഞ്ഞു.

മുഖ്യമന്ത്രിയായിരിക്കെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രമുമ്പുതന്നെ മാര്‍ച്ച് എട്ടിന് ഷോപ്പിങ് മാളുകള്‍, സ്‌കൂളുകള്‍ എന്നിവ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ഇത്. കൊവിഡ് പ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്തായിരുന്നു അതൊക്കെ.

നിലവില്‍ പരിശോധനകള്‍ കൂടുതലും കേന്ദ്രീകരിക്കുന്നത് സിറ്റികളിലും നഗര മേഖലകളിലുമാണ്. ഗ്രാമങ്ങളില്‍ പരിശോധന നടക്കുന്നില്ല. അഞ്ച് സംസ്ഥാനങ്ങളുമായാണ് മധ്യപ്രദേശ് അതിര്‍ത്തി പങ്കിടുന്നത്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 25 മുതല്‍ 30 ശതമാനം വരെ ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. അവരെ ഇതുവരെ പരിശോധനക്ക് വിധേയരാക്കിയിട്ടില്ല, ഇതൊരു ഭീഷണിയാണെന്നും കമല്‍നാഥ് പറഞ്ഞു.

23 എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതോടെയാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെവീണത്.