Connect with us

Editorial

പ്രവാസികള്‍ക്ക് വേണ്ടി സമ്മര്‍ദം തുടരണം

Published

|

Last Updated

കൊവിഡിനെ നിയന്ത്രിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് കേരളം. സംസ്ഥാന ആരോഗ്യ വകുപ്പ് ശക്തമായ ഇടപെടല്‍ നടത്തിയതും ലോക്ക്ഡൗണുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കേരളീയ സമൂഹം ഏറെക്കുറെ പാലിക്കാന്‍ തയ്യാറായതുമാണ് ഈ വിജയത്തിനു പിന്നില്‍. എന്നാല്‍ രോഗം പടര്‍ന്നു പിടിക്കുന്ന വിദേശ രാജ്യങ്ങളിലെ കേരളീയരുടെ അവസ്ഥ പരിതാപകരമാണെന്നാണ് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന യു എ ഇ, സഊദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ വന്‍തോതില്‍ രോഗം പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. സ്വദേശികള്‍ക്കൊപ്പം കേരളീയരുള്‍പ്പെടെ ഇന്ത്യക്കാരുമുണ്ട് രോഗബാധിതരില്‍. എന്നാല്‍ പ്രവാസികള്‍ക്ക് മതിയായ ചികിത്സയോ നിരീക്ഷണത്തില്‍ പാര്‍പ്പിക്കല്‍ തുടങ്ങി പ്രതിരോധ നടപടികളോ ലഭ്യമാകുന്നില്ല.

ഗള്‍ഫ് രാജ്യങ്ങളിലെ ഉയര്‍ന്ന കെട്ടിട വാടക കാരണം ഇടുങ്ങിയ മുറികളില്‍ എട്ടും പത്തും പേരാണ് താമസിച്ചു വരുന്നത്. അഞ്ച് പേര്‍ക്ക് സൗകര്യമുള്ള ഇടങ്ങളിലാണ് പത്ത് പേര്‍ തിങ്ങിത്താമസിക്കുന്നത്. ഇവരിലാര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ മാറ്റിത്താമസിക്കാന്‍ മറ്റിടങ്ങളില്ല. വേറെ ടോയ്‌ലറ്റുമില്ല. രോഗബാധിതരും രോഗമില്ലാത്തവരും ഇടകലര്‍ന്നു താമസിക്കേണ്ട സ്ഥിതിയാണ്. ലേബര്‍ ക്യാമ്പുകളിലെ സ്ഥിതിയും ഭിന്നമല്ല. വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ചിലര്‍ക്ക് രോഗ ലക്ഷണം പ്രത്യക്ഷമാകുകയും ചെയ്തിട്ടുണ്ട്. അത്തരക്കാരുമായി മറ്റുള്ളവര്‍ക്ക് സാമൂഹിക അകലം പാലിക്കാനോ രോഗലക്ഷണമുള്ളവരെ ക്വാറന്റൈനില്‍ താമസിപ്പിക്കാനോ സൗകര്യങ്ങളില്ല. രോഗബാധിതരെ മാറ്റിപ്പാര്‍പ്പിച്ചില്ലെങ്കില്‍ വന്നുഭവിക്കാവുന്ന വന്‍ദുരന്തം കണ്ടറിഞ്ഞു കേരളീയരായ പ്രവാസി സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും അവര്‍ക്കായി പ്രത്യേക റൂമുകള്‍ സജ്ജീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും റൂമുകളും ഫ്ലാറ്റുകളും ലഭ്യമാകാത്ത അവസ്ഥയാണ്. ഹോട്ടല്‍ മുറികളെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്ത് രോഗം ബാധിച്ച സ്വദേശികളെ ഐസൊലേഷനിലാക്കിയിരിക്കുകയാണ്. ഭീതിയിലായ പ്രവാസികള്‍ സ്വന്തക്കാരെയും നാട്ടുകാരെയും കാണാനാകാതെ അവിടെ തന്നെ ജീവിതം അവസാനിപ്പിക്കേണ്ടി വരുമോ എന്ന ഭയാശങ്കയിലാണിപ്പോള്‍.

രോഗം സ്ഥിരീകരിക്കപ്പെട്ട പ്രവാസികള്‍ക്ക് ചികിത്സാ സൗകര്യവും പരിമിതമാണ് ഗള്‍ഫ് നാടുകളിലും അമേരിക്ക പോലുള്ള മറ്റു വിദേശ രാജ്യങ്ങളിലും. യു എ ഇയില്‍ രോഗബാധ സംശയിക്കപ്പെടുന്നവര്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തി സാമ്പിള്‍ പരിശോധനക്ക് നല്‍കണമെന്നാണ് ചട്ടം. 48 മണിക്കൂറുകള്‍ക്ക് ശേഷം ഓണ്‍ലൈനിലാണ് പരിശോധനാ ഫലം വരുന്നത്. ഫലം പോസിറ്റീവാണെങ്കില്‍ കിടക്കകള്‍ ഒഴിവില്ലാത്തതിനാല്‍ 48 മണിക്കൂര്‍ കൂടി കാത്തിരിക്കാനാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് നിര്‍ദേശം വരുന്നത്.

പണമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാം. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാനുള്ള സാമ്പത്തിക ശേഷി പ്രവാസികളില്‍ മിക്കവര്‍ക്കും ഇല്ല. കൊവിഡിനെതിരെ ലോകരാജ്യങ്ങള്‍ ജാഗ്രത പുലര്‍ത്താന്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ എംബസിയോ ലോക കേരള സഭയോ പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്നെങ്കില്‍ വ്യാപനം തടയാമായിരുന്നുവെന്നാണ് പ്രവാസി സംഘടനകള്‍ പറയുന്നത്. 2,300 കേസുകളും 11 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷമാണ് യു എ ഇ 24 മണിക്കൂര്‍ ലോക്ക്ഡൗണിലേക്ക് കടന്നത്. ഇന്ത്യയില്‍ 500 കേസ് ആയപ്പോഴേക്കും രാജ്യവ്യാപക ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നു.

അതിനിടെ ഒമാനില്‍ നിന്നും കുവൈത്തില്‍ നിന്നും ചില നല്ല വാര്‍ത്തകള്‍ വരികയുണ്ടായി കഴിഞ്ഞ ദിവസം. ഒമാനില്‍ സ്ഥിര താമസക്കാരായ എല്ലാ പ്രവാസികളും കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്ന് ആരോഗ്യ മന്ത്രാലയം ഉത്തരവിടുകയും പരിശോധനയും ചികിത്സയും എല്ലാവര്‍ക്കും സൗജന്യമായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ ആര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. നാട്ടില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ വിമാന കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് കുവൈത്തില്‍ നിന്നുള്ള വിവരം. എല്ലാ വിമാന കമ്പനികള്‍ക്കും കുവൈത്തില്‍ നിന്ന് രാജ്യാന്തര സര്‍വീസുകള്‍ നടത്താനാണ് അനുമതി. കൊവിഡ് നിയന്ത്രണം മൂലം കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം.
എന്നാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികളുള്ള സഊദി അറേബ്യയില്‍ നിന്നും യു എ ഇയില്‍ നിന്നും ഇത്തരം നീക്കങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഈ രാജ്യങ്ങള്‍ നമ്മുടെ ഭരണാധികാരികള്‍ ഇടപെട്ടാല്‍ പ്രവാസികള്‍ക്കായി വിമാന സര്‍വീസ് അനുവദിച്ചേക്കാം. ചുരുങ്ങിയ പക്ഷം ചികിത്സക്കും നിരീക്ഷണത്തില്‍ കഴിയാനുമുള്ള സൗകര്യമേര്‍പ്പെടുത്തുകയെങ്കിലും ചെയ്യാതിരിക്കില്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും തിരികെ എത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വ്യോമ മന്ത്രാലയവും നടപടികള്‍ സ്വീകരിക്കുകയും അവരെ ക്വാറന്റൈന്‍ ചെയ്തു വൈദ്യസഹായം ലഭ്യമാക്കുകയും വേണം. ജോലി മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്ന, രോഗലക്ഷണം പ്രകടമായവര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ നിയന്ത്രണത്തില്‍ ക്വാറന്റൈന്‍ സംവിധാനം ഒരുക്കുകയും ആവശ്യമെങ്കില്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ അയക്കുകയും ചെയ്യേണ്ടതുണ്ട്. ക്വാറന്റൈന്‍ ആവശ്യത്തിനു ഇന്ത്യന്‍ സ്‌കൂളുകള്‍ ഉപയോഗപ്പെടുത്തുകയോ സോഷ്യല്‍ വെൽഫെയര്‍ ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങള്‍ വാടകക്കെടുക്കുകയോ ചെയ്യാവുന്നതേയുള്ളൂ.

കൊറോണ മൂലം രോഗബാധിതരായ പ്രവാസികള്‍ മാത്രമല്ല പ്രയാസവും കഷ്ടപ്പാടുകളും നേരിടുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ നിരവധി പ്രവാസികള്‍ക്ക് ജോലിയും ശമ്പളവും ഇല്ലാത്ത സ്ഥിതിയാണ്. പ്രവാസികളായ ചെറുകിട കച്ചവടക്കാരുടെ വരുമാനവും നിലച്ചു. നിത്യ ചെലവിനു പോലും പണമില്ലാത്ത ഇത്തരക്കാര്‍ക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കുകയും സുരക്ഷിത താമസ സൗകര്യം ഒരുക്കുകയും ചെയ്യേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും സമ്മര്‍ദങ്ങള്‍ ഇനിയും തുടരേണ്ടതുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ മറ്റാരേക്കാളും പങ്ക് വഹിച്ചവരാണ് ഗള്‍ഫ് പ്രവാസികളെന്ന കാര്യം ബന്ധപ്പെട്ടവര്‍ മറക്കരുത്.

Latest