Connect with us

Uae

കൊവിഡ് 19: ഗള്‍ഫ് ഭരണകൂടങ്ങളുടെ നടപടികള്‍ മികച്ചത്, ആത്മാഭിമാനം മുറിപ്പെടുത്തരുത്

Published

|

Last Updated

ദുബൈ | കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് ഭരണകൂടങ്ങളുടെ നടപടികള്‍ മികച്ചതാണെന്നും മറിച്ചുള്ള പ്രചാരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. ലോകമാകെ പടര്‍ന്നുപിടിക്കുന്ന മഹാമാരിക്കെതിരെ ഗള്‍ഫു രാജ്യങ്ങളിലും കനത്ത ജാഗ്രതയോട് കൂടിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാ നടപടികളുമാണ് നടത്തികൊണ്ടിരിക്കുന്നത്. ഈ യാഥാര്‍ഥ്യത്തെ മറച്ചുവെച്ചുള്ള പ്രതികരണങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുന്നതുമാണ്. ഗള്‍ഫ് ഭരണാധികാരികളുടെ അതിവിശിഷ്ടമായ ആതിഥ്യമര്യാദയുടെയും കരുതലിന്റെയും ഗുണഫലമാണ് ഇന്ത്യക്കാരുള്‍പ്പെടെ വിശേഷിച്ചു കേരളീയര്‍ ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ എന്ന് വിസ്മരിക്കരുത്. ഈ മഹാമാരി നേരിടുന്നതിലും ഗള്‍ഫ് ഭരണകൂടങ്ങള്‍ ശരിയായ പാതയിലാണ്. ഭീതിയുടെ സാഹചര്യമില്ല.

കൊവിഡ് പ്രതിരോധത്തിനാവശ്യമായ തീവ്രശ്രമങ്ങളാണ് ഗള്‍ഫ് ഭരണകൂടങ്ങള്‍ നടത്തുന്നത്. തദ്ദേശീയര്‍ക്കും വിദേശികള്‍ക്കും രോഗനിര്‍ണയവും ചികിത്സയും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പൂര്‍ണമായും സൗജന്യമാണ്. അനുബന്ധ സൗകര്യങ്ങളും ക്രമീകരണങ്ങളും സജ്ജീകരിച്ച് വരുന്നുമുണ്ട്. യാത്രാ നിരോധനം, സമ്പര്‍ക്ക വിലക്ക് എല്ലാം നടപ്പിലാക്കി. ഭക്ഷണം, മരുന്ന് ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തി. ബോധവല്‍ക്കരണങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും സജീവമാക്കി. സാമൂഹ്യ സംഘടനകളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങളിലേക്ക് വരുന്നുമുണ്ട്. മുന്‍ മാതൃകകളില്ലാത്ത ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനിടയിലെ ഏതെങ്കിലും രൂപത്തിലുള്ള പരിമിതികള്‍ ചൂണ്ടിക്കാണിച്ച് നടത്തുന്ന വിമര്‍ശനങ്ങളില്‍ നിന്ന് എല്ലാവരും പിന്തിരിയണം.

രോഗബാധിതരെയൊന്നടങ്കം ഇന്ത്യയിലെത്തിക്കുക എന്ന ഒറ്റമൂലി പരിഹാരമല്ല. അത്തരം ഒരു നീക്കത്തിന് ഗള്‍ഫ് ഭരണകൂടങ്ങള്‍ തയ്യാറുമല്ല. രോഗബാധിതരുടെയും മറ്റു പൗരന്മാരുടെയും സുരക്ഷിതത്വത്തിനാവശ്യമായതെല്ലാം സജ്ജീകരിക്കാന്‍ ഇന്ത്യന്‍ മിഷനുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. അപ്പാര്‍ട്ട്‌മെന്റുകള്‍, ബില്‍ഡിങ്ങുകള്‍, ഹോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അനുയോജ്യ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഐസൊലേഷന്‍ ക്യാമ്പുകള്‍ വ്യാപകമാക്കാന്‍ അതാത് രാജ്യത്തെ സര്‍ക്കാരുമായി ബന്ധപ്പെട്ട് എംബസി ഒരുക്കാന്‍ തയ്യാറാവണം. മെഡിക്കല്‍ സ്റ്റാഫുകളുടെ അപര്യാപ്തത പരിഹരിക്കാന്‍ സര്‍ക്കാറുകളുമായി ചര്‍ച്ച നടത്തി ആവശ്യമെങ്കില്‍ മെഡിക്കല്‍ സംഘത്തെ ഇങ്ങോട്ട് അയക്കാനും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണം.

അതേസമയം നേരത്തെ ഐസിഎഫ് ഉള്‍പ്പെടയുള്ള പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ട പോലെ വിസിറ്റിലും മറ്റും വന്നു ഇവിടെ കുടുങ്ങിക്കിടക്കുന്നവര്‍, പ്രായമായവര്‍, വിവിധങ്ങളായ രോഗം മൂലം കഷ്ടപ്പെടുന്നവര്‍, പരസഹായത്തിനു ആളില്ലാതെ നാട്ടില്‍ കുടുംബം കഷ്ട്ടപ്പെടുന്നവര്‍ക്കൊക്കെ നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക വിമാന സര്‍വീസ് എത്രയും പെട്ടെന്ന് ആരംഭിക്കണം എന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest