Connect with us

Covid19

സംസ്ഥാനത്ത് 10 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കാസര്‍കോട് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് കണക്കുകള്‍. ഇതില്‍ മൂന്ന് പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.

മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് 373 പേര്‍ക്കാണ് രോഗം ബാധിച്ചത്. 228 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇന്ന് 19 പേര്‍ രോഗമുക്തരായെന്നും മുഖ്യമന്ത്രി പറഞ്ഞു

1,23,490 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,22,676പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രികളിലും നീരീക്ഷണത്തിലാണ്. ഇന്ന് 201 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14,163 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 12,818 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി. കോവിഡ് രോഗമുക്തരായ ദമ്പതികള്‍ക്ക് കണ്ണൂര്‍ പരിയാരം ആശുപത്രിയില്‍ കുഞ്ഞ് പിറന്നു.

സംസ്ഥാനത്ത് കൊവിഡ് 19 ഭീഷണി തുടരുകയാണ്. ലോക്ഡൗണിന് മുന്‍പത്തെ സ്ഥിതിയിലേക്ക് തിരിച്ചു പോകാന്‍ കഴിയില്ലെന്ന അഭിപ്രായം പ്രധാനമന്ത്രിയെ അറിയിച്ചു. പടിപടിയായി മാത്രമേ ലോക്ഡൗണ്‍ ഒഴിവാക്കാവൂ. സഞ്ചാരം അനിയന്ത്രിതമായാല്‍ രോഗം വ്യാപിക്കും. ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച ജില്ലകളിലെ നിയന്ത്രണം ഏപ്രില്‍ 30വരെ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു

നിയന്ത്രണങ്ങള്‍ തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണം. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് നോണ്‍സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം. പ്രവാസികളെ സഹായിക്കാന്‍ നടപടിയെടുക്കണം. ഹ്രസ്വകാല വിസക്കാരെ തിരികെ എത്തിക്കണം-മുഖ്യമന്ത്രി പറഞ്ഞു

Latest