Connect with us

Covid19

കൊവിഡ്: കേരളത്തില്‍ ഇന്ന് രോഗമുക്തരായത് 27 പേര്‍; പുതിയ ഏഴ് കേസുകള്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്ട് മൂന്നും കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ രണ്ടു വീതവും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് മാത്രം 27 പേര്‍ രോഗമുക്തരായി. രാജ്യത്ത് വൈറസ് പടരുന്നതിനിടെ, കൊവിഡ് കേസുകള്‍ കുറയുന്നത് സംസ്ഥാനത്തെ സംബന്ധിച്ച് വലിയ ആശ്വാസമാണ് പകരുന്നത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ രണ്ട് പേര്‍ കണ്ണൂരിലും മൂന്നു പേര്‍ കാസര്‍കോടും ഉള്ളവരാണ്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും എത്തിയവരാണ്. കോഴിക്കോട്ടെ രണ്ടു പേരുടെയും കാസര്‍കോട് 17 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് ജില്ലയിലുള്ള 17 പേരുടെയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന എട്ടു പേര്‍) കണ്ണൂര്‍ ജില്ലയിലുള്ള ആറു പേരുടെയും കോഴിക്കോട് ജില്ലയിലുള്ള രണ്ടു പേരുടേയും (ഒരാള്‍ കാസര്‍കോട്ടുകാരന്‍), എറണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്.

സംസ്ഥാനത്ത് ആകെ 13,339 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 12,335 ഫലങ്ങള്‍ നെഗറ്റീവ് ആണ്. കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. നിലവില്‍ 1,29,751 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 1,29,021 ഉം പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 126 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.