Connect with us

Covid19

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു

Published

|

Last Updated

കണ്ണൂര്‍ |  കൊവിഡ് 19 ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി മഹറൂഫ് (71) ആണ് മരിച്ചത്. വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ലഭിച്ചതെന്ന് വ്യക്തമല്ല. ഇയാള്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ, വിദേശത്ത് നിന്ന് വന്നവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്തിട്ടില്ല. മാഹി സ്വദേശിയാണെങ്കിലും ചികിത്സ കേരളത്തിലായതിനാല്‍ സംസ്ഥാനത്തെ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നമാത്തെയാളാണ് ഇദ്ദേഹം.

ഇയാളുടെ കുടുംബാംഗങ്ങളെയെല്ലാം പരിശോധനക്ക് വിധേയമാക്കിയെങ്കിലും ആര്‍ക്കും വൈറസ് ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. 53 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരെയെല്ലാം കേരളത്തിലും മാഹിയിലുമായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മാഹിയുമായി അതിര്‍ത്തി പങ്കിടുന്ന ന്യൂമാഹി, ചൊക്ലി പ്രദേശങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ പോലീസിന്റെ കര്‍ശന സുരക്ഷയും ഏര്‍പ്പെടുത്തി.

 

 

Latest