Connect with us

Covid19

ജയ്ഷ്വ കമാന്‍ഡറുടെ സംസ്‌ക്കാര ചടങ്ങില്‍ കൂട്ടമായി പങ്കെടുത്തു; 12 പേര്‍ അറസ്റ്റില്‍

Published

|

Last Updated

ശ്രീനഗര്‍ | സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജയ്ഷ്വ മുഹമ്മദ് കമാന്‍ഡറുടെ ഖബറടക്ക
ചടങ്ങില്‍ കൂട്ടമായി പങ്കെടുത്തതിന് 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് പൊതു സ്ഥലത്ത് ഒത്തുകൂടിയതിനാണ് നടപടി. ഉത്തര കശ്മീരില്‍ സോപോറിലെ സൈദ്പുര മേഖലയിലാണ് സംഭവം. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സോപോര്‍ പോലീസ് സൂപ്രണ്ട് ജാവേദ് ഇഖ്ബാല്‍ അറിയിച്ചു.

ജയ്ഷ്വ കമാന്‍ഡര്‍ സജ്ജാദ് നവാബ് ദര്‍ (23) ആണ് സോപോറിലെ ഗുലാബാദ് പ്രദേശത്ത് ചൊവ്വാഴ്ചയുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം കുടുംബത്തിനു കൈമാറിയതിനു പിന്നാലെ ആയിരത്തിലധികം പേര്‍ പങ്കെടുത്ത വിലാപയാത്ര നടന്നു. തുടര്‍ന്നാണ് ഖബറടക്ക ചടങ്ങുകള്‍ നടത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ ഇതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം എന്തുകൊണ്ട് ലംഘിക്കപ്പെട്ടു എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നു. ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വക്താവ് അറിയിച്ചു. നിരവധി ഗ്രാമപ്രദേശങ്ങളില്‍ കഴിഞ്ഞ രാത്രി നടത്തിയ റെയ്ഡിലാണ് ഇവരില്‍ ചിലരെ അറസ്റ്റ് ചെയ്തത്.